പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മനുഷ്യത്വവിരുദ്ധം: സ്പീക്കര്‍

Posted on: August 17, 2017 8:55 am | Last updated: August 17, 2017 at 12:13 pm
SHARE

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ പിസി ജോര്‍ജ് എംഎല്‍എ നടത്തിയ പരാമര്‍ശങ്ങള്‍ മനുഷ്യത്വവിരുദ്ധമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഇത്തരം സംഭവങ്ങളില്‍ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ ന്യായീകരണ വാദവുമായി രംഗത്തുവന്നാല്‍ അത് ക്രിമിനലുകള്‍ക്ക് പ്രോത്സാഹനമാകുമെന്നും ശ്രീരാമകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നടിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പിസി ജോര്‍ജ് എംഎല്‍എക്കെതിരെ സ്പീക്കറെന്ന നിലയില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ നേരത്തെ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു.

ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്……

പോലീസ് അന്വേഷിക്കുന്നതും കോടതിയുടെ പരിഗണന യിലിരിക്കുന്നതുമായ ഏതെങ്കിലും കേസിലെ പ്രതികളെ സംബന്ധിച്ചോ അവര്‍ക്ക് ലഭിക്കേണ്ട ശിക്ഷയെ
സംബന്ധിച്ചോ എന്തെങ്കിലും പറയാന്‍ ഞാന്‍ ആളല്ല. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. അതിനിടയില്‍ കയറി
അഭിപ്രായം പറയുന്ന ശീലമെനിക്കില്ല.
എന്നാല്‍ അര്‍ദ്ധരാത്രിയില്‍ ജോലി കഴിഞ്ഞ് മടങ്ങവേ നിര്‍മ്മാതാവ് ഏര്‍പ്പെടുത്തിയ കാറിനുള്ളില്‍ വച്ച് രണ്ടരമണിക്കൂറോളം മാനസികവും ശാരീരികവുമായ പീഡനത്തിനിരയായതായി ഒരു നടി പരാതിപ്പെടുകയും ഞെട്ടലോടെ കേരളം അത് കേള്‍ക്കുകയും ചെയ്തതാണ്.
‘അങ്ങനെ ആക്രമിക്കപ്പെട്ടവള്‍ രണ്ടാംദിവസം ഷൂട്ടിങ്ങിനുപോകുമോ ‘
എന്ന മട്ടിലുള്ള പരിഹാസ പ്രയോഗങ്ങള്‍ ഇതേക്കുറിച്ചു നടത്തുന്നത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്നാണ് എന്റെനിലപാട്. ശരിയാണെന്നു തോന്നുന്നവര്‍ക്ക് ഐക്യപ്പെടാം. അല്ലാത്തവര്‍ക്ക് വിയോജിക്കാം.
ഇത്തരം സംഭവങ്ങളിള്‍ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ ന്യായീകരണ വാദവുമായി രംഗത്തുവന്നാല്‍ അത് ക്രിമിനലുകള്‍ക്ക് പ്രോത്സാഹനമാകും. ആരുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ ഇത്തരം കമന്റുകള്‍ ഉണ്ടാകാന്‍പാടില്ല എന്ന അഭിപ്രായത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഒരു മനുഷ്യന്‍ എന്നനിലയിലുള്ള എന്റെഉറച്ച ബോധ്യമാണിത്.
ഈ സംഭവത്തില്‍ ഞാന്‍ വഹിക്കുന്ന സ്ഥാനവുമായി ബന്ധപ്പെട്ട് എന്തു ചെയ്യാന്‍ കഴിയുമെന്ന് ചിലസുഹൃത്തുക്കള്‍ ചോദിക്കുകയുണ്ടായി.
തീര്‍ച്ചയായും സാധ്യമായതെല്ലാം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here