നടിക്ക് എതിരായ പരാമര്‍ശം: പിസി ജോര്‍ജിന്റെ മൊഴിയെടുക്കാന്‍ വനിതാ കമ്മീഷന്‍ അനുമതി തേടി

Posted on: August 17, 2017 5:21 pm | Last updated: August 17, 2017 at 5:21 pm

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് എതിരെ നിരന്തരം പരാമര്‍ശം നടത്തുന്ന പി സി ജോര്‍ജ് എംഎല്‍എയുടെ മൊഴിയെടുക്കാന്‍ വനിതാ കമ്മീഷന്‍ സ്പീക്കറുടെ അനുമതി തേടി. ജോര്‍ജിന്റെ നടപടിയിലുള്ള അതൃപ്തിയും കമ്മീഷന്‍ സ്പീക്കറെ അറിയിച്ചു.

വനിത കമ്മീഷന് ഒരു വിലയും കല്‍പ്പിക്കാതെ നടിക്കെതിരെ നിരന്തരം പരാമര്‍ശം നടത്തുന്ന പി സി ജോര്‍ജിന്റെ നടപടിയാണ് കമ്മീഷനെ ചൊടിപ്പിച്ചത്. ക്രൂരമായി ആക്രമിക്കപ്പെട്ടുവെങ്കില്‍ എങ്ങനെ പിറ്റേ ദിവസം സിനിമയില്‍ അഭിനയിക്കാ പോയി എന്നതടക്കം പരാമര്‍ശങ്ങള്‍ പി സി നടത്തിയിരുന്നു. വനിതാ കമ്മീഷന് എതിരെയും വിവാദ പരാമര്‍ശമുണ്ടായി. വനിതാ കമ്മീഷന്‍ തന്റെ മൂക്ക് ചെത്താന്‍ വന്നാല്‍ മൂക്ക് മാത്രമല്ല മറ്റു പലതും വരുന്നവര്‍ക്ക് നഷ്ടമാകും എന്നായിരുന്നു പിസിയുടെ പരാമര്‍ശം.

നടിക്കെതിരായ പിസിയുടെ നിലപാടുകള്‍ മനുഷ്യത്വരഹിതമാണെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് കമ്മീഷന്‍ സ്പീക്കറെ സമീപിച്ചിരിക്കുന്നത്.