കുറ്റകൃത്യങ്ങള്‍ കുറഞ്ഞ നഗരങ്ങള്‍; അബുദാബി ലോകത്ത് ഒന്നാമത്

Posted on: August 17, 2017 9:21 pm | Last updated: August 22, 2017 at 8:40 pm

അബുദാബി: ലോകത്ത് കുറ്റകൃത്യങ്ങള്‍ കുറഞ്ഞ സുരക്ഷിത നഗരങ്ങളുടെ മുന്നില്‍ അബുദാബി. നടപ്പുവര്‍ഷം ആദ്യ പകുതിയില്‍ നംബിയോ ഏജന്‍സി വിവിധ ലോക നഗരങ്ങളില്‍ നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പഠനത്തിലാണ് ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ തിരഞ്ഞെടുത്തത്.

334 നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ അബുദാബിയിലെ കുറഞ്ഞ കുറ്റകൃത്യ സൂചികാ നിരക്ക് 13.54ഉം സുരക്ഷിത സൂചികയില്‍ 86.46മാണ്. ഏറ്റവും കുറവ് കുറ്റകൃത്യങ്ങളുള്ള നഗരത്തോടൊപ്പം പൊതുസുരക്ഷയില്‍ 94 ശതമാനം പോയിന്റും യു എ ഇ തലസ്ഥാനം കരസ്ഥമാക്കി.
അബുദാബിക്ക് തൊട്ടുപിറകെ സ്വിറ്റ്‌സര്‍ലാന്‍ഡ് നഗരമായ ബേസിലാണ്. ജര്‍മനിയിലെ മ്യൂണിക്, സിംഗപ്പൂര്‍, കാനഡയിലെ ക്യുബെക് സിറ്റി എന്നിവയാണ് സുരക്ഷിത നഗരങ്ങളില്‍ മുന്‍പന്തിയിലുള്ള മറ്റുനഗരങ്ങള്‍. പട്ടികയില്‍ ദുബൈയും മികച്ച സ്ഥാനം കൈവരിച്ചു.

ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതും സുരക്ഷിതമല്ലാത്തതുമായ നഗരങ്ങള്‍ ഹോണ്ടുറാസിലെ സാന്‍ പെഡ്രോ സുല, പപ്പ്യൂ ന്യൂ ഗുനിയയിലെ പോര്‍ട് മോറെസ്‌ബൈ, വെനിസ്വലയിലെ കാരക്കസ് എന്നിവയാണ്. ദക്ഷിണാഫ്രിക്കയിലെ പീറ്റര്‍ മാരിസ് ബര്‍ഗ്, ബ്രസീലിലെ ഫോര്‍ട്ടലെസ എന്നിവയും സുരക്ഷിതത്വം കുറഞ്ഞ നഗരങ്ങളാണ്.

കുറ്റകൃത്യങ്ങളില്‍ പാക്കിസ്ഥാനിലെ കറാച്ചി 50ഉം ഫിലിപ്പൈന്‍സിലെ മനില 58ഉം ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹി 62-ാം സ്ഥാനത്തുമാണ്. ഇന്ത്യയിലെ സുരക്ഷിത നഗരങ്ങളില്‍ ഒന്നാം സ്ഥാനം മംഗളൂരുവും രണ്ടാമത് കൊച്ചിയുമാണ്.
2015ല്‍ ദ എകണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പഠനത്തില്‍ മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ തിരഞ്ഞെടുത്തിരുന്നു. ഡിജിറ്റല്‍ സുരക്ഷ, ആരോഗ്യ സുരക്ഷ, അടിസ്ഥാന സൗകര്യ സുരക്ഷ, സ്വയം സുരക്ഷ എന്നിവയിലും ഒന്നാം സ്ഥാനത്ത് അബുദാബിയാണ്. കഴിഞ്ഞ ജുലൈയില്‍ ലോകത്ത് ജീവിക്കാന്‍ ഏറ്റവും നല്ല നഗരങ്ങളില്‍ അബുദാബി രണ്ടാം സ്ഥാനം നേടിയിരുന്നു. ലണ്ടനേയും പാരീസിനെയും പിന്തള്ളിയാണ് അബുദാബി രണ്ടാം സ്ഥാനം കൈവരിച്ചത്.

യു എ ഇ ഗവണ്‍മെന്റ് നടപ്പാക്കുന്ന സുരക്ഷാ പദ്ധതികളുടെ പ്രതിഫലനമാണ് അബുദാബിയെ സുരക്ഷിത നഗരങ്ങളില്‍ ഒന്നാമതെത്തിച്ചതെന്ന് അബുദാബി പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി പറഞ്ഞു. മികച്ച നേട്ടം കൈവരിച്ചത് നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഒരു ആശ്ചര്യകരമായ സംഭവമല്ല. ഭരണ നേതൃത്വത്തിന്റെ നിര്‍ദേശവും കാഴ്ചപ്പാടും അനുസരിച്ച് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും മികച്ച സംരക്ഷണം നല്‍കുന്നതില്‍ അബുദാബി എന്നും നേട്ടങ്ങളുടെ നെറുകയിലാണ്. 200ലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇന്ന് അബുദാബിയില്‍ ജീവിക്കുന്നു. ഓരോ വര്‍ഷവും ഏഴ് ശതമാനം വിദേശികള്‍ വര്‍ധിക്കുന്നുണ്ട്. കമ്മ്യൂണിറ്റി പോലീസ് പദ്ധതിയിലൂടെ പൊതുജനങ്ങളോട് ഇടപഴകി ആവശ്യങ്ങള്‍ നിറവേറ്റി നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

34,000ത്തിലധികം പോലീസ് ഓഫീസര്‍മാരാണ് ഇപ്പോള്‍ അബുദാബിയിലുള്ളത്. 2021ഓടെ ഓഫീസര്‍മാരുടെ എണ്ണം 47,500 ആകും. 58 ആളുകള്‍ക്ക് ഒരു പോലീസ് ഓഫീസര്‍ എന്ന അനുപാതത്തിലേക്ക് എത്തിക്കും, പോലീസ് മേധാവി വ്യക്തമാക്കി.