Connect with us

Articles

ഒളിച്ചോട്ടത്തിന്റെ മനഃശാസ്ത്രം

Published

|

Last Updated

നാം ജീവിക്കുന്നത് നമ്മുടെ മക്കള്‍ക്ക് വേണ്ടിയാണെന്ന് പറയാം. നമ്മുടെ ഏതൊരു ചലനത്തിന്റെ പിന്നിലും മക്കളുടെ പുരോഗതിയും അഭിവൃദ്ധിയും ലക്ഷ്യമായിരിക്കും. അവര്‍ നല്ലവരായി വളര്‍ന്നാല്‍ നമ്മുടെ ജീവിതം സാര്‍ഥകമായി. വഴി തെറ്റിപ്പോയാല്‍ നമ്മുടെ അദ്ധ്വാനം പാഴാകുകയും ചെയ്തു.
വളര്‍ത്തി വലുതാക്കിയ മക്കള്‍ നാട് വിട്ട് പോകുന്നതും ഒളിച്ചോടുന്നതും ഇന്ന് വര്‍ധിച്ചിരിക്കുകയാണ്. എന്താണിതിന്റെ യഥാര്‍ഥ കാരണം എന്നതിനെ സംബന്ധിച്ച് കാര്യമായ പഠനങ്ങളോ അന്വേഷണങ്ങളോ നടത്താറില്ല. പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത് ഇതര മതസ്ഥരുടെ കൂടെയാണെങ്കില്‍ എളുപ്പത്തില്‍ വിധിയെഴുതും, ഇത് ലൗ കുരുക്ഷേത്ര, അല്ലെങ്കില്‍ ലൗ ജിഹാദ്.
പെണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ കുടുംബം വിട്ടുപോകുന്നത് ആണ്‍ കുട്ടികളാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇനി പെണ്‍കുട്ടികള്‍ തന്നെ അന്യമതസ്ഥരുടെ കൂടെ ഒളിച്ചോടുന്നതിനേക്കാള്‍ കൂടുതല്‍ സ്വന്തം മതക്കാരുടെ കൂടെ തന്നെയാണ് നാടുവിടുന്നത്. രണ്ടായാലും കുടുംബത്തിന്റെ അച്ചടക്കം ലംഘിക്കുകയും പോറ്റിവളര്‍ത്തിയവരോട് കടുത്ത നന്ദികേട് കാണിക്കുകയുമാണ് ഈ മക്കള്‍ ചെയ്യുന്നത്. അന്യമതസ്ഥരുടെ കൂടെ ഇറങ്ങിയോടുമ്പോള്‍ മതനിയമങ്ങള്‍ കൂടി ധിക്കരിക്കുന്നു.
സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് ഇഷ്ടമുള്ളവന്റെ കൂടെ, അല്ലെങ്കില്‍ ഇഷ്ടമുള്ള നാട്ടിലേക്ക് താമസം മാറ്റുന്നു എന്നതാണ് ഒളിച്ചോട്ടത്തിന്റെ മര്‍മം. ഇതിന് പ്രേരകമായ പല ഘടകങ്ങളുമുണ്ടാകാം. എന്നാല്‍, പെറ്റുപോറ്റിയ മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും വിട്ടുപോകുന്നതിന്റെ പിന്നില്‍ മനഃശാസ്ത്രപരമായ കാരണങ്ങളുണ്ടാകും.
രക്ഷിതാക്കളില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കേണ്ടത് രണ്ട് ആവശ്യങ്ങളാണ്. ഒന്ന് ഭൗതിക സൗകര്യങ്ങളാണെങ്കില്‍ രണ്ടാമത്തേത് മാനസിക ആവശ്യങ്ങളാണ്. മുമ്പ് കാലത്തെ അപേക്ഷിച്ച് കുട്ടികള്‍ക്ക് ഭൗതിക സൗകര്യങ്ങള്‍ ആവശ്യത്തിലധികം രക്ഷിതാക്കള്‍ ലഭ്യമാക്കുന്നുണ്ട്. ഭക്ഷണം, വസ്ത്രം ആഭരണം, പഠനോപകരണം, വാഹനം, മൊബൈല്‍ ഫോണ്‍, താമസസൗകര്യം… ഇങ്ങനെയുള്ള സജ്ജീകരണങ്ങള്‍ യഥേഷ്ടം നാം മക്കള്‍ക്ക് നല്‍കുമ്പോള്‍, അവരുടെ മനസ്സിന്റെ ആവശ്യങ്ങളാകുന്ന സ്‌നേഹം, പരിഗണന, അംഗീകാരം, പ്രോത്സാഹനം തുടങ്ങിയവ നല്‍കുന്നതില്‍ നാം പരാജയപ്പെടുകയാണ്.

കുട്ടികള്‍ നന്നാവണമെന്ന അമിതാഗ്രഹത്താല്‍ അനാവശ്യമായി നാം ആധിപ്പെടുകയാണ്. ഒന്നു പുഞ്ചിരിക്കാനോ സ്‌നേഹം പ്രകടിപ്പിക്കാനോ നമുക്ക് സാധിക്കുന്നില്ല. എന്തിനും ഏതിനും ശകാര വര്‍ഷവും കുറ്റപ്പെടുത്തലും മാത്രമാണ് നാം നടത്തുന്നത്.
അമ്പത് മാര്‍ക്ക് ലഭിക്കേണ്ട പരീക്ഷയില്‍ 45 മാര്‍ക്ക് നേടിയാല്‍ നഷ്ടപ്പെട്ട അഞ്ച് മാര്‍ക്കിന്റെ പേരില്‍ കുട്ടിയെ വിചാരണ ചെയ്യുന്ന സമീപന രീതി നമുക്കുണ്ടെങ്കില്‍ ആ കുട്ടി നമ്മെ ശത്രുവായി കണ്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. രക്ഷിതാക്കള്‍ വിദേശത്താണെങ്കില്‍ മക്കളെക്കുറിച്ച് അമിതമായ ആശങ്കയായിരിക്കും മനസ്സ് നിറയെ. നാട്ടിലുള്ള മാതാവും അനാവശ്യമായ ഭീതി പ്രകടിപ്പിക്കുകയും വിദേശത്തുള്ള ഭര്‍ത്താവിനോട് പരാതിപ്പെടുകയും കൂടി ചെയ്യുമ്പോള്‍ അയാള്‍ നാട്ടിലുള്ള ബന്ധുക്കളെ വിളിച്ച് മക്കളെ ശ്രദ്ധിക്കാന്‍ ചുമതലപ്പെടുത്തുന്നു.
തുടര്‍ന്ന്, വിദേശത്ത് നിന്ന് പിതാവും വീട്ടില്‍ നിന്ന് മാതാവും അങ്ങാടിയില്‍ നിന്ന് ബന്ധുക്കളും ശകാരവും കുറ്റപ്പെടുത്തലും കൊണ്ട് മക്കളെ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ ഒരിറ്റ് സ്‌നേഹം തരാന്‍, ഒരു നല്ല വാക്ക് പറയാന്‍ ആരുമില്ലല്ലോ എന്ന് ചിന്തിച്ച് നമ്മുടെ കുട്ടികളുടെ മനസ്സ് നീറുകയാണ്. ഈ വൃണിത ഹൃദയങ്ങള്‍ക്ക് മുമ്പിലാണ് കള്ളപ്പുഞ്ചിരിയും കാമക്കണ്ണുകളുമായി പൂവാലന്‍മാര്‍ പ്രത്യക്ഷപ്പെടുന്നത്. ഭാവിയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ കഴിയാത്ത കൗമാരത്തിന്റെ ചാപല്യത്തിന്‍ സ്‌നേഹം കൊതിക്കുന്ന കുട്ടികള്‍ പെട്ടുപോകുകയാണ്. ഭൗതിക സൗകര്യങ്ങള്‍ കൊണ്ട് മാത്രം കുട്ടികളുടെ മനസ്സ് സംതൃപ്തമാകുകയില്ല.
നബി(സ) ഒരിക്കല്‍ തന്റെ പേരമക്കളെ മടിയിലിരുത്തി മാറിമാറി ചുംബിക്കുന്നത് കണ്ട അഖ്‌റഅ് ബ്‌നു ഹാബിസ്(റ) എന്ന അനുചരന്‍ പറഞ്ഞു: “ഞാന്‍ പത്ത് മക്കളുടെ പിതാവാണ്. എന്നാല്‍, ഇന്നുവരെ അവരില്‍ ഒരാളെയും ഞാന്‍ ചുംബിച്ചിട്ടില്ല.” ഇത് കേട്ട പ്രവാചകര്‍ (സ) മുഖം ചുവപ്പിച്ചുകൊണ്ട് പ്രതികരിച്ചത്. അങ്ങോട്ട് സ്‌നേഹം കൊടുക്കാത്തവന് ഇങ്ങോട്ട് തിരിച്ചും കിട്ടുകയില്ല” എന്നായിരുന്നു.

സ്‌നേഹം ലഭിക്കാത്ത കുടുംബങ്ങളില്‍ നിന്നാണ് കുട്ടികള്‍ ഒളിച്ചോടുന്നത്. അത്തരക്കാരായ കുട്ടികളെ കണ്ടെത്തി അവരോട് ചിരിച്ചും സ്‌നേഹമഭിനയിച്ചും വരുതിയിലാക്കി കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും കാരിയറുകളാക്കുന്ന മാഫിയാ സംഘങ്ങള്‍ ഇന്ന് വ്യാപകമാണ്. രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് നല്ല കൂട്ടുകാരനായി കൂടെ നടന്ന് വഴികാട്ടുകയും അവരെ അപഥ സഞ്ചാരത്തിന് പ്രേരിപ്പിക്കുന്ന മൊബൈല്‍ ഫോണുകള്‍, ടൂ വീലറുകള്‍, സിനിമ, സീരിയലുകള്‍ തുടങ്ങിയവ കൊണ്ട് നശിപ്പിക്കാതെ നല്ല മര്യാദയും ജീവിത ചിട്ടകളും പഠിപ്പിച്ചും പരിശീലിപ്പിച്ചും വളര്‍ത്തിയാല്‍ നമ്മുടെ മക്കള്‍ നമുക്ക് നഷ്ടപ്പെടില്ല. നമ്മുടെ വീഴ്ച മൂലം സംഭവിക്കുന്ന ഒളിച്ചോട്ടം പോലും ലൗ ജിഹാദും ലൗ കുരുക്ഷേത്രയുമാണെന്ന് പ്രചരിപ്പിച്ച് വര്‍ഗീയത വളര്‍ത്തുന്നത് ആര്‍ക്കും ഭൂഷണമല്ല. “ഒരു രക്ഷിതാവും നല്ല ജീവിത മര്യാദയേക്കാള്‍ ഉത്തമമായ ഒരു സമ്മാനവും തന്റെ കുട്ടിക്ക് നല്‍കിയിട്ടില്ല”(ബൈഹഖി) എന്ന തിരുവചനം ഇതാണ് നമ്മെ ഉണര്‍ത്തുന്നത്.

---- facebook comment plugin here -----

Latest