കള്ളപ്പണത്തില്‍ കള്ളക്കണക്ക്: മോദി മാപ്പുപറയണമെന്ന് ചെന്നിത്തല

Posted on: August 18, 2017 12:14 pm | Last updated: August 18, 2017 at 2:29 pm

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ നോട്ട് നിരോധനത്തിന് ശേഷം തിരിച്ചെത്തിയ കള്ളപ്പണത്തിന്റെ കണക്കുകളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തോട് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോട്ട് നിരോധനം നടപ്പാക്കി ഒമ്പത് മാസം കഴിഞ്ഞിട്ടും ബേങ്കുകളിലേക്ക് തിരിച്ചെത്തിയ പണം തിട്ടപ്പെടുത്തിയിട്ടില്ല എന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ പാര്‍ലമെന്റെി കമ്മിറ്റി മുമ്പാകെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര ധനകാര്യ മന്ത്രി ലോക്‌സഭയില്‍ നല്‍കിയ കണക്കനുസരിച്ചു വെറും 18,529 കോടി രൂപയുടെ കള്ളപ്പണം മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. വസ്തുത ഇതായിരിക്കെ മൂന്ന് ലക്ഷം കോടി രൂപയുടെ കള്ളപ്പണം പിടിക്കാന്‍ നോട്ടു നിരോധനത്തിന് സാധിച്ചു എന്ന് പ്രധാനമന്ത്രി സ്വതന്ത്ര ദിന പ്രസംഗത്തില്‍ പറഞ്ഞത് തെറ്റാണെന്ന് വ്യക്തമായിരിക്കുകയാണ്. വാസ്തവ വിരുദ്ധമായ കണക്കുകളാണ് പ്രധാനമന്ത്രി അവതരിപ്പിച്ചതെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ നോട്ട് നിരോധനത്തിന് ശേഷം തിരിച്ചെത്തിയ കള്ളപ്പണത്തിന്റെ കണക്കുകളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തോട് മാപ്പു പറയണം.
രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിച്ച നോട്ട് നിരോധനത്തെ സാധൂകരിക്കാന്‍ സ്വതന്ത്ര്യ ദിന പ്രസംഗത്തില്‍ വാസ്തവ വിരുദ്ധമായ കണക്കുകള്‍ അവതരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തോട് മാപ്പ് പറയണം. നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ ഖജനാവിലേക്ക് മൂന്ന് ലക്ഷം കോടി രൂപ എത്തുമെന്ന് ഇത് പാവങ്ങളുടെ ഉന്നമനത്തിനു വേണ്ടി ചെലവഴിക്കും എന്നായിരുന്നു പ്രധാനമന്തിയുടെ വായ്ത്താരി. എന്നാല്‍ ഇന്ത്യയിലെ പാവപ്പെട്ട നൂറിലധികം ജനങ്ങളുടെ മരണത്തിന് കാരണമാവുകയും, ദേശിയ വളര്‍ച്ച നിരക്കില്‍ രണ്ടു ശതമാനത്തിന്റെ വരെ കുറവുണ്ടാക്കിയ തീരുമാനമാനവുമായിരുന്നു നോട്ട് നിരോധനം.
നോട്ട് നിരോധനം നടപ്പിലാക്കി 9 മാസം കഴിഞ്ഞിട്ടും ബാങ്കുകളിലേക്ക് തിരിച്ചെത്തിയ പണം തിട്ടപ്പെടുത്തിയിട്ടില്ല എന്നാണ് റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ പാര്‍ലമെന്ററി കമ്മിറ്റി മുമ്പാകെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രി ലോക്‌സഭയില്‍ നല്‍കിയ കണക്കനുസരിച്ചു വെറും 18,529 കോടി രൂപയുടെ കള്ളപ്പണം മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. വസ്തുത ഇതായിരിക്കെ മൂന്ന് ലക്ഷം കോടി രൂപയുടെ കള്ളപ്പണം പിടിക്കാന്‍ നോട്ടു നിരോധനത്തിന് സാധിച്ചു എന്ന് പ്രധാനമന്ത്രി സ്വതന്ത്ര ദിന പ്രസംഗത്തില്‍ പറഞ്ഞത് തെറ്റാണ് എന്നാണ് തെളിഞ്ഞിരിക്കുന്നു. സ്വതന്ത്ര്യ ദിന പ്രസംഗത്തില്‍ കള്ളപ്പണത്തിന്റെ വാസ്തവ വിരുദ്ധമായ കണക്കുകള്‍ അവതരിപ്പിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണം.