ഗൊരഖ്പൂര്‍ ദുരന്തം: ഓക്‌സിജന്‍ വിതരണത്തില്‍ ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട്

Posted on: August 17, 2017 1:12 pm | Last updated: August 17, 2017 at 1:12 pm

ഗൊരഖ്പൂര്‍: ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരില്‍ ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാഴ്ചക്കിടെ എഴുപതിലധികം കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയത് ഓക്‌സിജന്‍ വിതരണത്തിലെ അപാകതയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

സംഭവത്തില്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍കെ മിശ്ര, അനസ്‌തേഷ്യ വിഭാഗം തലവന്‍ സതീഷ് കുമാര്‍ എന്നിവര്‍ക്ക് വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ആശുപത്രിയിലേക്കുള്ള ഒക്‌സിജന്‍ വിതരണം നിലച്ചതിന്റെ ഉത്തരവാദിത്വം പുഷ്പ സെയില്‍സിനാണ്. ഓക്‌സിജന്‍ വാങ്ങുന്നതും വീണ്ടും നിറക്കുന്നതും രേഖപ്പെടുത്തുന്ന ലോഗ്ബുക്കില്‍ തിരുത്തലുകള്‍ വരുത്തിയതായും ജില്ലാ ഭരണകൂടം കണ്ടെത്തി.

അതേസമയം, കുഞ്ഞുങ്ങള്‍ മരിച്ചത് ഓക്‌സിജന്‍ ലഭിക്കാതെയാണെന്ന ആരോപണം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ സംഘം തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ് മരണനിരക്കാണ് ആശുപത്രിയില്‍ ഉണ്ടായിരിക്കുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.