Connect with us

National

പീഡനത്തിന് ഇരയായി ഗര്‍ഭിണിയായ പത്ത് വയസ്സുകാരി പ്രസവിച്ചു

Published

|

Last Updated

ചണ്ഡീഗഢ്: പീഡനത്തിന് ഇരായി ഗര്‍ഭിണിയാക്കപ്പെട്ട പത്ത് വയസ്സുകാരി പെൺകുട്ടിക്ക് ജന്മം നൽകി. ചണ്ഡീഗഢിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിക്ക് 2.2 കിലോഗ്രാം തൂക്കമുണ്ട്. പെണ്‍കുട്ടി സുഖം പ്രാപിച്ച് വരുന്നു. പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.

മൂന്ന് ഗൈനക്കോളജിസ്റ്റുകളും ഒരു അനസ്‌തേഷ്യസ്റ്റും ഒരു ന്യൂറോളജിസ്റ്റും ഒരു ശിശുരോഗ വിദഗ്ധനും അടങ്ങിയ ഡോക്ടര്‍മാരുടെ സംഘമാണ് സിസേറിയന് മേല്‍നോട്ടം വഹിച്ചത്. കുട്ടിക്ക് പ്രായം കുറവായതിനാല്‍ അതീവ സങ്കീര്‍ണമായിരുന്നു ശസ്ത്രക്രിയയെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയുടെ ചികിത്സാ ചെലവുകള്‍ ചണ്ഡീഗഢ് ഭരണകൂടമാണ് വഹിക്കുന്നത്. അതേസമയം താന്‍ കുഞ്ഞിന് ജന്‍മം നലകുകയാണെന്ന് ബാലിക അറിഞ്ഞിരുന്നില്ല. വയറ്റിലെ മുഴ എടുത്ത് കളയാന്‍ ഓപ്പറേഷന്‍ നടത്തുന്നുവെന്നാണ് ബാലികയുടെ മാതാപിതാക്കള്‍ അവളോട് പറഞ്ഞത്.

അമ്മാവന്‍ മാസങ്ങളോളം പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ബാലിക ഗര്‍ഭം ധരിച്ചത്. ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈയില്‍ മാതാപിതാക്കള്‍ സുപ്രിം കോടതിയെ സമീപിച്ചുവെങ്കിലും കോടതി അനുവദിച്ചില്ല. 32 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് കാണിച്ച് ഈ ഹര്‍ജി സുപ്രിം കോടതി തള്ളുകയായിരുന്നു.

Latest