സി മോയിന്‍കുട്ടിക്കെതിരെ കേസെടുത്തത് ദുരുദ്ദേശപരം- ലീഗ്

Posted on: August 19, 2017 10:16 am | Last updated: August 19, 2017 at 10:16 am
SHARE

മലപ്പുറം: താമരശ്ശേരി പഞ്ചായത്തിലെ കോരങ്ങാട്ട് ലീഗിന്റെ കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്തിയെന്ന പേരില്‍ മുന്‍ എം എല്‍ എ. സി മോയിന്‍കുട്ടിക്കെതിരെ കേസെടുത്തത് ദുരുദ്ദേശ്യപരമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. ഓരോ പാര്‍ട്ടിയുടെയും സ്ഥാപനങ്ങളുടെയും കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നത് സാധാരണമാണ്.
ഈ സ്വാതന്ത്ര്യ ദിനത്തിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിക്കാലില്‍ പതാകയുയര്‍ത്തിയ എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. അതിലൊന്നും കേസെടുക്കാത്ത പോലീസ് മുസ്‌ലിം ലീഗ് നേതാവിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരിക്കുകയാണ്. ഇത് മന:പൂര്‍വ്വം ദേശീയപതാകയെ അപമാനിച്ചതാണെന്ന് എങ്ങനെയാണ് പോലീസിന് പറയാന്‍ സാധിക്കുക. ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ ഈ സ്വാതന്ത്ര്യദിനത്തില്‍ നടന്ന ചടങ്ങില്‍ ദേശീയ പതാകക്ക് മുകളിലായി ബി ജെ പിയുടെ ചിഹ്നമായ താമര കെട്ടിയാണ് സ്റ്റേഷന്‍മാസ്റ്റര്‍ പതാകയുയര്‍ത്തിയത്. ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് കര്‍ണ്ണകി അമ്മന്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാകയുര്‍ത്തിയ സംഭവത്തിലൂടെ സംഘ്പരിവാര്‍ രാജ്യത്തെ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതിനെതിരെ സര്‍ക്കാര്‍ നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിച്ചത്. വിദ്യാലയങ്ങളില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് സംബന്ധിച്ച് പൊതുവായ മാര്‍ഗരേഖ പൊതുവിദ്യഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ജനപ്രതിനിധികള്‍ക്കോ ഹെഡ്മാസ്റ്റര്‍ക്കോ പ്രിന്‍സിപ്പലിനോ പതാക ഉയര്‍ത്താവുന്നതാണ്. ബി ജെ പിക്ക് പതാക ഉയര്‍ത്താന്‍ താത്പര്യമുണ്ടായിരുന്നുവെങ്കില്‍ പാലക്കാട് നഗരസഭയിലെ ചെയര്‍പേഴ്‌സനെക്കൊണ്ടോ ബി ജെ പിയുടെ എം എല്‍ എ. ഒ രാജഗോപാലിനോ അവരുടെതന്നെ എം.പിയാ സുരേഷ്‌ഗോപിയെക്കൊണ്ടോ ചെയ്യിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here