ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി

Posted on: August 17, 2017 1:54 pm | Last updated: August 17, 2017 at 2:22 pm

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി. ഇന്ന് രാവിലെ 10.54നാണ് ഡല്‍ഹിയിലെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഒരു മണിക്കൂറിനുള്ളില്‍ കോടതി സമുച്ചയത്തില്‍ സ്‌ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും പോലീസും ഡോഗ് സ്‌ക്വാഡും കോടതിയില്‍ പരിശോധന നടത്തി. അഗ്‌നിശമന സേനയും സ്ഥലത്തെത്തി. പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഉത്തര്‍പ്രദേശിലെ ഒരു നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. 2011 സെപ്തംബറില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഗേറ്റിന് പുറത്തുണ്ടായ സ്‌ഫോടനത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.