ദേശീയ മീഡിയയെ തിരുത്താന്‍ എത്ര മലയാള മാധ്യമങ്ങളുണ്ടാകും?

കേരളത്തില്‍ എന്തുകൊണ്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നില്ലെന്നാണ് ബി ജെ പി സര്‍ക്കാറിനോട് ഹിന്ദു മഹാസഭാ ജനറല്‍ സെക്രട്ടറി ഇന്ദിരാ തിവാരി ഏറ്റവും ഒടുവിലായി ചോദിച്ചത്. കേരളത്തിലെ ലവ് ജിഹാദിനെക്കുറിച്ച് റിപ്പബ്ലിക് ചാനല്‍ നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു തിവാരിയുടെ വിദ്വേഷ പരാമര്‍ശം. ഹാദിയയുടെ വീട്ടില്‍ കടന്നുകയറി രാഹുല്‍ ഈശ്വര്‍ പകര്‍ത്തിയ ദൃശ്യങ്ങളായിരുന്നു ചര്‍ച്ചക്കായി അര്‍ണബ് ഗോസ്വാമി ഉപയോഗിച്ചത്. റിപ്പബ്ലിക് ചാനലിലിരുന്ന് അര്‍ണബ് തുടങ്ങിവെച്ച കേരളവിരുദ്ധ തരംഗം ടൈംസ് നൗ ചാനല്‍ ഉള്‍പ്പെടെ മറ്റു ചാനലുകളും ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളും അതേപടി പിന്തുടര്‍ന്നു. ഇങ്ങനെ കേരളത്തെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്ന ദേശീയ മാധ്യമങ്ങളുടെ നീക്കങ്ങളെക്കുറിച്ച് മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇപ്പോഴും മൗനം തുടരുന്നതും അശ്രദ്ധ കാണിക്കുന്നതും എന്തുകൊണ്ടാകാം?
Posted on: August 19, 2017 7:51 am | Last updated: August 18, 2017 at 11:56 pm
SHARE

ഡല്‍ഹിയില്‍ ജേണലിസം പഠിക്കുന്ന കാലത്ത് ഞങ്ങളുടെ ക്ലാസില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥി ഞാന്‍ മാത്രമായിരുന്നു. ആ വിശേഷണം വലിയൊരു സൗകര്യമായിരുന്നു. എല്ലാ അധ്യാപകരും കേരളത്തിന്റെ മാധ്യമസാക്ഷരതയും വിദ്യാഭ്യാസ മുന്നേറ്റവും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും എണ്ണിപ്പറഞ്ഞ് സംസാരിക്കുമായിരുന്നു. അതുകൊണ്ട് മിക്ക ചര്‍ച്ചകളിലും നേട്ടങ്ങളുടെയും വികസനങ്ങളുടെയും പ്രതീകമായിരുന്നു കേരളം. കേരളവിരുദ്ധ വാര്‍ത്തകളുടെയും വ്യാജ ആരോപണങ്ങളുടെയും സാന്നിധ്യം ദേശീയ മാധ്യമങ്ങളില്‍ അസാധാരണാംവിധം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ഓര്‍ത്തുപോയത്. ഞങ്ങള്‍ക്ക് ഡോക്യുമെന്ററി ക്ലാസെടുത്തിരുന്നത് ബി ബി സിയിലൊക്കെ ഉണ്ടായിരുന്ന റിച്ച പന്ദ് ആയിരുന്നു. കേരളത്തെ വളരെ മോശമായി ചിത്രീകരിക്കാനും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ തലസ്ഥാനമാക്കാനുമുള്ള ദേശീയമാധ്യമങ്ങളുടെ അജന്‍ഡകളെക്കുറിച്ച് കഴിഞ്ഞ ദിവസം അവരോട് സംസാരിച്ചു. ജേര്‍ണലിസം വിദ്യാര്‍ഥികളോട് കേരളത്തെക്കുറിച്ച് പറയാന്‍ ഇപ്പോഴും ധൈര്യമുണ്ടോ എന്ന് കൗതുകത്തോടെ ചോദിച്ചപ്പോള്‍, റിച്ച പന്ദ് പറഞ്ഞ മറുപടി ഇതായിരുന്നു: ദേശീയമാധ്യമങ്ങളുടെ ഇത്തരം ശ്രമങ്ങളെ നേരിടാന്‍ കേരളത്തിലെ എത്ര മാധ്യമങ്ങള്‍ തയ്യാറാകും?”

