മോദിയുടെ സ്വാതന്ത്ര്യ ദിന പ്രഭാഷണം

Posted on: August 18, 2017 6:05 am | Last updated: August 17, 2017 at 10:51 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ മുഖ്യവിഷയങ്ങളിലൊന്ന് മുത്വലാഖായിരുന്നു. മുത്വലാഖിനെതിരെ ‘മുസ്‌ലിം സ്ത്രീകള്‍ നടത്തുന്ന’ പോരാട്ടത്തില്‍ രാജ്യം അവരോടൊപ്പം നില്‍ക്കുമെന്നാണ് മോദിയുടെ വാഗ്ദാനം. മുത്വലാഖ് കാരണം കഷ്ടതയനുഭവിക്കുന്ന നിരവധി സ്ത്രീകളുണ്ടെന്നും അവര്‍ക്ക് സര്‍ക്കാര്‍ എല്ലാ പരിഗണനയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥത്തില്‍ മുസ്‌ലിംകളിലെ നന്നേ ചെറിയൊരു വിഭാഗമാണ് മുത്വലാഖ് വഴി ഭാര്യമാരെ വിവാഹമോചനം ചെയ്യുന്നത്. നിലവിലെ കണക്കു പ്രകാരം 0.37 ശതമാനം മാത്രമാണ് ഇത്. എന്നല്ല, മുത്വലാഖിന്റെ നിരക്ക് ഓരോ വര്‍ഷവും കുറഞ്ഞുവരികയുമാണ്. ആരുടെയും പരാതി പ്രകാരമല്ല വിഷയം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനക്ക് വന്നതെന്നതും ശ്രദ്ധേയമാണ്. കോടതി സ്വമേധയാ വിഷയം പരിഗണനക്കെടുക്കുകയായിരുന്നു. പിന്നീടാണ് ചിലരൊക്കെ കക്ഷി ചേരുന്നത്. അതേസമയം ഗൊരഖ്പൂരിലെ കൂട്ടമരണം, അതിര്‍ത്തിയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണി, ഗോരക്ഷകരുടെ ഗുണ്ടായിസം തുടങ്ങി അതീവ ഗൗരവമര്‍ഹിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ രാജ്യം അഭിമുഖീകരിക്കുന്നുണ്ട്. ഇതിന് നേരെയെല്ലാം കണ്ണടച്ചു മുസ്‌ലിം സമുദായത്തിന് പരാതിയില്ലാത്ത ഒരു വിഷയത്തില്‍ കയറിപ്പിച്ചു മുസ്‌ലിം വ്യക്തിനിയമത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രധാനമന്ത്രി നടത്തിയ ശ്രമം പദവിക്ക് നിരക്കുന്നതായില്ല.
രാജ്യത്തെ നടുക്കിയ അതിദാരുണ സംഭവമാണ് ഗൊരഖ്പൂരിലെ കൂട്ടമരണം. 75 പിഞ്ചുകുട്ടികളാണ് ഗൊരക്പൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്വാതന്ത്ര്യ ദിനത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പിടഞ്ഞു മരിച്ചത്. മിക്ക മരണവും ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടികളെ 500 മീറ്റര്‍ അപ്പുറത്തുള്ള എക്‌സ്‌റേ യൂനിറ്റിലേക്ക് എത്തിക്കുന്നതിന് ആശുപത്രി പരിസരത്തുണ്ടായിരുന്ന ആംബുലന്‍സ് നല്‍കാന്‍ അധികൃതര്‍ സമ്മതിച്ചില്ല. ഇതുകാരണം സ്‌ട്രെക്ച്ചറില്‍ ഉന്തിക്കൊണ്ടാണ് ഗുരുതരാവസ്ഥയില്‍ കിടക്കുന്ന കുട്ടികളെ എക്‌സ്‌റേ യൂനിറ്റില്‍ എത്തിച്ചതെന്നത് ഉള്‍പ്പെടെ അധികൃതര്‍ കാണിച്ച കൊടുംക്രൂരതകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ ഹതഭാഗ്യരുടെ കാര്യം പ്രധാനമന്ത്രി പ്രസംഗത്തില്‍ ഉള്‍പ്പെടുത്താതിരുന്നതിന്, ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്താണ് ദുരന്തം സംഭവിച്ചതെന്നതിലപ്പുറം എന്തെങ്കിലും ന്യായീകരണമുണ്ടോ?
ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത് തുടങ്ങി രാജ്യത്തെങ്ങും പശുവിന്റെ പേരിലുള്ള ഗുണ്ടായിസം തുടരുകയാണ്. മുസ്‌ലിംകളെയാണ് പ്രധാനമായും ആക്രമണങ്ങള്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാറിന്റെ പരോക്ഷമായ പിന്തുണയും അക്രമകാരികള്‍ക്കുണ്ട്. അന്താരാഷ്ട്ര സമൂഹത്തില്‍ തന്നെ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുകയും പ്രതിഷേധം ഉയര്‍ന്നു കൊണ്ടിരിക്കയുമാണ്. അടുത്ത ദിവസം പ്രസിദ്ധീകരിച്ച യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ടില്‍ 2016ല്‍ ഇന്ത്യയില മതപരമായ അസഹിഷ്ണുത പൂര്‍വോപരി ശക്തിപ്പെട്ടതായും ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ വര്‍ധിച്ചതായും എടുത്തു പറയുന്നുണ്ട്. ഇത് തടയാന്‍ സര്‍ക്കാറിന്റെ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഉപരാഷ്ട്രപതിയായിരുന്ന ഹാമിദ് അന്‍സാരിയും ഈ വസ്തുത സ്ഥിരീകരിച്ചതാണ്. ഇവാഞ്ചിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ (ഇ എഫ് ഐ)യുടെ പുതിയ റിപ്പോര്‍ട്ടിലും രാജ്യത്ത് മതത്തിന്റെ പേരിലുള്ള വേര്‍തിരിവുകളും കലാപങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചതായി പറയുന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്ത്യാനികളെ ലക്ഷ്യം വെച്ചു മുന്നൂറിലേറെ അക്രമങ്ങള്‍ നടന്നതായാണ് സംഘടനയുടെ വെളിപ്പെടുത്തല്‍.
ഇന്ത്യ, ചൈന, ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ദോക്‌ലാമില്‍ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ പുതിയ റോഡ് നിര്‍മിച്ചും ഇന്ത്യന്‍ തീര്‍ത്ഥാടകരെ തടഞ്ഞും പ്രകോപനം സൃഷ്ടിച്ച ചൈന കൂടുതല്‍ സൈനികരെ വിന്യസിച്ചും പുതിയ തമ്പുകള്‍ നിര്‍മിച്ചും അവിടെ സൈനിക ശേഷി ശക്തിപ്പെടുത്തിവരികയാണ്. മേഖലയില്‍ 350 ഇന്ത്യന്‍ സൈനികരും മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്. വെടിപൊട്ടിയാല്‍ ഒരാഴ്ചയില്‍ കൂടുതല്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കരുത്തില്ലെന്നാണ് അടുത്തിടെ സി എ ജി പാര്‍ലിമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. എന്നിട്ടും മോദിയും ബി ജെപിയും മുത്വലാഖിന്റെ ന്യായാന്യായങ്ങള്‍ പരതുന്ന തിരക്കിലാണ്.
മുസ്‌ലിം സ്ത്രീകളുടെ നന്മ ലക്ഷ്യം വെച്ചാണ് മുത്വലാഖ് പ്രശ്‌നത്തിലെ ഇടപെടലെന്നാണല്ലോ മോദിയുടെയും ബി ജെ പിയുടെയും അവകാശവാദം. തന്റെ ഭരണകാലത്തായിരുന്നു ഗുജറാത്തില്‍ നിരവധി മുസ്‌ലിം സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത്. അവര്‍ക്ക് വേണ്ടി അദ്ദേഹം എന്തു ചെയ്തു? ഇരകള്‍ നീതിക്കായി ഇന്നും കേഴുമ്പോള്‍ അക്രമികള്‍ സുരക്ഷിതരായി വിലസുകയല്ലേ?