വിജിലന്‍സ് കമ്മീഷനും ഡയറക്ടറേറ്റും രൂപവത്കരിക്കണം; ഭരണപരിഷ്‌കാര കമ്മീഷന്‍ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Posted on: August 17, 2017 2:39 pm | Last updated: August 17, 2017 at 4:54 pm

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്‍ സര്‍ക്കാറിന് ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്ര മാതൃകയില്‍ വിജിലന്‍സ് കമ്മീഷന്‍ രൂപവത്കരിക്കണമെന്നും വിജിലന്‍സ് ഡയറക്ടറേറ്റ് രൂപവത്കരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. ഇന്നുരാവിലെ 11 മണിയോടെ മുഖ്യമന്ത്രിയെ നിയമസഭയില്‍ കണ്ടാണ് വിഎസും കമ്മീഷന്‍ അംഗങ്ങളും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അഴിമതിക്കാര്‍ എത്ര ഉന്നതരായാലും പരമാവധി വേഗത്തില്‍ കടുത്ത ശിക്ഷ ഉറപ്പാക്കുകയും, നിരപരാധികളെ തേജോവധം ചെയ്യുന്നതില്‍ നിന്ന് രക്ഷിക്കുകയുമാണ് വിജിലന്‍സ് കമ്മീഷന്റ ലക്ഷ്യം. കള്ളപ്പരാതികളിലൂടെ അന്വേഷണോദ്യോഗസ്ഥരെയും കോടതികളെയും ദുരുപയോഗം ചെയ്യുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കും.

ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ ആയിരിക്കണം വിജിലന്‍സ് കമ്മീഷന്റെ അദ്ധ്യക്ഷന്‍. ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡിജിപി, എഡിജിപി പദവികളിലേതെങ്കിലും വഹിച്ചിട്ടുള്ള രണ്ട് പേരായിരിക്കണം മറ്റ് അംഗങ്ങള്‍. അധ്യക്ഷനെയും അംഗങ്ങളെയും തിരഞ്ഞെടുക്കാന്‍ പ്രത്യേക സമിതി വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.