Connect with us

Articles

ഗുജറാത്തില്‍ നിന്ന് എന്ത് പാഠം പഠിക്കണം, ആര് പഠിക്കണം?

Published

|

Last Updated

tionഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് ത്രില്ലര്‍ സിനിമയേക്കാള്‍ ഉദ്വേഗജനകമായിരുന്നു. അതിന്റെ അന്ത്യം കോണ്‍ഗ്രസിന് മാത്രമല്ല, ബി ജെ പിയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തെ എതിര്‍ക്കുന്ന എല്ലാവര്‍ക്കും ശുഭകരമാണെന്നു തോന്നി. പക്ഷേ ഇതില്‍ വില്ലന്റെ റോള്‍ കളിച്ച ബി ജെ പിക്ക്, കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ അതിന്റെ അധ്യക്ഷന്‍ അമിത് ഷാക്ക് അത് വേദനാജനകമായിരുന്നു. രാജ്യസഭയില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നത് മൂലം കേന്ദ്ര സര്‍ക്കാറിന്റെ സമ്പൂര്‍ണാധിപത്യം പലപ്പോഴും തടസ്സപ്പെട്ടിരുന്നു. ആ തടസ്സം തന്നെ ഒഴിവാക്കിയാലോ എന്ന സംശയം അവര്‍ ഉന്നയിച്ചതുമാണ്. പക്ഷേ അതിനും ഭരണഘടനാ ഭേദഗതി വേണം. മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാതെ അത് സാധ്യമല്ല. ഈ ഭരണഘടന തന്നെ തങ്ങള്‍ക്കു ഒരു തടസ്സമാണ് എന്നവര്‍ കരുതുന്നുണ്ട്. പക്ഷേ തത്കാലം അതല്ലാതെ മറ്റൊന്നില്ലാത്തതിനാല്‍ അതില്‍ തൊട്ടു സത്യം ചെയ്തു അധികാരമേറ്റതാണ്. എന്തായാലും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാനായാല്‍ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് രാജ്യസഭയില്‍ മേല്‍ക്കൈ നേടി തങ്ങളുടെ ഇഷ്ടപ്പടി രാജ്യം ഭരിക്കാം എന്ന് കരുതിയാണ് രാജ്യമാകെ വര്‍ഗീയ വിഷം ചീറ്റിക്കൊണ്ട് യു പി അടക്കമുള്ള സംസ്ഥാനങ്ങളില്‍ വിജയം നേടിയത്. എന്നിട്ടും ഭൂരിപക്ഷം കിട്ടാത്ത ഗോവ,മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒന്നാം കക്ഷിയല്ലാതിരുന്നിട്ടും അധികാരദുര്‍വിനിയോഗം നടത്തി ഭരണം പിടിച്ചു. കൂട്ട കാലുമാറ്റത്തിലൂടെ ഭരണം പിടിക്കാന്‍ അരുണാചല്‍ പ്രദേശില്‍ നടത്തിയ ശ്രമം സുപ്രീം കോടതി ഇടപെടല്‍ വഴി നടക്കാതെ പോയെങ്കിലും അത്തരം ശ്രമങ്ങള്‍ തുടര്‍ന്നു. ബീഹാറില്‍ നിതീഷിനെ വലയിലാക്കി. തമിഴ്‌നാട്ടില്‍ എല്ലാ അണ്ണാ ഡി എം കെകളെയും ഒട്ടിച്ചു ചേര്‍ത്ത് അധികാരം കൈയിലാക്കാന്‍ കഴിഞ്ഞു. ഇതിന്റെയെല്ലാം ഫലമായി രാജ്യസഭാ ഭൂരിപക്ഷം എന്ന ലക്ഷ്യം വിദൂരമല്ലെന്നു ഉറപ്പാക്കി.

ആര്‍ഷഭാരതസംസ്‌കാരമാണ് ഇവരുടെ അടിത്തറ എന്നാണല്ലോ അവകാശവാദം. അതിലെ കുടില തന്ത്രങ്ങള്‍ എല്ലാം പയറ്റുന്ന, എതിരാളിയെ വീഴ്ത്താന്‍ സാമ ദാന ഭേദ ദണ്ഡങ്ങള്‍ (ആദ്യം അഭ്യര്‍ഥന, പിന്നെ പണം കൊടുക്കല്‍, തുടര്‍ന്ന് ശക്തമായ സമ്മര്‍ദപ്രയോഗം, അതും ഫലിച്ചില്ലെങ്കില്‍ ശാരീരികമായ പ്രയോഗങ്ങള്‍ എന്നാണിത്) പ്രയോഗിക്കുന്നത് ഇവര്‍ക്ക് ശരിയാണല്ലോ. അതെല്ലാം നാം ഇവിടെ കാണുന്നു.

ഒടുവില്‍ താന്‍ വെറുമൊരു അലൂമിനിയം പട്ടേല്‍ അല്ലെന്നു തെളിയിച്ചു കൊണ്ട് അഹമ്മദ് പട്ടേല്‍ രാജ്യസഭാംഗമായി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന ഭരണഘടനാ സ്ഥാപനം ഏതെങ്കിലും തരത്തില്‍ വിശുദ്ധമായിരുന്നതിനാലൊന്നുമല്ല കേന്ദ്ര സര്‍ക്കാര്‍ ചെലുത്തിയ സമ്മര്‍ദത്തെ അതിജീവിച്ചു നിയമങ്ങളും കീഴ്‌വഴക്കങ്ങളും പാലിക്കാന്‍ തയാറായത്. മറ്റൊരു വഴിയും ഇല്ലാതിരുന്നതിനാലാണ്. അത്രക്കും വ്യക്തമായ തെളിവുകള്‍ അവരുടെ മുന്നില്‍ ഉണ്ടായിരുന്നു. കൊടുത്ത പണത്തിനു നന്ദി കാട്ടി എന്ന് ബോധ്യപ്പെടുത്താനാണ് രണ്ട് കോണ്‍ഗ്രസ് എം എല്‍ എ മാര്‍ തങ്ങളുടെ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടിയത്. ഇക്കാലത്ത് നന്ദി എന്നതിനും നിയമപ്രാബല്യമില്ലേ എന്നാണു അമിത് ഷായും മറ്റും ചോദിക്കുന്നത്. എന്തായാലും ആ നാടകം തല്‍ക്കാലം അവസാനിച്ചു. പക്ഷേ, വോട്ടിന്റെ എണ്ണം വെച്ച് നോക്കിയാല്‍ പല എം എല്‍ എ മാരും ചേരി മാറി വോട്ടു ചെയ്തു എന്ന സംശയം ബാക്കിയുണ്ട്. പട്ടേലിന് തന്നെ വോട്ടു ചെയ്തു എന്നവകാശപ്പെടുന്നവരുടെ എല്ലാ വോട്ടുകളും അദ്ദേഹത്തിന്റെ പെട്ടിയില്‍ കാണുന്നില്ല. തത്കാലം കണക്കിന്റെ ആ കളികള്‍ വിടുന്നു. പക്ഷേ അതിനേക്കാള്‍ ഗൗരവതരമായ ഒട്ടനവധി മൗലിക പ്രശ്‌നങ്ങള്‍ ഈ തിരഞ്ഞെടുപ്പ് ഉയര്‍ത്തുന്നില്ലേ? ഓരോ പ്രശ്‌നങ്ങളും ഇഴ കീറി ചര്‍ച്ച ചെയ്യുന്ന മാധ്യമങ്ങളെല്ലാം അത്തരം മൗലിക ചോദ്യങ്ങള്‍ ഉന്നയിക്കാത്തതെന്തു കൊണ്ട്? പ്രതിപക്ഷത്ത് നിന്ന് പോലും ഈ ചോദ്യങ്ങള്‍ ഉയരാതിരിക്കുന്നതെന്തുകൊണ്ട്? ഒരു പക്ഷേ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി തന്നെ അപകടത്തിലാണെന്നു തോന്നിക്കുന്ന പ്രശ്‌നങ്ങളാണ് ഒരു ചര്‍ച്ചയും കൂടാതെ ഒഴിവാക്കപ്പെടുന്നത്.

