ഡോക്‌ലാം: ഇന്ത്യക്ക് ജപ്പാന്റെ പിന്തുണ

Posted on: August 18, 2017 3:00 pm | Last updated: August 18, 2017 at 10:00 pm

ന്യൂഡല്‍ഹി: ഡോക്‌ലാം വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിന് പിന്തുണയുമായി ജപ്പാന്‍ രംഗത്തെത്തി. ഡോക്‌ലാമിന്റെ നിലവിലെ സ്ഥിതിയില്‍ ഒരു രാജ്യവും ബലപ്രയോഗത്തിലൂടെ മാറ്റംവരുത്തരുതെന്ന് ഇന്ത്യയിലെ ജപ്പാന്‍ അംബാസിഡര്‍ ജെന്‍ജി ഹിരമാട്‌സു പറഞ്ഞു. ഭൂട്ടാനും ചൈനയും തമ്മില്‍ തര്‍ക്കത്തിലുള്ള പ്രദേശമാണ് ഡോക്‌ലാം.  ഭൂട്ടാനുമായുള്ള കരാറനുസരിച്ചാണ് ഇന്ത്യ ഇടപെടല്‍ നടത്തുന്നതെന്നാണ് തങ്ങള്‍ക്കറിവുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡോക്‌ലാമിലെ സ്ഥിതി വിശേഷങ്ങള്‍ ജപ്പാന്‍ സൂഷ്മമായി പരിശോധിച്ച് വരികയാണ്. മേഖലയുടെ സ്ഥിരതയെ തന്നെ ബാധിക്കാന്‍ തര്‍ക്കത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഡോക്‌ലാം വിഷയത്തില്‍ ആദ്യമായാണ് ഒരു പ്രധാന രാജ്യം ഇന്ത്യക്ക് പിന്തുണച്ച് രംഗത്തെത്തുന്നത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യ സന്ദര്‍ശനം അടുത്തിരിക്കെയാണ് ജപ്പാന്‍ നിലപാട് വ്യക്തമാക്കിയത്. സെപ്തംബര്‍ 13 മുതല്‍ 15 വരെയാണ് ഷിന്‍സോ ആബെയുടെ സന്ദര്‍ശനം.