യുഎഇയില്‍ പ്രീ സ്‌കൂള്‍ മുതല്‍ യൂണിവേഴ്‌സിറ്റി വരെ പഠനത്തിന് 10 ലക്ഷം ദിര്‍ഹം

Posted on: August 17, 2017 9:49 pm | Last updated: August 17, 2017 at 9:49 pm

ദുബൈ: യു എ ഇയില്‍ ഒരു വിദ്യാര്‍ഥിയുടെ പ്രാഥമികതലം മുതല്‍ യൂണിവേഴ്‌സിറ്റി വരെയുള്ള ചെലവ് 938,599 ദിര്‍ഹമെന്ന് റിപ്പോര്‍ട്ട്. സൂറിച്ച് മിഡില്‍ ഈസ്റ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രീ സ്‌കൂള്‍ തൊട്ട് യൂണിവേഴ്‌സിറ്റിതലം വരെ യു എ ഇയില്‍ പഠനം പൂര്‍ത്തിയാക്കാന്‍ ഒരു കുട്ടിക്ക് 10 ലക്ഷം ദിര്‍ഹം ചെലവഴിക്കേണ്ടി വരുമെന്നാണ് പഠന റിപ്പോര്‍ട്ട്.

രണ്ട് വര്‍ഷത്തെ പ്രീ സ്‌കൂള്‍, ആറ് വര്‍ഷത്തെ പ്രൈമറി സ്‌കൂള്‍, ആറ് വര്‍ഷത്തെ സെക്കന്‍ഡറി സ്‌കൂള്‍, മൂന്ന് വര്‍ഷം ഒരു യു എ യൂണിവേഴ്‌സിറ്റിയിലെ പഠനം അടങ്ങുന്ന കാലയളവിലെ ചെലവാണ് 10 ലക്ഷം ദിര്‍ഹം കണക്കാക്കിയിരിക്കുന്നത്.
പ്രീ, പ്രൈമറി, സെക്കന്‍ഡറി പഠനത്തിന് ഒരു കുട്ടിക്ക് വരുന്ന ചെലവ് 528,486 ദിര്‍ഹമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഫീസ് അല്‍പം വര്‍ധിച്ചിട്ടുണ്ട്.
അതേസമയം പുസ്തകങ്ങളുടെ ചെലവ്, യാത്ര, യൂണിഫോം എന്നിവ ഒഴികെയാണ് ഇത്രയും തുക. ഉയര്‍ന്ന സ്‌കൂളുകളില്‍ ഇത് 40 ശതമാനം വരെ വര്‍ധിക്കും.
യു എ ഇയില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനാവശ്യമായ സാമ്പത്തിക ആസൂത്രണത്തിന്റെ പ്രാധാന്യത്തെകുറിച്ച് സൂറിച്ച് മിഡില്‍ ഈസ്റ്റ് അവബോധം നടത്തുന്നത്.
യു എ ഇയിലെ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന പ്രൊഫഷനുകളില്‍ മുന്നിലുള്ളത് മെഡിസിന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിനസ് ആന്‍ഡ് മാനേജ്‌മെന്റ്, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ്, എന്‍ജിനീയറിംഗ് എന്നിവയാണ്.