ബി ജെ പിക്ക് കുത്തകകള്‍ നല്‍കിയത് 705 കോടി

Posted on: August 18, 2017 12:15 am | Last updated: August 17, 2017 at 10:56 pm

ന്യൂഡല്‍ഹി: കുത്തക കമ്പനികളില്‍ നിന്ന് 2012-13, 2015-16 കാലഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവനയായി സ്വീകരിച്ചത് 956.77 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 705.81 കോടി രൂപയും ബി ജെ പിക്കായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിന് 198.16 കോടി രൂപ കുത്തക കമ്പനികളില്‍ നിന്ന് ലഭിച്ചപ്പോള്‍ 50.73 കോടി ലഭിച്ച എന്‍ സി പിയാണ് ഇക്കാര്യത്തില്‍ തൊട്ടുപിന്നിലുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോര്‍പറേറ്റുകളില്‍ നിന്ന് ഏറ്റവും കുറവ് സംഭാവന സ്വീകരിച്ചത് സി പി ഐയും സി പി എമ്മുമാണ്. സി പി ഐ സ്വീകരിച്ച സംഭാവനകളില്‍ കുത്തകകളില്‍ നിന്നുള്ള നാല് ശതമാനം മാത്രമാണുള്ളത്. സി പി എമ്മിലാകട്ടെ ഇത് 17 ശതമാനമാണ്. 2,987 കുത്തക സ്ഥാപനങ്ങളാണ് ബി ജെ പിക്ക് സാമ്പത്തിക സഹായം നല്‍കിയത്. കോണ്‍ഗ്രസിനെ സാമ്പത്തികമായി പിന്തുണച്ചത് 167 കമ്പനികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.