അതൊരു നിര്‍ണായകമായ ചോദ്യമായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെയും സംഘ്പരിവാര്‍ സംഘടനകളുടെയും കൊള്ളരുതായ്മകളും മനുഷ്യാവകാശ ലംഘനങ്ങളും തുറന്നുകാട്ടാന്‍ ധൈര്യപ്പെടുന്ന മാധ്യമങ്ങളുടെ എണ്ണം കുറഞ്ഞുവരുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രസക്തമായ ചോദ്യം. നമ്മുടെ കേരളം എന്ന ഹാഷ്ടാഗില്‍ മലയാളികള്‍ നടത്തിയ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ചില ഓളങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍, കേരളത്തെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്ന ദേശീയ മാധ്യമങ്ങളുടെ നീക്കങ്ങളെക്കുറിച്ച് മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇപ്പോഴും മൗനം തുടരുന്നതും അശ്രദ്ധ കാണിക്കുന്നതും എന്തുകൊണ്ടാകാം?

2017 മെയ് 6ന് പ്രക്ഷേപണം ആരംഭിച്ച റിപ്പബ്ലിക് ചാനലാണ് കേരളത്തിനെതിരെയുള്ള ദേശീയ മാധ്യമനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവതിനെ ദേശീയ പതാക ഉയര്‍ത്താന്‍ സമ്മതിച്ചില്ല, ദേശീയ പതാക ഉയര്‍ത്തല്‍: ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവതിനെ കേരളം തടഞ്ഞു’- ‘കേരളം ദേശവിരുദ്ധ കേന്ദ്രമാകുന്നു… ഇങ്ങനെയാണ് കഴിഞ്ഞ ദിവസം റിപ്പബ്ലിക് ചാനല്‍ പുറത്തുവിട്ട പ്രൈം ടൈം വാര്‍ത്തയിലെ പ്രധാന തലക്കെട്ടുകള്‍. ഒപ്പം, ദേശവിരുദ്ധ പ്രവണതകള്‍ക്ക് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് എന്തുകൊണ്ടാണ് ചര്‍ച്ചയാവാത്തതെന്നും അതറിയാന്‍ രാജ്യത്തിന് താത്പര്യമുണ്ടെന്നും റിപ്പബ്ലിക് ചാനലിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയായ അര്‍ണബ് ഗോസ്വാമി അലറി വിളിക്കുന്നതും കാണാമായിരുന്നു. പാലക്കാട് ജില്ലയിലാണ് സംഭവം. പ്രോട്ടോകോള്‍ പ്രകാരം സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ അനുവാദമുള്ളത് സ്‌കൂള്‍ അധികൃതര്‍ക്കോ ജന പ്രതിനിധികള്‍ക്കോ മാത്രമാണെന്ന് ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി നല്‍കിയ ഉത്തരവാണ് ദേശീയ ചാനലിലെ ഭീകരകേന്ദ്ര വാര്‍ത്തയുടെ ആധാരം. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് ഭാഗവത് പതാക ഉയര്‍ത്തിയെങ്കിലും അത് റിപ്പോര്‍ട്ട് ചെയ്ത റിപ്പബ്ലിക് വാര്‍ത്തയിലുടനീളം കേരളത്തെ ദേശവിരുദ്ധ ചേരിയില്‍ നിലനിര്‍ത്താന്‍ പരമാവധി ശ്രമിക്കുകയാണുണ്ടായത്.
