Connect with us

National

ബെയ്യപ്പനഹള്ളി- വൈറ്റ് ഫീല്‍ഡ് ഡെമു സര്‍വീസ് ഫഌഗ് ഓഫ് ചെയ്തു

Published

|

Last Updated

ബെംഗളൂരു: ബെയ്യപ്പനഹള്ളിയെയും വൈറ്റ്ഫീല്‍ഡിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഡെമു സര്‍വീസ് കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഉദ്ഘാടനം ചെയ്തത്.
കേന്ദ്രമന്ത്രിമാരായ ഡി വി സദാനന്ദഗൗഡ, അനന്ത്കുമാര്‍, രമേഷ് ജിഗജിനഗി, നിര്‍മല സീതാരാമന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ബെംഗളൂരു വികസന മന്ത്രി കെ ജെ ജോര്‍ജ്, പി സി മോഹന്‍ എം പി, ബി ബി എം പി മേയര്‍ ജി പത്മാവതി എന്നിവര്‍ ചേര്‍ന്ന് ബെയ്യപ്പനഹള്ളി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ ഫഌഗ് ചെയ്തു.
എം പിമാരായ രാജീവ് ചന്ദ്രശേഖര്‍ എം പി, കെ റഹ്മാന്‍ഖാന്‍, രംഗസായി രാമകൃഷ്ണ, ബി കെ ഹരിപ്രസാദ്, പ്രൊഫ. എം വി രാജീവ് ഗൗഡ, കെ സി രാമമൂര്‍ത്തി, ഡി കുപേന്ദ്ര റെഡ്ഡി, എം എല്‍ എമാരായ ബി എ ബസവരാജ്, അരവിന്ദ്‌ലിംബാവലി, എസ് രഘു തുടങ്ങിയവര്‍ സംബന്ധിച്ചു.
ഐ ടി ഹബ്ബായ വൈറ്റ് ഫീല്‍ഡിലേക്കുള്ള പുതിയ ഡെമു സര്‍വീസ് ഐ ടി ജീവനക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ക്കും സഹായകരമാവും. ബെയ്യപ്പനഹള്ളി റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്ന് തന്നെ നമ്മ മെട്രോ സ്റ്റേഷനുള്ളതിനാല്‍ നഗരത്തിന്റെ നാല് ദിക്കില്‍ നിന്നുള്ളവര്‍ക്കും റോഡിലെ വന്‍ഗതാഗതക്കുരുക്കില്‍ പെടാതെ ഡെമു ട്രെയിനില്‍ വൈറ്റ്ഫീല്‍ഡിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ സാധിക്കും.
ബെംഗളൂരുവിനെയും സമീപ നഗരങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള നൂറോളം ഹ്രസ്വദൂര ട്രെയിന്‍ സര്‍വീസുകള്‍ നിലവിലുണ്ടെന്ന് ദക്ഷിണ പശ്ചിമ റെയില്‍വെ ജനറല്‍ മാനേജര്‍ എ കെ ഗുപ്ത അറിയിച്ചു.
ബെംഗളൂരുവിലെ യാത്രദുരിതം മനസിലാക്കിയാണ് ഈ സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഹൊസൂര്‍, മാരിക്കുപ്പം, ബെംഗാര്‍പേട്ട്, കുപ്പം, കോലാര്‍, തിരുപ്പതി, ചാമരാജ്‌നഗര്‍, വിജയവാഡ, ചന്നപട്ടണ, സേലം, ചിക്കമംഗളൂരു തുടങ്ങിയ നഗരങ്ങളെയും ബെംഗളൂരു കന്റോണ്‍മെന്റ്, വൈറ്റ് ഫീല്‍ഡ്, യശ്വന്ത്പുര, ബാനസവാടി, ദേവനഹള്ളി സ്റ്റേഷനുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള സര്‍വീസുകളാണിവ.

Latest