മഴക്കെടുതിയില്‍ വന്‍ നാശം; ബംഗളൂരുവില്‍ ജനജീവിതം ദുസ്സഹം

Posted on: August 17, 2017 1:08 pm | Last updated: August 17, 2017 at 1:09 pm

ബെംഗളൂരു: രണ്ടു ദിവസത്തെ ശക്തമായ മഴ സമ്മാനിച്ച കെടുതികളില്‍ നിന്ന് നഗരം സാവകാശം മുക്തമാകുന്നു. ഒട്ടുമിക്ക പ്രദേശങ്ങളേയും വെള്ളത്തിലാഴ്ത്തിയ മഴ കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചയോടെയായിരുന്നു ആരംഭിച്ചത്. റോഡും വീടും കടകളുമെല്ലാം വെള്ളത്തിലായതിനെത്തുടര്‍ന്ന് അതാത് പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോയവര്‍ ഇന്നലെ മുതല്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്.

എന്നാല്‍, വാഹനങ്ങളും ഇലക്ട്രോണിക് സാധനങ്ങളുമടക്കം നിരവധി നാശ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നാണ് പലയിടങ്ങളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പലചരക്കു കടകളില്‍ നിന്നടക്കം ഒട്ടനവധി സാധനങ്ങള്‍ എടുത്ത് ഒഴിവാക്കേണ്ട സ്ഥിതിയാണുളളത്. പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് തെരുവുകളും മറ്റും അടിയന്തിരമായി വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മേയര്‍ ജി പത്മാവതി പറഞ്ഞു. മഴ സമയത്ത് നിരവധി മരങ്ങള്‍ കടപുഴകി വീണതിനാല്‍ പലയിടങ്ങളിലും വൈദ്യുതി വിതരണവും നിലച്ചിരിക്കുകയാണ്. ലഭിച്ച പരാതികളുടെ മുന്‍ഗണനാക്രമമനുസരിച്ച് വൈദ്യുതി സംവിധാനം പുനഃസ്ഥാപിക്കുന്നുണ്ടെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.

അതെ സമയം, മഴയെത്തുടര്‍ന്ന് നഗരത്തിലെ 262 ഓളം തടാകങ്ങള്‍ നിറഞ്ഞു കവിഞ്ഞു. പലയിടങ്ങളില്‍ നിന്നും വിഷദ്രാവകവും ഒഴുകി വരുന്നുണ്ട്.
പ്രധാന റോഡുകളിലുപരിയായി ചെറു റോഡുകളെ മഴക്കെടുതിയില്‍ നിന്നും മുക്തമാക്കാനാണ് ഏറെ പണിപ്പെടേണ്ടി വന്നതെന്ന് പോലീസുദ്യോഗസ്ഥര്‍ പറഞ്ഞു. മഴയെത്തുടര്‍ന്ന് കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പല വിമാനങ്ങളും വൈകിയാണ് ഇറങ്ങാന്‍ കഴിഞ്ഞത്.

മഴക്കെടുതി മൂലം കേടായതിനെത്തുടര്‍ന്നും ജീവനക്കാര്‍ക്ക് എത്താന്‍ കഴിയാത്തതിനാലും നൂറോളം ബസുകളാണ് ബി എം ടി സി ബുധനാഴ്ച റദ്ദാക്കിയത്. റോഡുകളില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരുന്നു. നൂറുകണക്കിന് വീടുകളും വാഹനങ്ങളും വെള്ളം കയറി നശിച്ചിട്ടുണ്ട്. ഇന്ദിരാനഗര്‍, അള്‍സൂര്‍, വിവേക് നഗര്‍, ശിവാജി നഗര്‍, ശാന്തിനഗര്‍,ബൈലേഗഹള്ളി, അനുഗ്രഹ ലേഔട്ട്, വില്‍സന്‍ ഗാര്‍ഡന്‍, കോറമംഗല എന്നീ മേഖലകളില്‍ വെള്ളപ്പൊക്കം ജനജീവിതം സ്തംഭിപ്പിച്ച നിലയിലായിരുന്നു.

അതെ സമയം, കഴിഞ്ഞ 127 വര്‍ഷത്തിനിടക്ക് ആദ്യമായാണ് ഇത്രയും അളവിലുള്ള മഴ ഒറ്റ ദിവസമുണ്ടാകുന്നതെന്ന് കാലാവസ്ഥാനിരീക്ഷണ വിഭാഗം അറിയിച്ചു. 1890ല്‍ കാലാവസ്ഥാനിരീക്ഷണ വിഭാഗത്തിന്റെ കണക്കനുസരിച്ച് 166 മില്ലീമീറ്റര്‍ മഴയാണ് ഒരു ദിവസം പെയ്തത്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ദിവസം രണ്ടു തവണയായി 143.8 മില്ലിമീറ്റര്‍ മഴയുണ്ടായിട്ടുണ്ട്. ഈയടുത്ത് 2009ലണ് ബെംഗളൂരുവില്‍ കൂടുതല്‍ മഴയുണ്ടായത്. 77 മില്ലിമീറ്റര്‍.

ഓടകളിലെ മാലിന്യം സമയബന്ധിതമായി നീക്കാത്തതാണ് രൂക്ഷമായ വെള്ളപ്പൊക്കത്തിന് വഴി വച്ചതെന്ന് പലരും സമൂഹ മാധ്യമങ്ങളില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, ഇന്നലെ രാത്രി നഗരത്തില്‍ വീണ്ടും മഴ പെയ്തു. വിറ്റല്‍ മല്യ റോഡിലും കോര്‍പ്പറേഷന്‍ സര്‍ക്കിളിലുമെല്ലാം ഇന്നലത്തെ മഴയില്‍ നന്നായി വെള്ളം കയറിയിട്ടുണ്ട്.