Connect with us

National

സ്വാതന്ത്ര്യ ദിനം: മദ്‌റസകള്‍ക്കെതിരെ യു പി സര്‍ക്കാര്‍ നടപടിക്ക്

Published

|

Last Updated

ലക്‌നോ: സ്വാതന്ത്ര്യ ദിനത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചില്ലെന്നാരോപിച്ച് സംസ്ഥാനത്തെ മദ്‌റസകള്‍ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടിക്ക്. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മദ്‌റസകള്‍ക്ക് പ്രത്യേക സര്‍ക്കുലര്‍ അയച്ചിരുന്നു. മുസ്‌ലിം സംഘടനകളില്‍ നിന്ന് വന്‍ പ്രതിഷേധമാണ് സര്‍ക്കുലറിനെതിരെ ഉയര്‍ന്നത്. നിര്‍ദേശങ്ങള്‍ ലംഘിച്ച മദ്‌റസകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മിക്ക മദ്‌റസകളിലും നിര്‍ദേശമനുസരിച്ച് ദേശീയ ഗാനം ചൊല്ലിയിട്ടില്ലെന്ന് സര്‍ക്കാറിന് വിവരം ലഭിച്ചതായി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്ത മദ്‌റസകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ലഭിച്ച പരാതികളുടെ സാധുത പരിശോധിച്ച് നടപടിയെടുക്കും. ഇതിനാവശ്യമായ തെളിവുകള്‍ ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാത്ത പല മദ്‌റസകളിലും പ്രശസ്ത ഉറുദു കവി മുഹമ്മദ് ഇഖ്ബാലിന്റെ സാരേ ജഹാംസെ അച്ചാ എന്ന ദേശഭക്തി ഗാനം ആലപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സ്വാതന്ത്ര്യദിനത്തിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ വീഡിയോ ഹാജരാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഭൂരിഭാഗം മദ്‌റസാധികൃതരും സര്‍ക്കാറിന് ഇത് നല്‍കിയിരുന്നില്ല.

Latest