Connect with us

Gulf

മസാജ് പാര്‍ലറുകളുടെ കാര്‍ഡുകള്‍ വിതരണംചെയ്താല്‍ പിഴയും നാടുകടത്തലും

Published

|

Last Updated

ദുബൈ: ദുബൈയില്‍ മസാജ് പാര്‍ലറുകളുടെ വിസിറ്റിംഗ് കാര്‍ഡുകള്‍ വിതരണം ചെയ്താല്‍ 10,000 ദിര്‍ഹം പിഴയും നാട് കടത്തലുമെന്ന് നഗരസഭാ അധികൃതര്‍. അതിക്രമം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ നിയമ വകുപ്പുമായി സഹകരിച്ചു ശ്രമങ്ങള്‍ ആരംഭിച്ചതായി ദുബൈ നഗരസഭക്ക് കീഴിലെ വേസ്റ്റ് മാനേജ്‌മെന്റ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ അബ്ദുല്‍ മജീദ് അബ്ദുല്‍ അസീസ് അല്‍ സിഫായി പറഞ്ഞു.

ഇതനുസരിച്ചു മസാജ് സെന്ററുകളുടെ കാര്‍ഡുകള്‍ വിതരണംചെയ്യുന്നവര്‍ക്കും പരസ്യങ്ങള്‍ പതിക്കുന്നവര്‍ക്കുമെതിരെ നിയമ നടപടികള്‍ കര്‍ശനമാക്കും. നടപടികള്‍ ശക്തമാക്കാന്‍ മറ്റ് ഇതര സര്‍ക്കാര്‍ വകുപ്പുകളുമായും സഹകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകളുമായി ധാരണ എത്തിയതനുസരിച്ച് താമസ കേന്ദ്രങ്ങളുടെയും ഓഫീസ് സമുച്ചയങ്ങളുടെയും പ്രവേശന കവാടങ്ങളില്‍ കാര്‍ഡുകള്‍ വിതറി ഇടുക, പൊതു നിരത്തുകളില്‍ കാര്‍ഡുകള്‍ വിതരണംചെയ്യുക, വാഹനങ്ങളുടെ വിന്‍ഡോ ഗ്ലാസുകളില്‍ കാര്‍ഡുകള്‍ പതിക്കുക എന്നിവ കണ്ടെത്തിയാല്‍ കാര്‍ഡിലെ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുടെ പേരില്‍ 10,000 ദിര്‍ഹം പിഴ ചുമത്തും. കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ നാടുകടത്തല്‍ അടക്കം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് പിടിക്കപ്പെട്ടാല്‍ 500 ദിര്‍ഹമാണ് പിഴ. ചില സ്ഥാപനങ്ങളുടെ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നവര്‍ക്ക് മതിയായ താമസ രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. തൊഴില്‍ അന്വേഷണാര്‍ഥം സന്ദര്‍ശക വിസയില്‍ രാജ്യത്തേക്ക് എത്തിയവരും കാര്‍ഡുകള്‍ വിതരണംചെയ്യുന്ന ജോലികളില്‍ ഏര്‍പെടുന്നുണ്ട്. അത്തരക്കാരെ പിടികൂടിയാല്‍ നാടുകടത്തുന്നതിനുള്ള നടപടികള്‍ എളുപ്പമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അര്‍ധനഗ്‌നകളായ സ്ത്രീകളുടെ ഫോട്ടോകള്‍ കാര്‍ഡില്‍ പ്രദര്‍ശിപ്പിച്ചാണ് വിതരണത്തിന് തയാറാക്കുന്നത്.

വിതരണംചെയ്യുന്ന കാര്‍ഡുകളില്‍ സൂചിപ്പിച്ച സ്ഥാപനങ്ങളുടെ പേരിലാണ് പിഴ ഏര്‍പെടുത്തുക. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സുകള്‍ റദ്ദ് ചെയ്യുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest