Connect with us

International

റോബര്‍ട്ട് ലിയുടെ പ്രതിമ നീക്കം ചെയ്യരുതെന്ന് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍: കറുത്തവര്‍ഗക്കാരെ കൊന്നൊടുക്കിയ ജനറല്‍ റോബര്‍ട്ട് ഇ ലിയുടെ പ്രതിമ നീക്കം ചെയ്യാനുള്ള നടപടിയെ എതിര്‍ത്ത് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. പ്രതിമ നീക്കം ചെയ്യുന്നതിനെതിരെ ഫാസിസ്റ്റ് ശക്തികളുടെയും നവ നാസികളുടെയും നേതൃത്വത്തില്‍ വ്യാപക പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ട്രംപിന്റെ വിവാദ ട്വീറ്റ്. അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുകയും നിരവധി ആളപായങ്ങള്‍ക്ക് കാരണമാകുകയും ചെയ്ത പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ട്രംപിന്റെ നിലപാട്. പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിര്‍ജീനിയയില്‍ നടന്ന പ്രക്ഷോഭം ഏറ്റുമുട്ടലില്‍ കലാശിച്ച സംഭവത്തില്‍ വിവാദ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ ട്വീറ്റ്.

ലീയുടെ പ്രതിമയെ സുന്ദരമായ പ്രതിമയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഈ പ്രതിമ നീക്കം ചെയ്യാനുള്ള തീരുമാനത്തില്‍ സങ്കടമുണ്ടെന്നും രാജ്യത്തിന്റെ സംസ്‌കാരവും ചരിത്രവും നീക്കം ചെയ്യുന്നതിനെ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചരിത്രം മാറ്റാന്‍ സാധിക്കില്ലെന്നും എന്നാല്‍ അതില്‍ നിന്ന് പഠിക്കാന്‍ കഴിയുമെന്നും പ്രതിമ നീക്കം ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തെ പരിഹസിച്ച് ട്രംപ് ട്വീറ്റ് ചെയ്തു.

അമേരിക്കന്‍ ആഭ്യന്തര യുദ്ധക്കാലത്ത് കറുത്തവര്‍ഗക്കാരെ കൊന്നൊടുക്കുകയും അടിമത്ത സമ്പ്രദായത്തെ അനുകൂലിക്കുകയും ചെയ്ത ജനറലിന്റെ ചരിത്ര സ്മാരകങ്ങള്‍ രാജ്യത്തെ നല്ലൊരു ശതമാനം ജനങ്ങളെയും അലോസരപ്പെടുത്തുന്നുണ്ട്.
വംശവെറിയുടെ വക്താക്കളായ നിരവധി സൈനികരുടെയും നേതാക്കളുടെയും സ്മാരകങ്ങളും പ്രതിമകളും ഇത്തരത്തില്‍ നശിപ്പിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് നവനാസികള്‍ ഒന്നിക്കുകയും പ്രാദേശിക സര്‍ക്കാറുകള്‍ക്കെതിരെ രംഗത്തെത്തുകയുമായിരുന്നു.

ട്രംപിന്റെ പ്രസ്താവനക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ തന്റെ റിപ്പബ്ലിക്ക് പാര്‍ട്ടിയില്‍ നിന്ന് തന്നെ ട്രംപിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. നവ നാസികളുടെ പ്രക്ഷോഭത്തിനെതിരെ രംഗത്തുവന്നവരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളികളെയും ഇരകളെയും കുറ്റപ്പെടുത്തി ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇത് വന്‍ വിവാദമാണ് അമേരിക്കയില്‍ ഉണ്ടാക്കിയത്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയടക്കമുള്ളവര്‍ ഇതിനെ എതിര്‍ത്തിരുന്നു.

Latest