ദേശീയ പതാകയോട് അനാദരവ്: ലീഗ് നേതാക്കള്‍ അറസ്റ്റില്‍

Posted on: August 17, 2017 10:25 am | Last updated: August 17, 2017 at 10:25 am
SHARE

താമരശ്ശേരി: ദേശീയ പതാകയോട് അനാദരവ് കാണിച്ചുവെന്ന പരാതിയില്‍ മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു. കോരങ്ങാട്ട് മുസ്ലിംലീഗ് കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം എല്‍ എ യുമായ സി മോയിന്‍കുട്ടി, പഞ്ചായത്ത് ലീഗ് നേതാവ് അഷ്‌റഫ് കോരങ്ങാട് എന്നിവര്‍ക്കെതിരെയും കട്ടിപ്പാറ വെണ്ടേക്കുംചാലില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉയര്‍ത്തിയ പതാക അല്‍പ്പ സമയത്തിനകം താഴ്ത്ത്ി കെട്ടിയതിന് പ്രാദേശിക ലീഗ് നേതാവ് പി കെ സി അഹദിനെതിരെയുമാണ് താമരശ്ശേരി പോലീസ് കേസെടുത്തത്.

കോരങ്ങാട്ടെ പതാക അഴിച്ചുമാറ്റാന്‍ പോലീസ് നിര്‍ദേശിച്ചെങ്കിലും ലീഗിന്റെ ചിഹ്നങ്ങള്‍ ചാക്കുകൊണ്ട് മറച്ചുവെച്ച് ദേശീയ പതാക നിലനിര്‍ത്തിയതിനെ തുടര്‍ന്ന് വീണ്ടും പോലീസ് ഇടപെട്ടാണ് അഴിപ്പിച്ചത്. തുടര്‍ന്ന് ഡി വൈ എഫ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. വെണ്ടേക്കുംചാലില്‍ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ ഉയര്‍ത്തിയ പതാക അല്‍പ്പ സമയത്തിനകം പി കെ സി അഹമ്മദ് താഴ്ത്തി കെട്ടുകയായിരുന്നു. മറ്റാരോ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അജ്ഞത കാരണമാണ് താഴ്തിക്കെട്ടിയതെന്നാണ് അഹമ്മദ്കുട്ടി പോലീസില്‍ മൊഴി നല്‍കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കട്ടിപ്പാറ, കുടുക്കിലുമ്മാരം എന്നിവിടങ്ങളിലും പാര്‍ട്ടി കൊടിമരങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തിയതായി പരാതി ഉയര്‍ന്നിരുന്നു.