കുക്കിന് ഡബിള്‍; ഇംഗ്ലണ്ടിന് 514

Posted on: August 19, 2017 9:44 am | Last updated: August 19, 2017 at 9:44 am

ബിര്‍മിംഗ്ഹാം: വെസ്റ്റിന്‍ഡീസിനെതിരായ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. ഒന്നാം ഇന്നിംഗ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 514 എന്ന നിലയില്‍ ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിന് എക്കൗണ്ട് തുറക്കുമ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഓപണര്‍ ബ്രാത് വൈറ്റിനെയാണ് വിന്‍ഡീസിന് നഷ്ടമായത്. എട്ട് പന്തുകള്‍ നേരിട്ട ബ്രാത് വൈറ്റ് പൂജ്യത്തിന് മടങ്ങി. ആന്‍ഡേഴ്‌സന്റെ പന്തില്‍ ബെയര്‍‌സ്റ്റോവിന് ക്യാച്ചാവുകയായിരുന്നു. നാല് റണ്‍സുമായി പവലും ഏഴ് റണ്‍സുമായി ഹോപുമാണ് ക്രീസില്‍.

നേരത്തെ ഇംഗ്ലണ്ടിനായി ഓപണര്‍ അലിസ്റ്റര്‍ കുക്ക് ഡബിള്‍ സെഞ്ച്വറി നേടി (243). ക്യാപ്റ്റന്‍ ജോ റൂട്ട് സെഞ്ച്വറി പ്രകടനവുമായി (136) മുന്‍ നായകന് മികച്ച പിന്തുണ നല്‍കി. ഡി ജെ മലാന്‍ (65) ആണ് ഇംഗ്ലണ്ട് നിരയില്‍ അര്‍ധസെഞ്ച്വറി നേടിയ മറ്റൊരു താരം.407 പന്തുകളില്‍ നിന്നാണ് കുക്ക് 243 റണ്‍സടിച്ചത്. ഇതില്‍ 33 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നു.
ചേസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു കുക്ക്. മുന്‍ നിരയില്‍ സ്‌റ്റോണ്‍മാനും വെസ്ലെയും എട്ട് റണ്‍സ് വീതം സ്‌കോര്‍ ചെയ്ത് മടങ്ങി. ജോ റൂട്ടിനെ കെമാര്‍ റോച ക്ലീന്‍ ബൗള്‍ ചെയ്തു.  189 പന്തുകള്‍ കളിച്ച റൂട്ട് 22 ബൗണ്ടറികള്‍ നേടി. ബെന്‍ സ്റ്റോക്‌സ് (10), ബെയര്‍സ്‌റ്റോ (18), എം എം അലി (0), റോലന്‍ഡ് ജോണ്‍സ് (6 നോട്ടൗട്ട്).