മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയത് ചട്ടങ്ങള്‍ ലംഘിച്ച്; നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: ആര്‍ എസ് എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ ഭഗവത് എയ്ഡഡ് സ്‌കൂളിലെ പതാക ഉയര്‍ത്തിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് സ്‌കൂളില്‍ പതാക ഉയര്‍ത്തിയതെന്നും നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പതാക ചട്ടങ്ങളില്‍ ലംഘനം ഉണ്ടായതായി ജില്ലാ കലക്ടര്‍ മേരിക്കുട്ടിക്ക് തഹസില്‍ദാര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്‌കൂളിനെതിരെ കേസെടുക്കാനും പ്രധാന അധ്യാപകനെതിരെ നടപടിയെടുക്കാനും ജില്ലാ കലക്ടര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പാലക്കാട് മൂത്താംതറ സ്‌കൂളിലാണ് മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയത്. എയ്ഡഡ് സ്‌കൂളുകളില്‍ പി ടി എ, സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികളോ ജനപ്രതിനിധികളോ അല്ലാത്ത മറ്റൊരു സംഘടനാ നേതാക്കളും പതാക ഉയര്‍ത്തരുതെന്ന ചട്ടം ലംഘിച്ചാണ് മോഹന്‍ഭഗവത് പതാക ഉയര്‍ത്തിയത്. മോഹന്‍ ഭഗവത് സ്‌കൂളില്‍ പതാക ഉയര്‍ത്തുന്നത് തടഞ്ഞു കൊണ്ട് കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ചാണ് പതാക ഉയര്‍ത്തിയത്.
Posted on: August 17, 2017 12:42 pm | Last updated: August 17, 2017 at 1:59 pm