ജര്‍മന്‍ ബുണ്ടസ് ലീഗ ഫുട്‌ബോള്‍ സീസണിന് തുടക്കം; ബയേണ്‍ വെള്ളിയാഴ്ച ഇറങ്ങും

Posted on: August 17, 2017 9:35 am | Last updated: August 17, 2017 at 12:25 pm

മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്‌ബോളില്‍ വെള്ളിയാഴ്ച പന്തുരുളും. ആദ്യ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കും ബയെര്‍ ലെവര്‍ കൂസനും നേര്‍ക്കുനേര്‍. ശനിയാഴ്ച പന്ത്രണ്ട് ടീമുകള്‍ കളത്തിലിറങ്ങും. ഞായറാഴ്ച നാല് ടീമുകളും.
മെയിന്‍സ്-ഹാനോവര്‍, ഹാംബര്‍ഗര്‍ എസ് വി – എഫ് സി ഓഗ്‌സ്ബര്‍ഗ്, ഹെര്‍ത ബെര്‍ലിന്‍ – സ്റ്റുട്ഗര്‍ട്, 1899 ഹോഫെന്‍ഹെയിം – വെര്‍ഡര്‍ ബ്രെമന്‍, വിഎഫ്എല്‍ വോള്‍സ്ബര്‍ഗ് – ബൊറുസിയ ഡോട്മുണ്ട്, എഫ് സി ഷാല്‍ക്കെ 04- ആര്‍ ബി ലൈപ്ഷിഷ് എന്നിങ്ങനെയാണ് ശനിയാഴ്ചത്തെ ഫിക്‌സ്ചര്‍.

ഞായറാഴ്ച രണ്ട് മത്സരങ്ങള്‍. ഫ്രീബര്‍ഗും ഫ്രാങ്ക്ഫര്‍ട്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ ബൊറുസിയ മോന്‍ചെന്‍ഗ്ലാഡ്ബാചിന് എഫ് സി കൊളോണാണ് എതിരാളി.
ഫിലിപ് ലാം സാബി അലോണ്‍സോ എന്നീ പ്രമുഖ താരങ്ങളുടെ വിരമിക്കലിന് ശേഷമുള്ള ആദ്യ ബുണ്ടസ് ലീഗ സീസണിനാണ് ബയേണ്‍ ഇറങ്ങുന്നത്.
പ്രീ സീസണില്‍ ബയേണിന് അത്ര മികച്ച പ്രകടനം സാധ്യമായിട്ടില്ല. ഫിലിപ് ലാമിന്റെയും അലോണ്‍സോയുടെയും അഭാവം ടീമിനെ ബാധിച്ചിട്ടുണ്ട്. ഇവര്‍ക്കൊത്ത പകരക്കാരെ കണ്ടെത്തുക എന്നതാണ് കോച്ച് കാര്‍ലോ ആഞ്ചലോട്ടി നേരിടുന്ന പ്രധാന വെല്ലുവിളി.
ഹാമിഷ് റോഡ്രിഗസ്, കോറെന്റിന്‍ ടൊലിസോ, നിക്ലാസ് സുലെ എന്നിവരുള്‍പ്പെടുന്ന പുതുനിരയിലാണ് ബയേണ്‍ ഇത്തവണ പ്രതീക്ഷയര്‍പ്പിക്കുന്നത്.

ആഗസ്റ്റ് ആദ്യവാരത്തില്‍ ജര്‍മന്‍ സൂപ്പര്‍ കപ്പ് ജയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട് ആഞ്ചലോട്ടി. ജര്‍മനിയില്‍ ചാമ്പ്യന്‍മാരാകുന്നതിനേക്കാള്‍ യൂറോപ്പില്‍ ബയേണിനെ കിരീടധാരികളാക്കുകയാണ് ആഞ്ചലോട്ടിയുടെ ലക്ഷ്യം.
ബയെര്‍ ലെവര്‍കൂസന്‍ തുടരെ ആറാം സീസണിലും ചാമ്പ്യന്‍സ് ലീഗ് യോഗ്യതയില്ലാതെ നില്‍ക്കുകയാണ്. കഴിഞ്ഞ സീസണില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ലെവര്‍കൂസന്‍ ഫിനിഷ് ചെയ്തത്. പുതിയ കോച്ച് ഹീകെ ഹെര്‍ലിചിലാണ് ക്ലബ്ബിന്റെ പ്രതീക്ഷ.
സീസണില്‍ കിരീട സാധ്യതയുള്ള ടീം ബയേണ്‍ മ്യൂണിക്കാണ്. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയമാണ് ടീം ലക്ഷ്യമിടുന്നത്.
ഹോംഗ്രൗണ്ടില്‍ ബയെര്‍ ലെവര്‍കൂസനെതിരെ ബയേണിനുള്ള റെക്കോര്‍ഡ് മാരകമാണ്. മുപ്പത് ജയം, ആറ് സമനില, മൂന്ന് തോല്‍വി.

ചാമ്പ്യന്‍മാരായതിന് ശേഷമുള്ള സീസണില്‍ ഉദ്ഘാടന മത്സരത്തില്‍ മികച്ച റെക്കോര്‍ഡാണ് ബയേണിനുള്ളത്.
ഒമ്പത് മത്സരങ്ങളില്‍ എട്ടിലും ജയിച്ചാണ് ബയേണ്‍ സീസണിലെ ആദ്യ മത്സരത്തിലെ മികച്ച ഫോം അറിയിക്കുന്നത്.പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കിയാണ് ബയേണിന്റെ ഗോളടിക്കാരന്‍. അവസാനം കളിച്ച പത്ത് ബുണ്ടസ് ലിഗ മത്സരങ്ങളില്‍ പതിനൊന്ന് ഗോളുകളാണ് ബയേണ്‍ നേടിയത്.
ഒരു മത്സരത്തില്‍ 1.1 ഗോളുകള്‍ എന്നതാണ് ലെവന്‍ഡോസ്‌കിയുടെ സ്‌കോറിംഗ് ശരാശരി.
നേര്‍ക്കു നേര്‍ പോരാട്ടത്തിന്റെ ചരിത്രമെടുത്താല്‍ ബയേണിന് വ്യക്തമായ ആധിപത്യമുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ ബയേണ്‍ – ലെവര്‍കൂസന്‍ മത്സരം ഗോള്‍ രഹിതമായിരുന്നു.
2016ന് ശേഷം ഹോംഗ്രൗണ്ടില്‍ 25 മത്സരങ്ങളില്‍ പത്തൊമ്പതിലും ജയിച്ചവരാണ് ബയേണ്‍ മ്യൂണിക്. കാലിന് പൊട്ടലുള്ളിനാല്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യുവര്‍ ഇന്നും രംഗത്തുണ്ടാകില്ല.
ഹാമിഷ് റോഡ്രിഗസിന് പേശീവലിവും യുവാന്‍ ബെര്‍നാട്ടിന് കണങ്കാലിന് വേദനയുള്ളതും ടീമിന് തിരിച്ചടിയാണ്.