ബംഗാള്‍ ചൂണ്ടുന്നത്

Posted on: August 19, 2017 7:57 am | Last updated: August 19, 2017 at 12:00 am

ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് കൂടുതല്‍ കരുത്ത് നേടുകയും സി പി എം തകര്‍ച്ച ഏതാണ്ട് പൂര്‍ണമാവുകുയും ചെയ്തുവെന്നാണ് അടുത്തു നടന്ന തിരഞ്ഞടുപ്പുകളെല്ലാം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ഏഴ് മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്ക് കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ എല്ലായിടത്തും തൃണമൂല്‍അധികാരം പിടിച്ചെടുത്തുവെന്നു മാത്രമല്ല രണ്ടിടത്ത് സീറ്റുകളെല്ലാം അവര്‍ തൂത്തുവാരി. ഇടതു കോട്ടയായിരുന്ന ഹാല്‍ഡിയാണ് തൃണമൂല്‍ പൂര്‍ണാധിപത്യം നേടിയ കോര്‍പറേഷനുകളിലൊന്ന്. സി പി എമ്മിന്റെ സമ്പൂര്‍ണാധിപത്യത്തിലായിരുന്ന മറ്റു പല മണ്ഡലങ്ങളും അവര്‍ പിടിച്ചെടുത്തിട്ടുണ്ട്. മൊത്തം 148 സീറ്റുകളില്‍ 140 ലും തൃണമൂലിനാണ് വിജയം. ആറ് സീറ്റ് നേടിയ ബി ജെ പിയാണ് രണ്ടാം സ്ഥാനത്തെങ്കിലും വോട്ട് നിലവാരത്തില്‍ തൃണമൂലുമായി അവര്‍ ബഹുദൂരം പിന്നിലാണ്. ഇടതുമുന്നണിയിലെ സഖ്യകക്ഷിയായ ഫോര്‍വേര്‍ഡ് ബ്ലോക്ക് ഒരു സീറ്റ് നേടിയപ്പോള്‍ സി പി എമ്മിനും കോണ്‍ഗ്രസിനും ഒറ്റ സീറ്റു പോലും നേടാനായില്ല. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ തുടര്‍ച്ചയായ വിജയമാണ് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേടുന്നത്. നാല് മാസം മുമ്പ് ഏഴ് മുനിസിപ്പാലിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാലെണ്ണത്തിലും തൃണമൂലിനായിരുന്നു വിജയം.

ഏപ്രിലില്‍ കാന്തി സൗത്ത് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പി രണ്ടാം സ്ഥാനത്തെത്തുകയും 32 ശതമാനം വോട്ടുകള്‍ നേടുകയും ചെയ്തപ്പോള്‍, ബംഗാളില്‍ മമതക്ക് വെല്ലുവിളിയായി ബി ജെ പി വളര്‍ന്നു കൊണ്ടിരിക്കുന്നതായി ബി ജെ പി നേതൃത്വവും ചില ദേശീയ മാധ്യമങ്ങളും അവകാശപ്പെട്ടിരുന്നു. കാവികുതിപ്പിന്റെ ആരംഭമെന്നായിരുന്നു ആ തിരഞ്ഞെടുപ്പ് ഫലത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലീഫ്‌ഘോഷ് വിശേഷിപ്പിച്ചത്. ഈ അവകാശവാദത്തെ നിരാകരിക്കുന്നതാണ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ തിരഞ്ഞെടുപ്പ് ഫലം. 148 ല്‍ ആറ് വാര്‍ഡുകളില്‍ മാത്രം ജയിച്ചു കയറിയ പാര്‍ട്ടി വോട്ടു നിലയിലും വളരെ പിന്നിലാണ്. ബംഗാളില്‍ നില മെച്ചപ്പെടുത്തുന്നതിനായി പാര്‍ട്ടി ദേശീയ നേതാക്കള്‍ ഇടക്കിടെ ബംഗാള്‍ സന്ദര്‍ശിക്കുകയും ആര്‍ എസ് എസിന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. സ്വാമി വിവേകാനന്ദന്‍, ബങ്കിം ചന്ദ്ര ചാറ്റര്‍ജി തുടങ്ങി തങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന മാതൃകാ പുരുഷന്മാരുടെ ദേശമെന്ന നിലയില്‍ എന്തു വില കൊടുത്തും ഇവിടെ കരുത്താര്‍ജിക്കണമെന്ന തീരുമാനത്തിലാണ് ബി ജെ പിയും ആര്‍ എസ് എസുമെങ്കിലും സി പി എമ്മിന്റെ തകര്‍ച്ചയിലും ഇവിടെ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ല.
നീണ്ട 34 വര്‍ഷം തുടര്‍ച്ചയായി പശ്ചിമ ബംഗാള്‍ ഭരിച്ച സി പി എമ്മിന് ഇത്തവണ ഒറ്റ സീറ്റ് പോലും നേടാനായില്ലെന്നത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. സിംഗൂര്‍, നന്ദിഗ്രാം സംഭവങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് സി പി എമ്മിന്റെയും ഇടതുമുന്നണിയുടെയും പതനം തുടങ്ങിയത്. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടമായി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നണി 42ല്‍ വെറും രണ്ട് സീറ്റ് മാത്രമാണ് നേടിയത്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും 28 സീറ്റ് മാത്രം നേടി ഇടതു മുന്നണി കോണ്‍ഗ്രസിന് പിറകില്‍ മൂന്നാം സ്ഥാനത്തായിരുന്നു. ആഗോളീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ബദല്‍ വികസന മാതൃക രൂപപ്പെടുത്തുന്നതിന് പകരം ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെയും കേന്ദ്ര സര്‍ക്കാറിന്റെയും സമ്മര്‍ദത്തിന് വഴിപ്പെട്ടതാണ് സിംഗൂര്‍, നന്ദിഗ്രാം സംഭവങ്ങളുടെ അടിസ്ഥാന കാരണം. സ്വകാര്യ, കോര്‍പറേറ്റ് സംരംഭങ്ങള്‍ക്കും, സ്വതന്ത്ര വ്യാപാര മേഖലകള്‍ക്കുമായി ബലപ്രയോഗത്തിലൂടെ കൃഷിഭൂമി ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ സി പി എമ്മിന്റെ അടിത്തറയായിരുന്ന പാവപ്പെട്ടവരെയും അദ്ധ്വാന വര്‍ഗത്തെയും പാര്‍ട്ടിയുമായി അകറ്റി.

