ബോള്‍ട്ട് മാഞ്ചസ്റ്ററിനായി ബൂട്ടു കെട്ടും

Posted on: August 17, 2017 9:28 am | Last updated: August 17, 2017 at 12:25 pm

ലണ്ടന്‍: ട്രാക്കിനോട് വിട ചൊല്ലിയെങ്കിലും ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് തന്റെ കളിക്കളം വിടില്ല. അത്‌ലറ്റിക്‌സ് മതിയാക്കിയ താരം ഫുട്‌ബോളിലും ഒരുകൈ നോക്കാനൊരുങ്ങുകയാണ്. തന്റെ പ്രിയ ടീമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടിയാണ് ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനും ഒളിംപിക് ജേതാവുമായ ബോള്‍ട്ട് ബൂട്ടണിയുക. മാഞ്ചസ്റ്ററിന്റെ ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡിലാവും അവിസ്മരണീയ മുഹൂര്‍ത്തം.

സ്പാനിഷ് ഗ്ലാമര്‍ ടീം ബാഴ്‌സലോണയ്‌ക്കെതിരേയാണ് ബോള്‍ട്ട് മാഞ്ചസ്റ്ററിനു വേണ്ടി കളത്തിലിറങ്ങുക.
ട്രാക്കില്‍ തീപ്പൊരി പ്രകടനങ്ങള്‍ നടത്തുമ്പോഴും ഫുട്‌ബോളിനോടുള്ള പ്രേമം ബോള്‍ട്ട് നേരത്തേ തന്നെ പ്രകടിപ്പിച്ചതാണ്. തന്റെ ഇഷ്ട ടീം മാഞ്ചസ്റ്ററാണെന്നും താരം നേരത്തേ പറഞ്ഞിരുന്നു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്ററിനായി കളിക്കുകയെന്നതാണ് തന്റെ ഏറ്റവും വലിയ മോഹമെന്നും ബോള്‍ട്ട് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാവാന്‍ പോവുന്നത്.
അടുത്ത മാസം രണ്ടിന് മാഞ്ചസ്റ്ററിന്റെയും ബാഴ്‌സയുടെയും ഇതിഹാസ താരങ്ങള്‍ അണിനിരക്കുന്ന ചാരിറ്റി മല്‍സരത്തിലാണ് ബോള്‍ട്ട് കളിക്കുന്നത്.