വിധിയില്‍ വ്യക്തത തേടി ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു

Posted on: August 18, 2017 8:19 pm | Last updated: August 18, 2017 at 8:19 pm

കൊച്ചി: ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് നീക്കിയ വിധിയില്‍ വ്യക്തത തേടി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ഹൈകോടതിയെ സമീപിച്ചു. സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ അനുമതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്ത് ഹൈകോടതിയെ സമീപിച്ചത്. വിധി നടപ്പാക്കാന്‍ ബി.സി.സി.ഐക്ക് നിര്‍ദേശം നല്‍കണമെന്നാണ് ശ്രീശാന്തിന്റെ ആവശ്യം.

ബി.സി.സി.ഐയുടെ എന്‍.ഒ.സി ഉണ്ടെങ്കില്‍ മാത്രമേ സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ ശ്രീശാന്തിന് സാധിക്കൂ. ഹൈകോടതി ഉത്തരവുണ്ടായിട്ടും ക്രിക്കറ്റ് ബോര്‍ഡ് അനുമതി പത്രം നല്‍കുന്നില്ലെന്നാണ് ശ്രീശാന്തിന്റെ പരാതി. സെപ്റ്റംബര്‍ ഒമ്ബതിന് സ്‌കോട്ടിഷ് ലീഗ് അവസാനിക്കാനിരിക്കെ അതിനു മുമ്ബായി ബി.സി.സി.ഐ അനുമതി നല്‍കണമെന്നാണ് ആവശ്യം.

ഹൈകോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ ബി.സി.സി.ഐ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹൈകോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.ഐ.പി.എല്‍ 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളിയില്‍ ഒത്തുകളി ആരോപിച്ചാണ് ഡല്‍ഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ബി.സി.സി.ഐ ശ്രീശാന്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. എന്നാല്‍ ഈ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ ശ്രീശാന്തിനെതിരായ വിലക്ക് ഇപ്പോഴും തുടരുന്നത് നീതിക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അദ്ദേഹത്തിന് അനുകൂലമായ തീരുമാനം കൈക്കൊണ്ടത്‌