ബീഹാറില്‍ ഗോരക്ഷാ ഗുണ്ടകള്‍ മുസ്‌ലിം യുവാക്കളെ തല്ലിച്ചതച്ചു; കേസെടുത്തത് ഇരകള്‍ക്കെതിരെ

Posted on: August 19, 2017 9:14 am | Last updated: August 19, 2017 at 12:23 pm
SHARE

പാറ്റ്‌ന: ബീഹാറില്‍ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം വര്‍ധിക്കുന്നു. വെസ്റ്റ് ചംബാരന്‍ ജില്ലയിലെ ദുംറയില്‍ ഏഴ് മുസ്‌ലിം യുവാക്കളെ ഗോരക്ഷാ ഗുണ്ടകള്‍ വളഞ്ഞിട്ട് ആക്രമിച്ചു. ബീഫ് കഴിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദനം. വ്യാഴാഴ്ചയാണ് സംഭവം. മുഹമ്മദ് ശഹാബുദ്ദീന്‍ എന്ന ഗ്രാമീണന്‍ പശുവിനെ കൊന്നുവെന്നും കുടുംബാംഗങ്ങളോടൊപ്പം കഴിക്കുന്നുവെന്നും ആരോപിച്ച് ഒരു സംഘം വീട് വളയുകയായിരുന്നു. ഭാരത് മാതാ കി ജയ് വിളിച്ചെത്തിയ സംഘം കുടുംബത്തിലെ പുരുഷന്‍മാരെ ദണ്ഡ് ഉപയോഗിച്ച് തല്ലിച്ചതച്ചു. ശഹാബുദ്ദീനെ മുറിയില്‍ പൂട്ടിയിട്ടാണ് മര്‍ദിച്ചത്. വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അടക്കം അമ്പതോളം പേരാണ് ആക്രമണം നടത്തിയത്.
പോലീസെത്തിയപ്പോള്‍ അക്രമി സംഘം രൂക്ഷമായ കല്ലേറ് തുടങ്ങി. പശുവിനെ കൊന്ന മുസ്‌ലിംകള്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്ന് ആള്‍ക്കൂട്ടം ആക്രോശിച്ചതോടെ മര്‍ദനമേറ്റ് അവശരായവരെ പോലീസ് വാഹനത്തില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു. അക്രമികള്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം മര്‍ദനമേറ്റവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തതെന്ന് സാമൂഹിക പ്രവര്‍ത്തകനായ കുദൂസ് ഖുറൈശി പറഞ്ഞു.

നസറുദ്ദീന്‍ മിയാന്‍, മുസ്തഫ മിയാന്‍, ജഹാംഗീര്‍ മിയാന്‍, അസ്‌ലം മിയാന്‍, ബബ്‌ലു മിയാന്‍, റിസ്‌വാന്‍ മിയാന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നാല് പേര്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. ഭൂരിപക്ഷ സമുദായത്തിന്റെ വികാരം ബോധപൂര്‍വം വ്രണപ്പെടുത്തിയതിന് ഏഴ് പേരെ അറസ്റ്റ് ചെയ്തതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജേഷ് ഝാ പറഞ്ഞു. മര്‍ദിച്ച സംഭവത്തില്‍ പരാതിയില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നപ്പോള്‍ ഇത്തരം ആക്രമണങ്ങള്‍ ബീഹാറില്‍ വളരെ കുറവായിരുന്നു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകുന്നത് കൊണ്ടായിരുന്നു അത്. എന്നാല്‍ ബി ജെ പിക്ക് ഭരണത്തില്‍ പങ്കാളിത്തം വന്നതോടെ അക്രമികള്‍ക്ക് പകരം ഇരകള്‍ക്കെതിരെ കേസെടുക്കുന്ന സ്ഥിതിയില്‍ കാര്യങ്ങളെത്തിയെന്നാണ് വെസ്റ്റ് ചംബാരന്‍ സംഭവം തെളിയിക്കുന്നത്. ആഗസ്റ്റ് മൂന്നിന് ഭോജ്പൂര്‍ ജില്ലയില്‍ മൂന്ന് മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു.