കടലിന്റെ മക്കള്‍ക്ക് മര്‍കസിന്റെ കാരുണ്യകൈനീട്ടം

Posted on: August 19, 2017 9:35 am | Last updated: August 19, 2017 at 9:36 am
കോഴിക്കോട് വെള്ളയില്‍ തുറമുഖത്ത് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ഫൈബര്‍ വള്ളം ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരി കൈമാറുന്നു. മര്‍കസ് റൂബി ജൂബിലിയുടെ കാരുണ്യ ക്കൈനീട്ടം പദ്ധതിയുടെ ഭാഗമായാണിത്

കോഴിക്കോട്: മത്സ്യബന്ധന തൊഴിലാളികളായ അരക്കിണര്‍ അരയന്‍വീട്ടില്‍ മുഹമ്മദ് ആദിലും സീമാമുന്റകത്ത് ശാഹുല്‍ ഹമീദും സ്വപ്‌നസാക്ഷാത്കാരത്തിന്റെ നിറവിലാണ്. കുടുംബം പുലര്‍ത്താന്‍ കടലിനെ ആശ്രയിച്ചു കഴിയുന്ന ഇവരിനി സ്വന്തം ഉടമസ്ഥതയിലുള്ള പുത്തന്‍ ഫൈബര്‍ വള്ളത്തിലാണ് മത്സ്യബന്ധനത്തിനിറങ്ങുക.
ട്രോളിംഗ് നിരോധന സമയത്തും മറ്റും തൊഴിലിന് പോകാനാവാതെ കഷ്ടപ്പെടുന്ന മത്സ്യബന്ധന തൊഴിലാളികളുടെ ദുരവസ്ഥ മനസ്സിലാക്കിയ മര്‍കസ് സാരഥികള്‍ സ്ഥാപനത്തിന്റെ റൂബി ജൂബിലിയുടെ ഭാഗമായി ഇവര്‍ക്ക് ലഭിച്ച അല്‍ മദീന എന്ന ഫൈബര്‍ വള്ളം കഴിഞ്ഞ ദിവസം നീറ്റിലിറക്കി. ആറ് പേര്‍ക്ക് തൊഴിലെടുക്കാവുന്ന യന്ത്രവല്‍കൃത വള്ളത്തിന് വലയടക്കം ഓരോന്നിനും രണ്ട് ലക്ഷത്തിലധികം രൂപ ചെലവ് വരും. റൂബി ജൂബിലിയുടെ ഭാഗമായി മര്‍കസ് 40 മത്സ്യബന്ധന വള്ളങ്ങളാണ് വിതരണം ചെയ്യുന്നത്.

ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ പരേതനായ ഹമീദിന്റെ മകന്‍ തെക്കേകത്ത് ഫഹദിനും കുടുംബത്തിനുമാണ് മറ്റൊരു ഫൈബര്‍ വള്ളം കൈമാറിയത്. കൂടാതെ കോഴിക്കോട് തെക്കേ കടപ്പുറം മരക്കാംകടവ് മുജീബ്, ഖമറുദ്ദീന്‍, കൊയിലാണ്ടി സ്വദേശികളായ കൊല്ലം ചെറിയകളത്തില്‍ ഹമീദ്, പാണ്ടികശാല വളപ്പില്‍ ഹാശിം എന്നിവര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി കഴിഞ്ഞ ദിവസം നടന്ന വ്യത്യസ്ത ചടങ്ങുകളില്‍ യന്ത്രവത്കൃത വള്ളങ്ങളും വലകളും കൈമാറി.
കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, മര്‍കസ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ആര്‍ സി എഫ് ഐ റീജ്യനല്‍ മാനേജര്‍ റശീദ് പുന്നശ്ശേരി, അമീര്‍ ഹസന്‍, ഉനൈസ് മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
നാല്‍പ്പത് വള്ളങ്ങളിലായി 240 കുടുംബങ്ങള്‍ക്ക് ജീവിതോപാധി ലഭ്യമാക്കുന്ന ഈ പദ്ധതി എന്തുകൊണ്ടും മാതൃകാപരമാണെന്നും ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ പിന്തുണയും ഉണ്ടാകുമെന്നും മേയര്‍ പറഞ്ഞു.
കൊയിലാണ്ടിയില്‍ നടന്ന ചടങ്ങില്‍ സ്ഥലം എം എല്‍ എ എം ദാസന്‍ മൂന്ന് ഫൈബര്‍ വള്ളങ്ങളുടെ വിതരണം നിര്‍വഹിച്ചു. കുറ്റിവലക്കാരില്‍ നിന്ന് കടമെടുത്ത് ജീവിക്കുന്ന കടലിന്റെ മക്കള്‍ക്ക് ഇത്തരം കാരുണ്യപദ്ധതികള്‍ ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു.