ഐ സി സി മെഗാ കള്‍ചറല്‍ ഫെസ്റ്റ് പതിനെട്ടിന്

Posted on: August 17, 2017 7:33 pm | Last updated: August 17, 2017 at 7:33 pm
ഐ സി സി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

ദോഹ: ഇന്ത്യന്‍ സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐ സി സി) സംഘടിപ്പിക്കുന്ന മെഗാ കള്‍റല്‍ ഫെസ്റ്റ് ഈ മാസം 18ന് വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ വക്‌റ സ്‌പോര്‍ട്‌സ് ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ അംബാസിഡര്‍ പി കുരമരന്‍ ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് ഐ സി സി പ്രസിഡന്റ് മിലന്‍ അരുണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

12 ടീമുകള്‍ പങ്കെടുക്കുന്ന വ്യത്യസ്തവും ആകര്‍ഷകവുമായ കലാപരിപാടികളാണ് അരങ്ങേറുക. പലഭാഗങ്ങളലായി ഇതിനുള്ള പരിശീലനം നടന്നു വരികയാണ്. ഡാന്‍സ്, സ്‌കിറ്റ്, ഗാനങ്ങള്‍ തുടങ്ങി സ്വാതന്ത്ര്യ സമരത്തെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും ജീവിതത്തെയും ആവിഷ്‌കരിക്കുന്ന പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വളരെ ആകര്‍ഷകവും ഇന്ത്യക്കാരെ സംബന്ധിച്ച് മാതൃരാജ്യത്തോടുള്ള അടുപ്പവും കാഴ്ച്ചപ്പാടുകളും ഉണര്‍ത്തുന്നതും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു ഇന്നത്തെ തലമുറക്കു വേണ്ടി ഒരുക്കിത്തന്ന മുന്‍തലമുറക്കുള്ള സമര്‍പ്പണമായാണ് പരിപാടി ഒരുക്കുന്നതെന്ന് മിലന്‍ അരുണ്‍ പറഞ്ഞു.

രണ്ടായിരത്തോളം ആസ്വാദകരെ പ്രതീക്ഷിക്കുന്ന പരിപാടിയിയില്‍ ക്ഷണക്കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഐ സി സി ഓഫീസില്‍ നിന്നും ഇന്ത്യക്കാര്‍ക്ക് ക്ഷണക്കത്ത് ലഭിക്കും. കമ്പനി ജീവനക്കാര്‍ക്കു വേണ്ടി മാനേജര്‍മാരിലൂടെ ക്ഷണക്കത്ത് വിതരണം ചെയ്യുമെന്ന് ഐ സി സ് വൈസ് പ്രസിഡന്റ് എ പി മണികണ്ഠനും ജന. സെക്രട്ടറി ജൂട്ടാസ് പോളും പറഞ്ഞു.

ഖത്വറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍നിന്ന് സയന്‍സ്, കൊമേഴ്‌സ് വിഭാഗങ്ങളില്‍ മികച്ച വിജയം നേടിയ തന്‍സീഹ അബ്ദുല്‍ ഗഫൂര്‍ (എം ഇ എസ്), അനുഗ്രഹ അരുണ്‍ (മോഡേണ്‍), മറിയം മുഹമ്മദലി (എം ഇ എസ്), പരം കാര്‍തിക് കുമാര്‍ താക്കര്‍ (ഡി പി എസ്-എം ഐ എസ്) എന്നീ വിദ്യാര്‍ഥികള്‍ക്ക് കെ സി വര്‍ഗീസ് മെമ്മോറിയല്‍ അവാര്‍ഡ് വേദിയില്‍വെച്ച് സമ്മാനിക്കും. സ്വാതന്ത്യദിന കവിത, പ്രബന്ധരചന മത്സര ജേതാക്കളായ ദേവേന്ദ്ര മിശ്ര, കിഷോര്‍ വെങ്കിടേശന്‍, പരിസ്ഥിതി ദിനാചാരണത്തോടനുബന്ധിച്ചു നടത്തിയ പ്രമേയ മത്സരജേതാക്കളായ ഡിംപില്‍ വര്‍മ, ശ്രീശങ്കരി എന്നിവര്‍ക്കും ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.