Connect with us

Kerala

ഹാദിയ കേസില്‍ എന്‍ ഐ എ അന്വേഷണം

Published

|

Last Updated

ഹാദിയ കേസില്‍ എന്‍ ഐ എ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിനാണ് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടത്. ഹാദിയ വീട്ടുതടങ്കലിലാണെന്ന് കാണിച്ച് ഷെഫീന്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നടപടി.
കേസ് ഒറ്റപ്പെട്ട സംഭവമാണോ ഗുഢാലോചനയുണ്ടോയെന്ന് പരിശോധിക്കുന്നതിന് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ ഐ എക്ക് കൈമാറണമെന്ന് കഴിഞ്ഞ ദിവസം കേരളാ പോലീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച്, എന്‍ ഐ എക്ക് കേരളാ പോലീസ് കൈമാറിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് ഹാദിയ കേസ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് അന്വേഷണം എന്‍ ഐ എക്ക് വിടാന്‍ കോടതി ഉത്തരവിട്ടത്.

ഹാദിയയുടെ മതപരിവര്‍ത്തനം, വിവാഹ സംബന്ധമായ വിവരങ്ങള്‍ എന്നിവ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇതേ രീതിയില്‍ മറ്റൊരു കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് കേസിലും ഒരു സംഘടന ഒരേ രീതിയിലാണ് ഇടപെട്ടിട്ടുള്ളതെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ബഞ്ച് എന്‍ ഐ എ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്തിമ തീരുമാനത്തിന് മുമ്പ് ഹാദിയയെ വിളിച്ചുവരുത്തുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

എന്‍ ഐ എ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തില്ല. മുന്‍ ജസ്റ്റിസ് കെ എസ് രാധാകൃഷണന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് ആദ്യം പ്രഖ്യാപിച്ചതെങ്കിലും, കേരളീയനല്ലാത്ത ഒരു മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ആര്‍ വി രവീന്ദ്രനെ നിയോഗിച്ചത്.
കഴിഞ്ഞ മാസം 24നാണ് മതം മാറിയ ഹാദിയയും ശഫീനും തമ്മിലുള്ള വിവാഹം കേരളാ ഹൈക്കോടതി റദ്ദാക്കുകയും ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഉത്തരവിടുകയും ചെയ്തത്.

---- facebook comment plugin here -----

Latest