ഗുജറാത്തില്‍ എം എല്‍ എമാരെ കൂടെ നിര്‍ത്താനും അടര്‍ത്തി എടുക്കാനും വന്‍ തോതില്‍ പണം ഇറങ്ങി എന്ന സത്യം ആരും നിഷേധിക്കില്ല. കൂറുമാറുന്ന എം എല്‍ എക്കു പതിനഞ്ചു കോടി രൂപ നല്‍കി എന്നാണു വാര്‍ത്ത. അതില്‍ അല്‍പം കുറവോ കൂടുതലോ ആണോ എന്ന തര്‍ക്കം വിടാം. പക്ഷേ, ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും പതിനായിരക്കണക്കിന് ജനങ്ങളുടെ വോട്ടു വാങ്ങി ജയിച്ചവരാണല്ലോ ഇവരെല്ലാം. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിട്ടാണല്ലോ ഇവര്‍ ജയിച്ചിരിക്കുക. ഉദാഹരണത്തിന് കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ ജനങ്ങള്‍ ജയിപ്പിച്ച ഒരാള്‍ ബി ജെ പിയുടെ സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യുമ്പോള്‍ വോട്ട് ചെയ്ത ജനങ്ങള്‍ വഞ്ചിതരും അത് വഴി നിസ്സഹായരുമാകുന്നില്ലേ? ജനാധിപത്യം പരാജയപ്പെടുകയല്ലേ? ഇത്തരം മറുകണ്ടം ചാടലുകള്‍ തടയാന്‍ വേണ്ടി നിര്‍മിച്ചിട്ടുള്ള കാലുമാറ്റ നിരോധന നിയമം ഇല്ലേ? അങ്ങനെ കൂറ് മാറുന്നവരുടെ അംഗത്വം റദ്ദാക്കില്ലേ? ഈ വിഷയം ചര്‍ച്ചകളിലൊന്നും ആരും ഉന്നയിക്കാതിരുന്നതെന്തേ? മറന്നു പോയതാകാന്‍ വഴിയില്ല. ഫലത്തില്‍ പണം വാങ്ങി കൂറ് മാറുന്നത് നിയമപരമായിപ്പോലും ഒരു തെറ്റ് ആണെന്ന് നാം കരുതുന്നില്ല എന്നാണോ? (ധാര്‍മികത എന്ന വാക്കിനു ഒരു പ്രസക്തിയും രാഷ്ട്രീയത്തില്‍ ഇല്ലെന്നു നാം മുന്‍പേ തീരുമാനിച്ചതാണല്ലോ). ഒരു വ്യക്തിയെ നാം ജയിപ്പിച്ചു വിട്ടാല്‍ അടുത്ത അഞ്ചു വര്‍ഷം അയാള്‍ എന്ത് ചെയ്താലും ജനം സഹിക്കണമെന്നാണോ? മുമ്പ് ജയപ്രകാശ് നാരായണനും ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയും മാത്രമാണ് തിരിച്ചു വിളിക്കാനുള്ള അവകാശം എന്ന വിഷയം ചര്‍ച്ചയാക്കണം എന്ന് വാദിക്കുന്നത് തന്നെ. അത് മുഖ്യധാരാ കക്ഷികള്‍ അംഗീകരിക്കാന്‍ തയാറാകാത്തതെന്തു കൊണ്ട്? അതിന്റെ അനിവാര്യതയല്ലേ ഈ സംഭവവികാസങ്ങള്‍ കാണിക്കുന്നത്?
ഇത്തരം മൗലിക ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ആര്‍ക്കാണ് ധാര്‍മികമായി ശേഷിയുള്ളതു എന്നതാണ് പ്രധാന ചോദ്യം. തങ്ങള്‍ക്കനുകൂലമായിട്ടാകുമ്പോള്‍ ഏതു തരം കാലുമാറ്റങ്ങളെയും താത്വാധിഷ്ഠിതമെന്നു സമര്‍ഥിക്കാന്‍ എല്ലാ കക്ഷികളും എപ്പോഴെങ്കിലും ശ്രമിച്ച ചരിത്രമില്ലേ? ബി ജെ പി ഈ കാലത്ത് പ്രയോഗിക്കുന്ന കുടിലതന്ത്രങ്ങള്‍ അധികാരമുള്ള കാലത്ത് ഇതേ പോലെ കോണ്‍ഗ്രസും പ്രയോഗിച്ചിരുന്നില്ലേ? തങ്ങള്‍ക്കിഷ്ടമില്ലാത്ത കക്ഷികള്‍ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തിയാല്‍ അവയെ പിളര്‍ത്തി ഭരണനിയന്ത്രണം കൈക്കലാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. ഗുജറാത്തില്‍ തന്നെ ഇപ്പോള്‍ കോണ്‍ഗ്രസിന് വില്ലനായ ശങ്കര്‍ സിങ് വഗേല എന്ന ആര്‍ എസ് എസുകാരന്റെ ചരിത്രം എന്താണ്? ബി ജെ പിയെ പൊളിക്കാന്‍ വഗേലയെ അടര്‍ത്തി എടുത്തു മുഖ്യമന്ത്രിയാക്കിയില്ലേ അവര്‍? പക്ഷേ അന്ന് ബി ജെ പി അതിനെ കാലുമാറ്റമായി കണ്ടു. പക്ഷേ ഇന്ന് അവര്‍ നരേന്ദ്ര മോദിയിലുള്ള വിശ്വാസപ്രഖ്യാപനമായി കാണുന്നു. കശ്മീരില്‍ ഫറൂഖ് അബ്ദുല്ലക്ക് ഭൂരിപക്ഷമുള്ളപ്പോള്‍ അദ്ദേഹത്തിന്റെ അളിയനെ കൂറുമാറ്റി പാര്‍ട്ടി പിളര്‍ത്തി ഭരണം പിടിച്ച കഥ കോണ്‍ഗ്രസ് മറന്നാലും മറ്റുള്ളവര്‍ ഓര്‍ക്കുമല്ലോ. ഗവര്‍ണറെ ഉപയോഗിച്ച് എന്തെല്ലാം തരം കളികള്‍ കോണ്‍ഗ്രസ് നടത്തിയിരിക്കുന്നു? കേരളത്തില്‍ 1959 ല്‍ നടത്തിയ പിരിച്ചു വിടല്‍ നമുക്ക് മറക്കാന്‍ കഴിയുമോ? കര്‍ണാടകയിലെ എസ് ആര്‍ ബൊമ്മയുടെ അനുഭവം പിന്നീട് ഏറെ ചര്‍ച്ചചെയ്യപ്പെടുകയും സുപ്രീം കോടതി ഇടപെട്ടു ചരിത്ര പ്രധാനമായ ഒരു വിധി പ്രസ്താവിക്കുകയും ചെയ്തല്ലോ. അതൊക്കെ അത് പോലെ ബി ജെ പിയും തുടരുന്നു. ഡല്‍ഹിയില്‍ മഹാ ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാറിന്റെ മേല്‍ നടത്തുന്ന ഹീനമായ അതിക്രമങ്ങള്‍ കോണ്‍ഗ്രസിന്റെ കാലത്തും ഉണ്ടായിട്ടുണ്ട്. തന്നെയുമല്ല ആ കൈയേറ്റങ്ങള്‍ക്കെതിരെ ഒരക്ഷരം മിണ്ടാന്‍ കോണ്‍ഗ്രസ് തയാറാകുന്നുമില്ലല്ലോ. തങ്ങള്‍ ഇരകളാക്കപ്പെടുമ്പോള്‍ മാത്രം നിയമവും ധാര്‍മികതയും ജനാധിപത്യവും പ്രസംഗിക്കുന്നതിനാലാണ് ജനങ്ങള്‍ അതിനു വില കല്‍പ്പിക്കാത്തത്.