ദൈവത്തിന്റെ സ്വന്തം നാടായ കേരളം കൊലപാതകത്തിന്റെയും ഭീകരതയുടെയും നാടായി മാറിയെന്ന് ബി ജെ പി എം പി മീനാക്ഷി ലേഖി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അഭിപ്രായപ്പെട്ടപ്പോള്‍ മിക്ക ഹിന്ദി, ഇംഗ്ലീഷ് ചാനലുകളിലും പത്രങ്ങളിലും അതൊരു സുപ്രധാന ദേശീയ വാര്‍ത്തയായിരുന്നു. ആര്‍ എസ് എസ് ജോയിന്റ് സെക്രട്ടറി ദത്തത്രേയ ഹോസബലെ അല്‍പം കൂടി കടന്ന്, രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്ന കേരളത്തില്‍ രാഷ്ട്രപതിഭരണം നടപ്പിലാക്കണമെന്ന് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചു പറയുകയും ചെയ്തു. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രാജേഷ് തിരുവനന്തപുരത്ത് കൊല്ലപ്പെട്ടപ്പോള്‍, കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മരണവീട് സന്ദര്‍ശിക്കാന്‍ ഓടിയെത്തിയപ്പോഴേക്കും ദേശീയ മാധ്യമങ്ങളില്‍ കലാപകലുഷിത കേരളം പടര്‍ന്നുപന്തലിച്ചു കഴിഞ്ഞിരുന്നു. 2017-ല്‍ മാത്രം പതിനേഴ് ആര്‍ എസ് എസ്സുകാര്‍ കേരളത്തില്‍ കൊല്ലപ്പെട്ടെന്നും സര്‍ക്കാര്‍ പിരിച്ചുവിട്ട്, രാഷ്ട്രപതിഭരണം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ദേശീയ ചാനലുകളിലെ പ്രൈംടൈം വാര്‍ത്തകളില്‍ രാഷ്ട്രീയ നിരീക്ഷകര്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തി. ഒപ്പം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബി ജെ പി ജനപ്രതിനിധികളുടെ കേരളവിരുദ്ധ പ്രസ്താവനകള്‍ കവറേജിന് ആക്കം കൂട്ടുകയും ചെയ്തു. കേരളത്തില്‍ രാഷ്ട്രപതിഭരണം നടപ്പിലാക്കണമെന്ന ഹൊസബലിന്റെ പ്രസ്താവന റിപ്പബ്ലിക്, ടൈംസ് നൗ, ഇന്ത്യാ ടുഡേ എന്നിവ റിപ്പോര്‍ട്ട് ചെയ്തത് കണ്ടാല്‍ തോന്നുക, കേരളം കശ്മീര്‍ സമാനമായി പൊട്ടിത്തെറിക്കാന്‍ കാത്തിരിക്കുകയാണെന്നാണ്. ഹിന്ദി വാര്‍ത്തകള്‍ മാത്രം ശ്രദ്ധിക്കുന്ന ഒരാള്‍ കേരളത്തില്‍ സി പി എം നേതൃത്വത്തിലുള്ള ഭരണകൂടം ആര്‍ എസ് എസ്സിനെ നിരോധിച്ചു എന്ന് വിശ്വസിച്ചാല്‍ പോലും അയാളെ കുറ്റം പറയാനാകില്ല. അത്രമേല്‍ സെന്‍സേഷണലായാണ് ദേശീയതലത്തില്‍ കേരളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. റിപ്പബ്ലിക് ചാനലിലിരുന്ന് അര്‍ണബ് ഗോസ്വാമി തുടങ്ങിവെച്ച കേരളവിരുദ്ധ തരംഗം ടൈംസ് നൗ ചാനല്‍ ഉള്‍പ്പെടെയുള്ള മറ്റു വാര്‍ത്താചാനലുകളും ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളും അതേപടി പിന്തുടര്‍ന്നു എന്നത്് മാധ്യമരംഗത്ത് സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയനിയന്ത്രണങ്ങളും നിക്ഷേപങ്ങളും നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന കാര്യമാണ്. ഈയാഴ്ച മിക്കവാറും കേരളം രാഷ്ട്രപതി ഭരണത്തിനു കീഴിലാകും എന്ന രീതിയിലാണ് ടൈംസ് നൗ ചാനല്‍ റിപ്പോര്‍ട്ടുകള്‍ വന്നത്.
