മരണക്കളികള്‍

ബ്ലൂവെയില്‍ ഗെയിം പോലുള്ള ആത്മഹത്യാ വെല്ലുവിളികള്‍ സ്വയം സ്വീകരിക്കുന്ന സൈബര്‍ കമ്മ്യൂണിറ്റികളിലേക്ക് നമ്മുടെ കൗമാരപ്രായക്കാരും യുവാക്കളും എങ്ങനെയാണ് എത്തിപ്പെടുന്നത്? യഥാര്‍ഥ സാഹചര്യങ്ങളില്‍ നിന്നും അറുത്തുമാറ്റി തങ്ങളുടെ ജീവിതം വെര്‍ച്വല്‍ ലോകവുമായി ബന്ധിപ്പിക്കേണ്ടിവരുന്ന കൗമാരങ്ങളും യൗവനങ്ങളും എന്തുകൊണ്ടാണ് കൂടി ക്കൂടിവരുന്നത്? തീര്‍ച്ചയായും സാമൂഹികമായി അനുഭവിക്കുന്ന ഒറ്റപ്പെടലുകളും ആവര്‍ത്തനവിരസതയും കുടുംബ സംഘര്‍ഷങ്ങളും അതില്‍ നിന്ന് രക്ഷപ്പെടാനുള്ള പുതിയ തലമുറയുടെ ശ്രമങ്ങളുമാണ് പലതരം ഓണ്‍ലൈന്‍ സംഘങ്ങളിലും കമ്മ്യൂണിറ്റികളിലും അവരെ എത്തിക്കുന്നത്.
Posted on: August 18, 2017 6:01 am | Last updated: August 17, 2017 at 10:48 pm

ബ്ലൂവെയില്‍ എന്ന ഓണ്‍ലൈന്‍ ഗെയിം മലയാളി സമൂഹത്തില്‍ ഭീതി പടര്‍ത്തുകയാണ്. ജൂലൈ 26-ന് തങ്ങളുടെ മകന്‍ ആത്മഹത്യ ചെയ്തത് ബ്ലൂവെയില്‍ സ്വാധീനത്തില്‍പ്പെട്ടാണെന്ന പരാതിയുമായി തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശികളായ മാതാപിതാക്കള്‍ രംഗത്തുവന്നതോടെയാണ് ഓണ്‍ലൈനിലെ ഈ മരണക്കളിയെക്കുറിച്ച് കേരള പോലീസ് ജാഗരൂകമാകുന്നത്. ബ്ലൂവെയില്‍ ഗെയിമിനെതിരെ ആഗസ്റ്റ് ആറിനാണ് കേരള പോലീസ് ഔദേ്യാഗികമായി മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ നവംബര്‍ മാസം മുതല്‍ മനോജ് ബ്ലൂവെയില്‍ കളിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഈ കാലയളവില്‍ ഈ കൗമാരപ്രായക്കാരനില്‍ വലിയ മാറ്റങ്ങള്‍ പ്രകടമായത്രെ. ഒറ്റക്കു യാത്രചെയ്യുക, ദൂരസ്ഥലങ്ങളിലേക്ക് പോകുക, നീന്തലറിയില്ലെങ്കിലും പുഴയിലേക്ക് ചാടുക, രാത്രിയില്‍ ശ്മശാനഭൂമിയില്‍ പോയി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുക തുടങ്ങിയ വിചിത്ര സ്വഭാവങ്ങള്‍.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങളനുസരിച്ച് കഴിഞ്ഞ മെയ് മാസത്തില്‍ കണ്ണൂരില്‍ ആത്മഹത്യചെയ്ത സാവന്ത് എന്ന വിദ്യാര്‍ഥിയുടെ മരണത്തിനു പിന്നിലും ബ്ലൂവെയില്‍ സ്വാധീനമായിരുന്നത്രെ. സാവന്തിന്റെ മാതാപിതാക്കളും പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. പാശ്ചാത്യ സമൂഹങ്ങളില്‍ വ്യാപകമായിരുന്ന ബ്ലൂവെയില്‍ ഗെയിം കേരളത്തിലെ ചെറുപ്പക്കാര്‍ക്കിടയിലും പടരുകയാണ്. ഔദേ്യാഗിക റിപ്പോര്‍ട്ടനുസരിച്ച് 2000-ല്‍ അധികം പേര്‍ കേരളത്തില്‍ ഈ മരണക്കളിയുടെ സ്വാധീനത്തില്‍പ്പെട്ടിട്ടുണ്ട്. വിഭ്രാന്തമായ മാനസികാവസ്ഥയിലേക്ക് കൗമാരപ്രായക്കാരെയും യുവാക്കളെയും എത്തിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വില്ലനാണ് ബ്ലൂവെയില്‍ ഗെയിം.
