തോമസ് ചാണ്ടിയെയും പിവി അന്‍വറിനെയും ന്യായീകരിച്ച് മുഖ്യമന്ത്രി

Posted on: August 17, 2017 12:05 pm | Last updated: August 17, 2017 at 2:57 pm

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കും പി വി അന്‍വര്‍ എംഎല്‍എക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിഷേധിച്ചു. തോമസ് ചാണ്ടിക്ക് എതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും അന്‍വറിന്റെ പാര്‍ക്ക് നിയമാനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇരുവര്‍ക്കും എതിരായ ആരോപണങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

തോമസ് ചാണ്ടി കായല്‍ കൈയേറി എന്ന ആരോപണം ശരിയല്ല. ഒമ്പത് കുടുംബങ്ങള്‍ താമസിക്കുന്ന കോളനിക്ക് വേണ്ടിയാണ് റോഡ് പണിതത്. തോമസ് ചാണ്ടിയുടെ കായല്‍ തീര റിസോര്‍ട്ടിന് സമീപം പ്ലാസ്റ്റിക് കെട്ടി തിരിച്ചത് പോള കയറാതിരിക്കാന്‍ ആണ്. സ്ഥിരമായ നിര്‍മാണങ്ങള്‍ അവിടെ നടന്നിട്ടില്ല. അങ്ങനെ ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് എല്ലാ ചട്ടങ്ങളും പാലിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശയമായ എല്ലാ ലൈസന്‍സുകളും പാര്‍ക്കിന് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ എല്ലാവര്‍ക്കും ഒപ്പം നില്‍ക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ തോമസ് ചാണ്ടിക്കും അന്‍വറിനും ഒപ്പം നില്‍ക്കുന്നതാണ് കാണുന്നതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ വിടി ബല്‍റാം ആരോപിച്ചു. ഒരു മന്ത്രിയും എംഎല്‍എയും നടത്തിയ അധികാര ദുര്‍വിനിയോഗത്തെ കുറിച്ച് വിശദമായി അന്വേഷിക്കണം. തോമസ് ചാണ്ടിയോട് മുഖ്യമന്ത്രിക്ക് എന്താണ് കടപ്പാടെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മന്ത്രിസ്ഥാനം മാത്രമല്ല, എംഎല്‍എ സ്ഥാനവും രാജിവെക്കുമെന്ന് തോമസ് ചാണ്ടി സഭയില്‍ പറഞ്ഞു.