കേരളത്തില്‍ എന്തുകൊണ്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നില്ലെന്ന് ബി ജെ പി സര്‍ക്കാരിനോട് ഹിന്ദു മഹാസഭാ ജനറല്‍ സെക്രട്ടറി ഇന്ദിരാ തിവാരി ചോദിച്ചതാണ് ഏറ്റവും ഒടുവിലായി വന്ന വാര്‍ത്ത. കേരളത്തിലെ ലവ് ജിഹാദിനെക്കുറിച്ച് ലവ് ജിഹാദ് ടേപ്‌സ് എന്ന പേരില്‍ റിപ്പബ്ലിക് ചാനല്‍ നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു ഇന്ദിരാ തിവാരിയുടെ വിദ്വേഷ പരാമര്‍ശം. ഹാദിയയുടെ വീട്ടില്‍ കടന്നുകയറി രാഹുല്‍ ഈശ്വര്‍ പകര്‍ത്തിയ ദൃശ്യങ്ങളായിരുന്നു ചാനല്‍ ചര്‍ച്ചക്കായി അര്‍ണബ് ഗോസ്വാമി ഉപയോഗിച്ചത്. രാഹുല്‍ ഈശ്വറിന്റെ ദൃശ്യങ്ങള്‍ കാണിച്ച് ലവ് ജിഹാദ് ഒരു യാഥാര്‍ഥ്യമാണെന്നും ഏറ്റവും കൂടുതല്‍ സാക്ഷരതയുണ്ടെന്ന് അഹങ്കരിക്കുന്ന കേരളത്തില്‍ ഇത് നടക്കുന്നതായും ആരോപിക്കുന്ന റിപ്പോര്‍ട്ട് ചര്‍ച്ചക്ക് മുമ്പ് ചാനലില്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്ന സ്ഥലം, രാഷ്ട്രീയ അരാജകത്വം നിലനില്‍ക്കുന്ന സംസ്ഥാനം, ക്രമസമാധാനം ആകെ തകിടം മറഞ്ഞിരിക്കുന്ന കേരളം, ജനങ്ങള്‍ മുഴുവന്‍ എതിര്‍ക്കുന്ന സര്‍ക്കാര്‍ ഭരിക്കുന്ന ഒരേയൊരു സംസ്ഥാനം, ഭീകരപ്രവര്‍ത്തനങ്ങളുടെ കേന്ദ്രം, ലൗജിഹാദിലൂടെ നിരവധി പേര്‍ മതം മാറുന്നയിടം, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം തുടങ്ങി ഈയാഴ്ച ദേശീയ മാധ്യമങ്ങള്‍ കേരളത്തിന് നല്‍കിയ വിശേഷണങ്ങള്‍ നിരവധിയാണ്. ദേശീയ രഹസ്യാന്വേഷണ ഏജന്‍സി, ബി ജെ പി ഭരണം നിലവിലുള്ള സംസ്ഥാനങ്ങളിലെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍, ദേശീയ ക്രൈം ബ്യൂറോ തുടങ്ങിയവയുടെ പേരില്‍ വാര്‍ത്താചാനല്‍ മുറികളില്‍ രൂപപ്പെടുന്ന ഡാറ്റകളും വിവരങ്ങളുമാണ് മിക്ക കേരളവിരുദ്ധ വാര്‍ത്തകളുടെയും പ്രധാന ഉറവിടം. ഭൂരിപക്ഷം വാര്‍ത്തകളും വ്യാജമായിരുന്നു. പലതും ചെറിയ വസ്തുതകള്‍ക്കുമേല്‍ കെട്ടിപ്പടുത്ത‘ഭീമന്‍ നുണകളായിരുന്നു.
ആജ്തക്, സീന്യൂസ് തുടങ്ങിയ ഹിന്ദി ചാനലുകളില്‍ എന്തുകൊണ്ടാണ് കേരളത്തില്‍ ഇത്രമാത്രം ഹിന്ദുക്കള്‍ കൊല്ലപ്പെടുന്നതെന്ന അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പോലും സംപ്രേഷണം ചെയ്യുകയുണ്ടായി. ദേശീയരംഗത്ത് ശ്രദ്ധേയമായ പത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയവയും കേരളത്തില്‍ എന്തോ അരുതാത്തത് സംഭവിക്കുന്നുണ്ടെന്ന രീതിയില്‍ തന്നെയാണ് മിക്ക റിപ്പോര്‍ട്ടുകളും കവര്‍ ചെയ്തത്. ഈ പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മീഡിയ ആര്‍ എസ് എസ് നഷ്ടങ്ങള്‍ എണ്ണിപ്പറഞ്ഞപ്പോള്‍, മറ്റു പല വസ്തുതകളും മറച്ചുവെച്ചു.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ വിലയിരുത്തി, ഒരു ദേശീയ പത്രത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്താകുറിപ്പിലെ കണ്ടെത്തലുകള്‍ ഇങ്ങനെ വായിക്കാം: “കേരളത്തിലെ കണ്ണൂര്‍ എന്ന പ്രദേശം മുസ്‌ലിംകളായ അറക്കല്‍ രാജവംശം ഭരിച്ച സ്ഥലമാണ്. ഈ രാജവംശത്തിന്റെ പിന്‍തലമുറയിലെ മുസ്‌ലിംകളാണ് ഹിന്ദുവിരുദ്ധ വികാരം ആളിക്കത്തിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത്. ചരിത്രപരമായി, പലവ്യഞ്ജനങ്ങളും മറ്റും കേരളം വ്യാപാരം ചെയ്യുന്നത് അറബികളുമായിട്ടാണ്. കണ്ണൂര്‍ ജില്ലയില്‍ മുസ്‌ലിംകള്‍ ഇപ്പോഴും 40 ശതമാനത്തോളം ഉണ്ടെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെ, ഇരുപതില്‍ അഞ്ച് മന്ത്രിമാരും ഈ ജില്ലയില്‍ നിന്നാണെന്നും പ്രസ്തുത റിപ്പോര്‍ട്ട് ഭീതിയോടെ കണ്ടെത്തുന്നു. കേരളം കലാപകലുഷിതമായി മാറാനുണ്ടായ കാരണങ്ങള്‍ മറ്റൊരു ന്യൂസ് വെബ്‌സൈറ്റില്‍ ഇങ്ങനെ വായിക്കാം:“ജമ്മു-കശ്മീര്‍ കഴിഞ്ഞാല്‍, ഏറ്റവും കൂടുതല്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ കേരളത്തിലാണുള്ളത്. ഇവിടെ 25 ശതമാനം മുസ്‌ലിംകള്‍ സമാധാനത്തോടെ ജീവിക്കുന്നു. 19 ശതമാനം ക്രിസ്ത്യാനികളും ഇവിടെയുണ്ട്. പിന്നെയെങ്ങനെ ഹിന്ദുക്കള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയും?”
രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഗോസംരക്ഷണത്തിന്റെ പേരിലും സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന വിവിധ രാഷ്ട്രീയ അജന്‍ഡകളുടെ പേരിലും മുസ്‌ലിംകളും ദളിതുകളും കൊല്ലപ്പെടുമ്പോള്‍, ഒരു സംസ്ഥാനത്ത് മാത്രം അത് നടക്കാതെ പോകുന്നത് എന്തുകൊണ്ടാണ് എന്ന ഗവേഷണത്തിലാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍. ബി ജെ പി വ്യത്യസ്തങ്ങളായ അജന്‍ഡകള്‍ ഇവിടെ നടപ്പിലാക്കുമ്പോഴും, ജനാധിപത്യവിശ്വാസികള്‍ക്ക് പ്രതീക്ഷയേകുന്ന വാര്‍ത്തകളാണ് കേരളത്തില്‍ നിന്നുണ്ടാകുന്നത്. അത് പക്ഷേ, ദേശീയ തലത്തിലും അന്താരാഷ്ട്ര തലങ്ങളിലും എത്തിക്കാന്‍ നവമാധ്യമങ്ങള്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള മാധ്യമങ്ങള്‍ക്ക് സാധിക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. കേരളം സന്ദര്‍ശിച്ച് അരുണ്‍ ജെയ്റ്റിലി ഡല്‍ഹിയില്‍ എത്തിയപ്പോഴേക്കും ദേശീയ തലസ്ഥാന നഗരിയില്‍ നിന്ന് പുറത്തിറങ്ങുന്ന എല്ലാ പത്രങ്ങളിലും എന്തുകൊണ്ട് കേരളം ഒന്നാമതായി എന്ന് വിശദീകരിക്കുന്ന കേരള സര്‍ക്കാര്‍ പരസ്യം പരക്കെ കൈയടി വാങ്ങിയിരുന്നു. ദേശീയമാധ്യമങ്ങളുടെ ഇത്തരം ശ്രമങ്ങളെ നേരിടാന്‍ കേരളത്തിലെ എത്ര മാധ്യമങ്ങള്‍ തയ്യാറാകും എന്ന ചോദ്യം ഇപ്പോഴും ബാക്കിയാവുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here