ഹിസ്ബുല്‍ മുജാഹിദീനെ യുഎസും ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി

Posted on: August 17, 2017 12:07 am | Last updated: August 17, 2017 at 12:07 am

വാഷിങ്ടന്‍ : ജമ്മു കശ്മീരില്‍ വര്‍ഷങ്ങളായി ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുല്‍ മുജാഹിദീനെ യുഎസും ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഹിസ്ബുല്‍ തലവനും കുപ്രസിദ്ധ ഭീകരനുമായ സയ്യിദ് സലാഹുദ്ദീനെ ആഗോള ഭീകരരുടെ പട്ടികയില്‍പ്പെടുത്തി രണ്ടു മാസം പിന്നിടും മുന്‍പാണ് സംഘടനയ്ക്കുള്ള ‘പണി’ വരുന്നത്. ഇതോടെ, ഭീകരസംഘടനകള്‍ക്ക് യുഎസ് ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങള്‍ ഹിസ്ബുല്‍ മുജാഹിദ്ദീനും ബാധകമാകും. ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ഹിസ്ബുല്‍ മുജാഹിദീനുമായി യുഎസ് പൗരന്‍മാര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ക്കു വിലക്കു വരും. യുഎസിലെ ഹിസ്ബുലിന്റെ സ്വത്തുനിക്ഷേപങ്ങളും മരവിപ്പിക്കും.

അടുത്തിടെയായി കശ്മീര്‍ മേഖലയില്‍ സജീവമായി ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഹിസ്ബുല്‍ മുജാഹിദ്ദീന് വന്‍ തിരിച്ചടിയാണ് യുഎസിന്റെ തീരുമാനം. ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്ന കാര്യത്തില്‍ സംഘടനയുടെ കരുത്തു ചോര്‍ത്തുന്നതാണ് ഈ തീരുമാനമെന്ന് യുഎസ് അധികൃതര്‍ വിശദീകരിച്ചു.

കശ്മീരിലെ ജനങ്ങളുടെ ശബ്ദമായി ഹിസ്ബുല്‍ മുജാഹിദീനെ വിശേഷിപ്പിച്ചു വരുന്ന പാക്കിസ്ഥാനും യുഎസ് തീരുമാനം തിരിച്ചടിയാണ്. ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയ ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് മുന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫും സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയും തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തിയിരുന്നു. 1989ല്‍ രൂപീകൃതമായ സംഘമാണ് ഹിസ്ബുല്‍ മുജാഹിദീന്‍,