സി പി എമ്മിന്റെയും കോണ്‍ഗ്രസിന്റെയും തകര്‍ച്ചയാണ് തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നേറാന്‍ അവസരം ഒരുക്കിയത്. 2011 ല്‍ പാര്‍ട്ടി അധികാരത്തിലേറിയപ്പോള്‍ ഉദ്യോഗസ്ഥ, ഭരണ നിര്‍വഹണ തലത്തില്‍ ഉണ്ടായ മാറ്റങ്ങളും ഇടതുഭരണത്തില്‍ തളര്‍ന്നുകിടന്ന പൊതുസേവന സംവിധാനങ്ങളില്‍ വന്ന ഉണര്‍വും മമതയുടെ ജനപിന്തുണ പിന്നെയും വര്‍ധിപ്പിച്ചു. ബംഗാളില്‍ സി പി എമ്മിനോടും കോണ്‍ഗ്രസിനോടും ബി ജെ പിയോടും ഒരുപോലെ രാഷ്ട്രീയ ശത്രുത പുലര്‍ത്തുന്ന മമതാബാനര്‍ജി അടുത്തിടെയായി ബി ജെ പിയുമായി തുറന്ന ഏറ്റുമുട്ടലിലാണ്. ബി ജെ പിയുടെ ബീഫ് രാഷ്ട്രീയത്തോട് അവര്‍ക്ക് കടുത്ത വിയോജിപ്പാണ്. ഫേസ് ബുക്കില്‍ ഒരു വിദ്യാര്‍ഥി പ്രവാചകന്റേതെന്ന പേരില്‍ മോശമായ ഫോട്ടോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷത്തിലും ഹിന്ദുത്വ ഫാസിസത്തിനെതിരെ കടുത്ത നിലപാടാണ് മമത സ്വീകരിച്ചത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ സ്‌കൂളുകളിലെ ആഘോഷങ്ങളില്‍ ചില പ്രത്യേക പരിപാടികള്‍ ഉള്‍ക്കൊള്ളിക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശവും അവര്‍ നിരാകരിച്ചു. ബി ജെ പി പഠിപ്പിക്കുന്ന രാജ്യസ്‌നേഹം തങ്ങള്‍ക്കാവശ്യമില്ലെന്നും എല്ലാ വര്‍ഷവും ആഘോഷിക്കുന്ന രീതിയില്‍ മാത്രമേ ഇത്തവണയും സ്വാതന്ത്ര്യം ആഘോഷിക്കുകയുള്ളൂവെന്നുമായിരുന്നു കേന്ദ്ര നിര്‍ദേശത്തോടുള്ള മമതയുടെ പ്രതികരണം. ഈ ഏറ്റുമുട്ടലിനിടയില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ തകര്‍പ്പന്‍ വിജയം ബി ജെ പിക്കെതിരെ മമത കൈക്കൊണ്ട നിലപാടുകള്‍ക്കുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.