മാളുകളുടെ കബളിപ്പിക്കല്‍ ഓഫര്‍; നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

Posted on: August 18, 2017 6:26 am | Last updated: August 17, 2017 at 11:27 pm
SHARE

തിരുവനന്തപുരം: തെറ്റായ ഓഫറുകള്‍ പറഞ്ഞ് മാളുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത് സംബന്ധിച്ച് വ്യക്തമായ പരാതി ലഭിച്ചാല്‍ ഉപഭോക്തൃ നിയമപ്രകാരം നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയെന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് ഷോപ്പിംഗ് മാളുകള്‍ക്ക് ലൈസന്‍സും പെര്‍മിറ്റും നല്‍കുന്നത്. അഗ്നിശമന സേനയില്‍ നിന്നും നിരാക്ഷേപപത്രവും വേണം. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ അനുമതി നിര്‍ത്തിവെക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെന്നും ഇ എസ് ബിജിമോളുടെ ശ്രദ്ധ ക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നല്‍കി.

ഉപഭോക്താവിനും സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും മനുഷ്യാവകാശ ലംഘനങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ അറിയിക്കുന്ന മുറക്ക് നടപടിക്ക് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. പരസ്യമായി പ്രതികരിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ രഹസ്യമായി പോലീസിനെ അറിയിക്കാന്‍ പരാതിപ്പെട്ടികള്‍ എല്ലാവര്‍ക്കും കാണത്തക്ക വിധം സ്ഥാപിക്കാനും ലഭിക്കുന്ന പരാതികള്‍ എല്ലാദിവസവും പരിശോധിച്ച് നടപടിക്കും നിര്‍ദേശിച്ചു. മാളുകളിലെ സി സി ടി വി, പ്രാഥമിക സൗകര്യങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശിച്ചു.
മാളുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും വില്‍ക്കുന്ന ഭക്ഷണസാധനങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയാല്‍ നടപടി എടുക്കും. തിരുവനന്തപുരത്തെ മാളുകളില്‍ എ സി പ്രവര്‍ത്തിക്കാത്തത് പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.