പുതിയ 50 രൂപ നോട്ട് വരുന്നു; പഴയ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് റിസര്‍വ് ബാങ്ക്

Posted on: August 18, 2017 8:28 pm | Last updated: August 19, 2017 at 9:38 am

മുബൈ: നിലവില്‍ പ്രചാരത്തിലുള്ള 50 രൂപ നോട്ടുകളില്‍ നിന്ന് കെട്ടിലും മട്ടിലും തീര്‍ത്തും വിഭിന്നമായ പുതിയ 50 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് (ആര്‍.ബി.ഐ) അറിയിച്ചു. ചില്ലറ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കുന്ന 200 രൂപ നോട്ടിന് തൊട്ടുപിന്നാലെയാണ്, പുതിയ വര്‍ണത്തിലും രൂപകല്‍പനയിലുമുള്ള 50 രൂപ നോട്ടുകളും വിനിമയത്തിനായി എത്തിക്കുന്നത്. പുതിയ നോട്ടുകള്‍ വന്നാലും പഴയ നോട്ടുകള്‍ വിപണിയില്‍ തുടരുമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി.

പുതിയ 50 നോട്ടുകളില്‍ കര്‍ണാടകയിലെ ഹംപി ചരിത്ര സ്മാരകത്തിന്റെ ചിത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആര്‍.ഉര്‍ജിത് പട്ടേലിന്റെ ഒപ്പോട് കൂടിയ മഹാത്മാ ഗാന്ധി (പുതിയത്) സീരിയസില്‍ ഉള്‍പ്പെടുന്ന നോട്ടുകളാവും പുറത്തിറങ്ങുക.

ഫ്‌ലൂറസെന്റ് നീലയാണ് നോട്ടിന്റെ അടിസ്ഥാന നിറം. 66 എം.എം. 135 എം.എം. വലുപ്പത്തിലുള്ളതാണ് പുതിയ നോട്ടുകളെന്നും ആര്‍.ബി.ഐ അറിയിച്ചു. 2000 രൂപ നോട്ടുകള്‍ ചെറിയ പണമിടപാടുകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ചില്ലറ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ 50 രൂപ നോട്ടുകളും ആര്‍.ബി.ഐ പുറത്തിറക്കുന്നത് എന്നാണ് വിലയിരുത്തല്‍