ഇസ്‌റത്ത് ജഹാന്‍ കേസ്: പോലീസ് ഉദ്യോഗസഥര്‍ ഉടൻ രാജിവെക്കണമെന്ന് സുപ്രീം കോടതി

Posted on: August 17, 2017 1:16 pm | Last updated: August 17, 2017 at 2:26 pm
എൻകെ അമിൻ

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഇസ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഇന്ന് രാജിവെക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീം കോടതി ശക്തമായി നിരീക്ഷണങ്ങള്‍ നടത്തിയ സാഹചര്യത്തിലാണ് നടപടി. ഇരുവരും സമർപ്പിച്ച സത്യവാങ്മൂലം പരിഗണിച്ച സുപ്രീം കോടതി രണ്ട് പേരും ഇന്ന് വെെകുന്നേരത്തിനകം രാജിവെക്കണമെന്ന് കർശന നിർദേശം നൽകി. ഇതിന് പിന്നാലെയാണ് ഇവർ രാജിക്കാര്യ‌ം പ്രഖ്യാപിച്ചത്.

പോലീസ് ഉദ്യോഗസ്ഥരായ എന്‍ കെ അമിന്‍, തരുണ്‍ ബാരറ്റ് എന്നിവരാണ് രാജിവെക്കുന്നത്. ഗുജറാത്ത് പോലീസില്‍ നിന്ന് വിരമിച്ച ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പുനര്‍ നിയമനം നല്‍കുകയായിരുന്നു. ഇതിനെതിരെ മറ്റൊരു വിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇരുവര്‍ക്കും എതിരെ കോടതി നടപടി എടുക്കണോ അതോ സംസ്ഥാന സര്‍ക്കാര്‍ തന്നെ നടപടി എടുക്കുമോ എന്ന് സുപ്രീം കോടതി ബുധനാഴ്ച ചോദിച്ചിരുന്നു. വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിച്ച കോടതി പോലീസ് ഉദ്യോഗസ്ഥർ രാജിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

തപി ജില്ലയിലെ എസ് പിയായാണ് അമിന് പുനര്‍ നിയമനം നല്‍കിയത്. ബാരറ്റിന് റെയില്‍വേ പോലീസില്‍ ഡപ്യൂട്ടി സുപ്രണ്ടന്റായും നിയമനം നല്‍കി. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ രാഹുല്‍ ശര്‍മയാണ് ഇതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.