Connect with us

Gulf

വീടുകളില്‍ പച്ചക്കറി ഉത്പാദനത്തിന് ക്യു ഡി ബി പദ്ധതി

Published

|

Last Updated

കഹ്‌റമ സംഘടിപ്പിച്ച ഫോറത്തില്‍ പങ്കെടുത്ത
വിദഗ്ധര്‍

ദോഹ: വീടുകളില്‍ പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിന് ഖത്വര്‍ ഡെവലപ്‌മെന്റ് ബേങ്കിന്റെ (ക്യു ഡി ബി) പദ്ധതി. രാജ്യത്ത് പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ഈ പദ്ധതി പ്രകാരം നിശ്ചിത തുക ഓരോ വീടിനും നല്‍കുമെന്ന് സി ഇ ഒ അബ്ദുല്‍ അസീസ് ബിന്‍ നാസര്‍ അല്‍ ഖലീഫ അറിയിച്ചു.
രാജ്യത്ത് ഹരിത ഭവനങ്ങല്‍ നിര്‍മിക്കുന്നതിന് ജനറല്‍ അതോറിറ്റി ഫോര്‍ സ്‌പെസിഫിക്കേഷന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡൈസേഷനുമായി സഹകരിച്ച് ക്യു ഡി ബി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം നിര്‍മിക്കുന്ന ഹരിത ഭവനങ്ങള്‍ വീട്ടുമസ്ഥകര്‍ക്ക് നിരവധി ചെലവുചുരുക്കല്‍ അവസരങ്ങളാണ് നല്‍കുന്നത്. പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങളായ ഇവ വൈദ്യുതി സംരക്ഷിക്കുകയും ജലോപയോഗം കുറക്കുകയും ചെയ്യുന്നു. സക്രിയ ആശയങ്ങളും നൂതനത്വം പരിപോഷിപ്പിക്കുന്നതിന് സമയബന്ധിതമായി ബേങ്ക് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും ഉത്പന്നങ്ങളുടെ പരസ്യത്തിന് പുതിയ സമീപനമാണ് സ്വീകരിക്കുന്നതെന്നും കഹ്‌റമ ഫോറത്തില്‍ അദ്ദേഹം പറഞ്ഞു.

ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തിയുള്ള ലക്ഷ്യങ്ങളിലേക്ക് ഖത്വര്‍ അടുക്കുന്നതായി പ്രമുഖ പ്രാദേശിക ഭക്ഷ്യ കമ്പനിയായ ഹസ്സാദ് അറിയിച്ചു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യം ഭക്ഷ്യസുരക്ഷ കൈവരിക്കുമെന്ന് ഹസ്സാദ് ഫുഡ് കമ്പനി സി ഇ ഒ മുഹമ്മദ് ബാദര്‍ അല്‍ സാദ പറഞ്ഞു. കഹ്‌റമ സംഘടിപ്പിച്ച ഫോറത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഉപരോധത്തിന്റെ ആദ്യം മുതല്‍ തന്നെ രാജ്യത്തെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഹസ്സാദ് കൃത്യമായ പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ഭക്ഷ്യ ആവശ്യം നിറവേറ്റുന്നതില്‍ ഉചിതമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് കമ്പനി ആഭ്യന്തര യോഗങ്ങള്‍ ചേരുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഉപരോധം തുടങ്ങി 24 മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ആവശ്യമായ ഭക്ഷ്യോത്പന്നങ്ങളുമായി ആദ്യ വിമാനമെത്തിയിരുന്നു. അഞ്ച് ദിവസം കഴിഞ്ഞപ്പോഴേക്കും പ്രാദേശിക വിപണിക്കാവശ്യമായ എല്ലാ ഭക്ഷ്യോത്പന്നങ്ങളും എത്തിക്കാനായി. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ കൈവരിക്കുന്നതിനുള്ള ലക്ഷ്യം നേടാന്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധമാണ്.

എല്ലാ ദേശീയ ഭക്ഷ്യ ഉത്പന്നങ്ങളുടെയും അമ്പത്് ശതമാനം ഹസ്സാദാണ് ഉത്പാദിപ്പിക്കുന്നത്. രാജ്യത്തെ ആവശ്യകതയുടെ ഏഴ് ശതമാനം നിറവേറ്റാനെ ഇതിലൂടെ സാധിക്കുന്നുള്ളു. ചുരുങ്ങിയ കാലത്തിനുള്ളില്‍ രാജ്യത്തെ എല്ലാ മേഖലകളിലേയും ഉത്പാദനം വര്‍ധിപ്പിക്കാനായി നിരവധി പദ്ധതികളാണ് ഹസ്സാദ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest