Connect with us

Qatar

എക്‌സ്പ്രസ് വേയുടെ തെക്കുഭാഗവും ഹമദ് പോര്‍ട്ട് റോഡും തുറന്നു

Published

|

Last Updated

ദോഹ: ദോഹ എക്‌സ്പ്രസ് ഹൈവേയുടെ തെക്കന്‍ ഭാഗവും ഹമദ് പോര്‍ട്ട് റോഡും പൊതു മരാമത്ത് അതോറിറ്റി (അശ്ഗാല്‍) ഗതാഗതത്തിനായി തുറന്നു. അല്‍ വക്‌റ പ്രധാന പാതയിലെ വാഹനത്തിരക്ക് കുറക്കാന്‍ ദോഹ എക്‌സ്പ്രസ്‌വേയുടെ തെക്കന്‍ ഭാഗം തുറന്നതിലൂടെ സാധിക്കും. ദോഹയുടെ തെക്കുഭാഗത്തെ വടക്കുമായി ബന്ധിപ്പിക്കുന്ന ഈ പാതയില്‍ ഓരോ ദിശയിലേക്കും അഞ്ച് വരികളാണുള്ളത്. റോഡുകളുടെ ഉദ്ഘാടനത്തില്‍ ഗതാഗത, ആശയവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്വി, നഗരസഭ, പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹി, അശ്ഗാല്‍ പ്രസിഡന്റ് ഡോ. സഅദ് ബിന്‍ അഹ്മദ് അല്‍ മുഹന്നദി തുടങ്ങിയവര്‍ പങ്കെടുത്തു.

രാജ്യത്തെ പ്രധാന പദ്ധതിയായ എക്‌സ്പ്രസ്‌വേ പദ്ധതികളുടെ ഭാഗമാണ് ഈ പാതകള്‍. അല്‍ വക്‌റ, അല്‍ വുകൈര്‍, അല്‍ മശാഫ് തുടങ്ങിയ രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങള്‍ക്കാണ് ഇവയുടെ കൂടുതല്‍ പ്രയോജനം. ദോഹ എക്‌സ്പ്രസ്‌വേയുടെ തെക്ക് ഭാഗത്ത് ഇരു ദിശകളിലേക്കും മൊത്തം 11 കിലോമീറ്റര്‍ നീളം വരുന്ന കാര്യേജ്‌വേയും ഇന്റര്‍ചേഞ്ചുകളും എക്‌സിറ്റ് വഴികളുമുണ്ട്. രാജ്യത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് നേരിട്ട് വടക്കുഭാഗത്തേക്ക് പോകാന്‍ സഹായിക്കുന്നതാണ് ഈ പാത. 11 കിലോമീറ്റര്‍ ഹൈവേ ജി റിംഗ് റോഡിനെ മിസഈദ് റോഡുമായി ബന്ധപ്പിക്കും. അല്‍ വക്‌റ, അല്‍ വുകൈര്‍, അല്‍ മശാഫ് പ്രദേശങ്ങളിലേക്ക് എളുപ്പത്തിലെത്താം. അല്‍ വക്‌റ പ്രധാന പാതക്കുള്ള ബദല്‍ റോഡ് കൂടിയാണിത്.

അഞ്ച് മള്‍ട്ടി ലെവല്‍ ഇന്റര്‍ചേഞ്ചുകളാണ് ദോഹ എക്‌സ്പ്രസ് ഹൈവേയിലുള്ളത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാകും. പദ്ധതിയില്‍ 42 കിലോമീറ്റര്‍ ദൂരത്തില്‍ നടപ്പാതയും സൈക്കിള്‍ ട്രാക്കുകളുമുണ്ടാകും.

ഹമദ് പോര്‍ട്ട് റോഡിന്റെ ഇരു ദിശകളിലേയും നാല് വരികളും ഗതാഗതത്തിനായി തുറന്നിട്ടുണ്ട്. ഹമദ് പോര്‍ട്ടിനെ ജി റിംഗ് റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് 14 കിലോമീറ്റര്‍ നീളമാണുള്ളത്. ഹമദ് തുറമുഖത്തിനും ഇന്‍ഡസ്ട്രിയല്‍ ഏരിയക്കും ഇടയിലുള്ള ട്രക്കുകളുടെ ഗതാഗതം സുഗമമാക്കുന്നതാണ് ഈ റോഡ്. ഓര്‍ബിറ്റല്‍ ഹൈവേക്ക് പകരമുള്ള ഇടനാഴി കൂടിയാണ് ഈ റോഡ്. ഓരോ ദിശയിലേക്കും 8000 വാഹനങ്ങളുടെ ശേഷിയുള്ള റോഡ്, യാത്രാസമയം 15 ശതമാനം കുറക്കും.

മിസഈദ് റോഡില്‍ നിന്ന് ജി റിംഗ് റോഡിലേക്കുള്ള ഉം അല്‍ ഹൗല്‍ ഇന്റര്‍ചേഞ്ചില്‍ നിന്നാണ് ഈ റോഡ് ആരംഭിക്കുന്നത്.
രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തെ വടക്കുമായി ബന്ധിപ്പിക്കുന്ന വലിയ പദ്ധതികളുടെ ഭാഗങ്ങള്‍ അശ്ഗാല്‍ ഈയടുത്ത് തുറന്നിരുന്നു. ചരക്കുകളുടെ ഗതാഗതം സുഗമമാക്കുന്നതിനായി ഹമദ് പോര്‍ട്ടിനെ ബന്ധപ്പിക്കുന്ന പദ്ധതികളായിരുന്നു ഇവയില്‍ അധികവും. കഴിഞ്ഞ മാസം 125 കിലോമീറ്റര്‍ വരുന്ന ഓര്‍ബിറ്റല്‍ ഹൈവേയുടെയും ട്രക്ക് റൂട്ടിന്റെയും ആദ്യഭാഗം തുറന്നിരുന്നു.

 

Latest