അപക്വവും അന്തര്‍മുഖവുമായ വ്യക്തിത്വസവിശേഷതയുള്ളവരെ സ്വാധീനിക്കുന്ന ക്രിമിനല്‍ ഗെയിമാണിത്. മുതലാളിത്തവും അതിന്റെ നവലിബറല്‍ ജീര്‍ണതകളും സൃഷ്ടിക്കുന്ന അപമാനീകരണത്തിന്റെയും അന്യവത്കരണത്തിന്റെയും ഉത്പന്നമാണ് ഈ ഓണ്‍ലൈന്‍ ഗെയിം. ഫിലിപ്പ് ബുദൈക്കിന്‍ എന്ന 21 വയസ്സുകാരനായ റഷ്യന്‍ വിദ്യാര്‍ഥിയാണ് പോലും ഈ ഓണ്‍ലൈന്‍ ഗെയിം ചാലഞ്ച് വികസിപ്പിച്ചെടുത്തത്. മനഃശാസ്ത്രവിദ്യാര്‍ഥിയായ ഇയാള്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ സമൂഹത്തില്‍ നിന്നും ഉള്‍വലിഞ്ഞ ജീവിതശൈലി സ്വീകരിക്കുകയും തീര്‍ത്തും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്തു. 2013-ലാണ് ഫിലിപ്പ് അത്യന്തം ഭീകരമായ ധാര്‍മിക പുനരുദ്ധാരണ സിദ്ധാന്തങ്ങളുമായി ഓണ്‍ലൈന്‍ ഗ്രൂപ്പ് ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും.
മൂല്യമില്ലാത്തവരെ, അതായത് ജൈവമാലിന്യങ്ങളെ പോലെ ഭൂമിക്ക് ഭാരമായി കഴിയുന്നവരെ മുഴുവന്‍ നിര്‍മാര്‍ജനം ചെയ്യുക എന്നതാണ് ഇയാള്‍ തന്റെ ജീവിതലക്ഷ്യമായി സ്വീകരിച്ചത്. ക്രൂരവും ഹിംസാത്മകവുമായ ഇയാളുടെ മനോവിലാസത്തിലാണ് സൈബര്‍ ഇടത്തിലെ ഈ കൊലപാതക ഗെയിംസ് രൂപപ്പെട്ടത്. റഷ്യയില്‍ ഈ മരണക്കളിയുടെ സ്വാധീനവലയത്തില്‍പ്പെട്ട് 150-ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ലോകത്തിന്റെ പലഭാഗങ്ങളിലായി 200-ലേറെ പേര്‍ ബ്ലൂവെയില്‍ ഗെയിംസിന്റെ ഇരകളായി ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. ഇന്ത്യയില്‍ പതിനായിരക്കണക്കിന് പേര്‍ ഈ മരണക്കളിയുടെ സ്വാധീനവലയത്തിലാണ്.

യുവാക്കളെ സാഹസികതകളിലേക്കും മരണകാമനകളിലേക്കും നയിക്കുന്ന ബ്ലൂവെയില്‍ ഗെയിംസ് 50-ഓളം രാജ്യങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. 2016-ല്‍ റഷ്യയില്‍ ബ്ലൂവെയില്‍ ഗെയിമിന് അടിമയായ ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയെ തുടര്‍ന്നാണ് ഫിലിപ്പ് ബുദൈക്കിന്‍ അറസ്റ്റുചെയ്യപ്പെടുന്നത്. ഇയാളിപ്പോള്‍ റഷ്യന്‍ ജയിലിലാണ്. ഒരു അഡ്മിന്റെ സാന്നിധ്യത്തിലും നിയന്ത്രണത്തിലും മാത്രമേ ഒരാള്‍ക്ക് ഈ ഗെയിമില്‍ ഏര്‍പ്പെടാന്‍ കഴിയൂ. അഡ്മിന്‍ മുന്നോട്ടുവെക്കുന്ന സാഹസികമായ ചാലഞ്ചുകള്‍ ഏറ്റെടുത്തേ ആര്‍ക്കും ഈ കളിയില്‍ മുന്നോട്ടുപോകാനും കഴിയൂ. ഒടുവില്‍ ആത്മഹത്യയില്‍ അവസാനിക്കുന്ന ചാലഞ്ചുകള്‍…!
കൈയില്‍ മുറിവേല്‍പ്പിക്കുന്ന യുവാക്കള്‍ക്കിടയിലെ പ്രവണതകളെക്കുറിച്ച് ചൈനയില്‍ നടന്ന അനേ്വഷണമാണ് ബ്ലൂവെയില്‍ ഗെയിമിനെ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. കേരളമുള്‍പ്പെടെ ലോകമെമ്പാടും ഇന്റര്‍നെറ്റ് സംവിധാനങ്ങളിലൂടെ ഈ ക്രിമിനല്‍ ഗെയിം പടരുകയാണെന്ന ഭീതിദമായ യാഥാര്‍ഥ്യം ജാഗ്രതയോടെയുള്ള ഇടപെടല്‍ ആവശ്യപ്പെടുന്നു. നിയമപരവും സാമൂഹികവും സാംസ്‌കാരികവുമായ ഇടപെടല്‍ അടിയന്തരമാക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാറിന് അയച്ച കത്തിനെതുടര്‍ന്ന് കേന്ദ്ര ഐ ടി മന്ത്രാലയവും ശിശുക്ഷേമമന്ത്രാലയവും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഗെയിമിലേക്ക് നയിക്കുന്ന ലിങ്കുകള്‍ ഒഴിവാക്കാന്‍ ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ക്ക് കേന്ദ്ര ഐ ടി മന്ത്രാലയം നിര്‍ദേശം നല്‍കുകയും ചെയ്തു.

നവലിബറല്‍ നയങ്ങള്‍ സൃഷ്ടിച്ച അരാഷ്ട്രീയവത്കരണവും കടുത്ത വൈയക്തികവത്കരണവുമാണ് ഇത്തരം ഓണ്‍ലൈന്‍ സംഘങ്ങളിലേക്ക് യുവാക്കളെ എത്തിക്കുന്നത്. നിരവധി രാജ്യങ്ങളില്‍, പ്രതേ്യകിച്ച് റഷ്യയില്‍ നടത്തിയ അനേ്വഷണങ്ങളില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരും വലിയ സാമൂഹിക ബന്ധങ്ങളില്ലാത്തവരുമായ വിദ്യാര്‍ഥികളാണ് ബ്ലൂവെയില്‍ വലയില്‍ വീഴുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബ്ലൂവെയില്‍ ഗെയിം പോലുള്ള ആത്മഹത്യാ വെല്ലുവിളികള്‍ സ്വയം സ്വീകരിക്കുന്ന സൈബര്‍ കമ്യൂണിറ്റികളിലേക്ക് നമ്മുടെ കൗമാരപ്രായക്കാരും യുവാക്കളും എങ്ങനെയാണ് എത്തിപ്പെടുന്നത്? യഥാര്‍ഥ സാഹചര്യങ്ങളില്‍ നിന്നും അറുത്തുമാറ്റി തങ്ങളുടെ ജീവിതം വെര്‍ച്വല്‍ ലോകവുമായി ബന്ധിപ്പിക്കേണ്ടിവരുന്ന കൗമാരങ്ങളും യൗവനങ്ങളും എന്തുകൊണ്ടാണ് കൂടിവരുന്നത്? തീര്‍ച്ചയായും സാമൂഹികമായനുഭവിക്കുന്ന ഒറ്റപ്പെടലുകളും ആവര്‍ത്തനവിരസതയും കുടുംബ സംഘര്‍ഷങ്ങളും അതില്‍ നിന്ന് രക്ഷപ്പെടാനുള്ള പുതിയ തലമുറയുടെ അദമ്യമായ ശ്രമങ്ങളുമാണ് പലതരം ഓണ്‍ലൈന്‍ സംഘങ്ങളിലും കമ്യൂണിറ്റികളിലും അവരെ എത്തിക്കുന്നത്.
