ഖത്വര്‍ ഹാജിമാര്‍ക്കായി അതിര്‍ത്തി തുറക്കാന്‍ സഊദി രാജാവിന്റെ ഉത്തരവ്

Posted on: August 17, 2017 5:02 am | Last updated: August 28, 2017 at 8:02 pm

ദോഹ: ഖത്വറില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്കു വേണ്ടി കരമാര്‍ഗം തുറന്നു കൊടുക്കാന്‍ സഊദി രാജാവ് ഉത്തരവിട്ടു. ഖത്വര്‍ പ്രതിനിധി ശൈഖ് അബ്ദുല്ല ബിന്‍ അലി ബിന്‍ അബ്ദുല്ല ബിന്‍ ജാസിം അല്‍ താനി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. സഊദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സഊദി പ്രസ് ഏജന്‍സിയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സഊദിയും ഖത്വറും തമ്മിലുള്ള ബന്ധം ചരിത്രപരമാണെന്നും സഊദി നേതൃത്വവും ഖത്വര്‍ രാജകുടുംബവും തമ്മിലും മികച്ച ബന്ധമാണുള്ളതെന്നും കിരിടീവകാശി പറരഞ്ഞു.

സല്‍വ അതിര്‍ത്തി വഴി ഹജ്ജ് തീര്‍ഥാടനം ഉദ്ദേശിക്കുന്ന ഖത്വരികള്‍ക്ക് സഊദിയില്‍ പ്രവേശിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. ഇലക്‌ട്രോണിക് പാസ് ഇല്ലാതെയും ഖത്വരി പൗരന്‍മാര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഈ ആവശ്യം ശൈഖ് അബ്ദുല്ല മുന്നോട്ടു വെച്ചിരുന്നു. ഖത്വരി തീര്‍ഥാടകരെ ദമ്മാം കിംഗ് ഫഹദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്നും അല്‍ ഹസ്സ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്നും സൗജന്യമായി യാത്ര അനുവദിക്കും. കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് ഹജ്ജ് ഉംറ പ്രോഗ്രാമിന്റെ ഭാഗമായാണ് സൗജന്യയാത്ര.

അതേസമയം, ഖത്വറില്‍നിന്നും വിമാനമാര്‍ഗം യാത്ര ചെയ്യുന്നവര്‍ക്കായി സഊദി എയര്‍ലൈന്‍സ് വിമാനം ദോഹ എയര്‍പോര്‍ട്ടില്‍നിന്നും സര്‍വീസ് നടത്താനും സല്‍മാന്‍ രാജാവിന്റെ ഉത്തരവില്‍ പറയുന്നു. ചെലവ് യാത്രക്കാര്‍ വഹിക്കണം.