ആരോഗ്യ രംഗത്തെ സേവനങ്ങളില്‍ യാതൊരുവിധ അലംഭാവവും അനുവദിക്കുകയില്ല: മുഖ്യമന്ത്രി

Posted on: August 17, 2017 9:39 pm | Last updated: August 18, 2017 at 9:42 am
SHARE

തിരുവനന്തപുരം: ആരോഗ്യ രംഗത്തെ സേവനങ്ങളില്‍ യാതൊരുവിധ അലംഭാവവും അനുവദിക്കുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികള്‍ക്ക് പ്രാധാന്യം ലഭിക്കുന്ന കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ആശുപത്രികള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

രോഗികളെ ബുദ്ധിമുട്ടിക്കുന്ന നിലപാടുകള്‍ ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് ഉണ്ടാകരുത്. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെമ്മരുതി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിര്‍വഹിച്ചു.

ആരോഗ്യ രംഗത്തെ സേവനങ്ങളില്‍ യാതൊരുവിധ അലംഭാവവും അനുവദിക്കുകയില്ല. രോഗികള്‍ക്ക് പ്രാധാന്യം ലഭിക്കുന്ന കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ആശുപത്രികള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കേണ്ടി വരും. രോഗികളെ ബുദ്ധിമുട്ടിക്കുന്ന നിലപാടുകള്‍ ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് ഉണ്ടാകരുത്. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും.

സംസ്ഥാനത്ത് ആരോഗ്യകേന്ദ്രങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റമാണ് സാക്ഷാത്കരിക്കുന്നത്. ആതുര ശുശൂഷ്രാകേന്ദ്രങ്ങള്‍ എല്ലാം രോഗീസൗഹൃദമാക്കും. കുടുംബ ഡോക്ടര്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കും. ഓരോ ആളുടെയും രോഗവിവരങ്ങള്‍ മനസിലാക്കി രേഖപ്പെടുത്തി വയ്ക്കുക പ്രധാനമാണ്. നിശ്ചിത പ്രായം കഴിഞ്ഞവര്‍ക്ക് ജീവിതശൈലീ രോഗ പരിശോധന നടപ്പാക്കാന്‍ വ്യാപകമായി സൗകര്യമുണ്ടാക്കും. ഗര്‍ഭിണികള്‍ക്ക് കൃത്യമായ പരിശോധനകള്‍ യഥാസമയത്ത് ലഭ്യമാക്കാന്‍ ഇലക്ട്രോണിക് സന്ദേശം നല്‍കുന്ന സംവിധാനം നടപ്പിലാക്കും. ജനങ്ങളെ ഇക്കാര്യങ്ങളില്‍ ബോധവാന്‍മാരാക്കാന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സഹായിക്കും.

സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന് പറയുന്നത് ഇത്തരം നടപടികളിലൂടെയാണ്. മഹാഭൂരിഭാഗത്തോടൊപ്പം നില്‍ക്കുകയാണ് സര്‍ക്കാര്‍. ആരോഗ്യരംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചെയ്യേണ്ട തുടര്‍നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. കുടുബാരോഗ്യ കേന്ദ്രങ്ങളിലൂടെ നടപ്പാക്കുന്ന ചികിത്സാ മാര്‍ഗരേഖയും ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായുളള യു.എച്ച്.ഐ.ഡി കാര്‍ഡുകളുടെ വിതരണോദ്ഘാടനവും നിര്‍വഹിച്ചു.