നവലിബറല്‍ മൂലധനവും വിവരസാങ്കേതികവിദ്യയും ചേര്‍ന്ന് സൃഷ്ടിക്കുന്ന അരക്ഷിതവും അരാജകവുമായ സാമൂഹിക സാഹചര്യങ്ങളാണ് ഇത്തരം ആത്മഹത്യാ ഗ്രൂപ്പുകളിലേക്കും മതതീവ്രവാദഗ്രൂപ്പുകളിലേക്കും പുതിയ തലമുറയെ എത്തിക്കുന്നത്. ഇത് ഒരുതരം ചിത്തഭ്രമമാണെന്ന് പറയാം. ഭൗതികപുരോഗതിയുടെയും വിദ്യാഭ്യാസത്തിന്റെയും സ്വാധീനവും വ്യാപനവും നമ്മുടേതുപോലെയുള്ള സമൂഹങ്ങളിലും ലോകത്തെല്ലായിടത്തും നിരവധി നവവൈവിധ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ശാസ്ത്രവും സാങ്കേതികവിദ്യയും പുരോഗതിയോടൊപ്പം തന്നെ സങ്കീര്‍ണമായ പൊതുപ്രശ്‌നങ്ങളെയും മനുഷ്യസമൂഹത്തിനു മുമ്പില്‍ വലിച്ചിട്ടിരിക്കുകയാണ്. മുതലാളിത്ത ചൂഷണവും അതിന്റെ പ്രത്യയശാസ്ത്ര കേന്ദ്രങ്ങളും സൃഷ്ടിക്കുന്ന ഇത്തരം വൈരുധ്യങ്ങളെ ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയുമെല്ലാം നിരാകരിക്കുന്ന ആധുനികതക്കെതിരായ കേവലവാദങ്ങളിലേക്ക് സമൂഹത്തെ എത്തിച്ചേക്കാം. ഇരുമ്പിന്റെ കണ്ടുപിടിത്തം കൃഷിയുടെ വ്യാപനത്തിനും മനുഷ്യന്റെ സാമൂഹികവും സാംസ്‌കാരികവുമായ പുരോഗതിക്കും വഴിവെച്ചപ്പോള്‍ തന്നെ ഇരുമ്പ് ഉപയോഗിച്ചുകൊണ്ടുള്ള ആയുധങ്ങള്‍ മനുഷ്യഹത്യയുടെ നിഷ്ഠൂരതകളിലേക്ക് മനുഷ്യനെ തള്ളിവിടുകയും ചെയ്തു. ചക്രം മനുഷ്യന്റെ തൊഴില്‍ ഭാരവും യാത്രയും ലഘൂകരിച്ചപ്പോള്‍ അത് ഉപയോഗിച്ചുകൊണ്ടുണ്ടാക്കിയ തോക്കുകളും പീരങ്കികളും യുദ്ധോത്സുകതയുടെ അത്യന്തം മനുഷ്യത്വരഹിതമായ സംസ്‌കാരത്തെ സൃഷ്ടിക്കുകയും ചെയ്തു.

അതേപോലെ, ഇന്റര്‍നെറ്റിന്റെ വ്യാപനം വിവരവിനിമയത്തിന്റെയും ആശയസംവാദത്തിന്റെയും അനന്തമായ സാധ്യതകള്‍ തുറന്നുതന്നപ്പോള്‍ തന്നെ മുമ്പ് അചിന്തനീയങ്ങളായ ഒരുപാട് കുറ്റകൃത്യങ്ങളുടെയും പ്രതിലോമപരതയുടെയും സാധ്യതകളെക്കൂടിയാണ് മനുഷ്യസമൂഹത്തിനു മുമ്പില്‍ കൊണ്ടുവന്നിരിക്കുന്നത്. ശാസ്ത്രത്തിന്റെ സാധ്യതകളെ ഉപയോഗിച്ച് നടക്കുന്ന മനുഷ്യത്വവിരുദ്ധമായ പ്രത്യയശാസ്ത്ര നിര്‍മിതികള്‍ക്കും ഹിംസാവൃത്തികള്‍ക്കും പിറകിലെ മൂലധനതാത്പര്യങ്ങളെ ജനാധിപത്യവാദികള്‍ വിട്ടുവീഴ്ചയില്ലാതെ തുറന്നുകാണിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ നന്മക്കും പുരോഗതിക്കും ഉപയോഗിക്കേണ്ട ശാസ്ത്രസാങ്കേതിക സാധ്യതകളെ മനുഷ്യന്റെ സാമൂഹ്യസത്തയുടെ തന്നെ അസ്ഥിരീകരണത്തിനായി ഉപയോഗിക്കുന്ന പ്രതിലോമശക്തികള്‍ക്കും സംഘങ്ങള്‍ക്കുമെതിരെ നിതാന്തമായ ജാഗ്രത ആവശ്യപ്പെടുന്ന കാലമാണിത്.
അമേരിക്കയിലെ മതവംശീയ വര്‍ണവെറിയന്‍ ഗ്രൂപ്പുകള്‍ ഇന്റര്‍നെറ്റ് വഴിയാണ് സംഘാടനവും പ്രവര്‍ത്തനങ്ങളുടെ ഏകോപനവും നടത്തുന്നതെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഡെന്‍വര്‍ നഗരത്തിലെ ഒരു സ്‌കൂളില്‍ ‘ട്രെഞ്ച്‌കോട്ട് മാഫിയ’ എന്ന രഹസ്യസംഘടനയിലെ അംഗങ്ങളായ രണ്ട് വിദ്യാര്‍ഥികള്‍ നടത്തിയ കൂട്ടക്കൊലകളെക്കുറിച്ചുള്ള അനേ്വഷണത്തിലാണ് കുറ്റാനേ്വഷണ ഏജന്‍സികള്‍ വംശീയ ഭീകരതയിലേക്ക് പുതുതലമുറയെ പിടിച്ചെടുക്കുന്ന ഇന്റര്‍നെറ്റ് വഴിയുള്ള പ്രചാരണങ്ങളെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. 17-ഉം 18-ഉം വയസ്സുള്ള യുവാക്കളെയും വിദ്യാര്‍ഥികളെയും ഈ സംഘടന ഇന്റര്‍നെറ്റ് വഴിയാണുപോലും തങ്ങളുടെ വംശീയപ്രത്യയശാസ്ത്രത്തിന്റെ സ്വീകര്‍ത്താക്കളും അന്ധരായ അനുയായികളുമാക്കി മാറ്റുന്നത്. വിവരവിപ്ലവത്തിന്റെ നട്ടെല്ലായ ഇന്റര്‍നെറ്റ് മതമൗലികവാദികളുടെയും വംശീയവാദികളുടെയും സുവിശേഷപ്രചാരണത്തിനുള്ള കണ്ണികളാകുകയാണ്. ആഗോളവത്കരണം സൃഷ്ടിക്കുന്ന ഉപഭോഗതൃഷ്ണയുടെയും ആനന്ദലഹരിയുടെയും പ്രധാന വാഹകശക്തിയും വിവരവിനിമയശൃംഖലകള്‍ തന്നെ. മതതീവ്രവാദം മുതല്‍ ലൈംഗിക കുറ്റകൃത്യം വരെ പടര്‍ത്തുന്നതില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളെ ആഗോളമൂലധനബന്ധമുള്ള പ്രത്യയശാസ്ത്ര കേന്ദ്രങ്ങള്‍ ആസൂത്രിതമായിതന്നെ പ്രയോജനപ്പെടുത്തുന്നുണ്ട്.
വര്‍ഗീയ വംശീയ വികാരങ്ങളും അപരമതവിദേ്വഷ സംസ്‌കാരവും പടര്‍ത്തുന്നതില്‍ ഇന്റര്‍നെറ്റ് വലിയ പങ്കാണ് വഹിക്കുന്നത്. എല്ലാ പ്രതിലോമകാരികളും സൈബര്‍ ഇടങ്ങളെ സാംസ്‌കാരിക സംഘര്‍ഷത്തിന്റെ പ്രചാരണ വേദിയാക്കുകയാണ്. ക്രൂരതയെ ജീവിതമൂല്യമാക്കാന്‍ പഠിപ്പിക്കുന്ന വര്‍ഗീയത മനുഷ്യസംസ്‌കൃതിയുടെ എല്ലാ നല്ല മൂല്യങ്ങളെയുമാണ് നിരാകരിക്കുന്നത്. ഊഷ്മളമായ എല്ലാ ബന്ധ വ്യവഹാരങ്ങളെയും അത് നിഷേധിക്കുന്നു. ബ്ലൂവെയില്‍ പോലുള്ള ഗെയിമുകള്‍ സാഹസത്തിന്റെയും ജീവിതനിരാസത്തിന്റെയും മരണകാമനകളിലേക്കാണ് യുവതയെ നയിക്കുന്നത്. സാമൂഹിക നിരാസത്തിന്റെയും ജീവിതനിരാസത്തിന്റേതുമായ ഇത്തരം ഓണ്‍ലൈന്‍ കളികള്‍ക്കെതിരെ ശക്തമായ ബോധവത്കരണവും സാമൂഹിക പ്രതിരോധവും ജനാധിപത്യവാദികള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.