നിയമസഭയില്‍ അട്ടിമറി നടക്കാതിരിക്കാന്‍ നിയമസഭാംഗങ്ങളെ അന്യസംസ്ഥാനത്ത് കൊണ്ടു പോയി പാര്‍പ്പിക്കുന്ന സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടല്ലോ. എതിരാളികളെ കീഴടക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ സംവിധാനങ്ങള്‍ -സി ബി ഐ, ഇന്‍കം ടാക്‌സ് തുടങ്ങിയവ- ഉപയോഗിക്കുന്ന രീതി കോണ്‍ഗ്രസിനും ഉണ്ടായിരുന്നു. ഇപ്പോള്‍ കര്‍ണാടകയിലെ മന്ത്രിക്കു മേല്‍ ബി ജെ പിയും അത് പ്രയോഗിക്കുന്നു. ഡല്‍ഹിയില്‍ സമാന സാഹചര്യങ്ങള്‍ ഉണ്ടല്ലോ. അവിടെ 12 എം എല്‍ എ മാര്‍ക്കെതിരെ കള്ളക്കേസ് എടുത്തു. അതിലൊന്ന് പോലും കോടതിയില്‍ തെളിഞ്ഞില്ലെന്നത് മറ്റൊരു കാര്യം. പക്ഷേ, അവിടെയും കോണ്‍ഗ്രസ് കേന്ദ്രത്തിനെ പിന്തുണക്കുന്നു. കാരണം ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി അവരുടെയും ശത്രു ആണ്. അപ്പോള്‍ കോണ്‍ഗ്രസിനും ഒരു ധാര്‍മികതയും പറയാന്‍ കഴിയില്ല. എല്ലാ ചര്‍ച്ചകളിലും ബി ജെ പി ഇതു തന്നെ പറയുന്നു. പക്ഷേ, മറ്റൊരു കാര്യമുണ്ട്. വേറിട്ടൊരു പാര്‍ട്ടിയാണ് തങ്ങളെന്ന് പ്രഖ്യാപിച്ചു കൊണ്ടും കോണ്‍ഗ്രസിന്റെ മുന്‍കാല ചെയ്തികളെ വിമര്‍ശിച്ചു കൊണ്ടും അധികാരമേറ്റവരാണ് ബി ജെ പി. എന്നാല്‍ കോണ്‍ഗ്രസ് 50 വര്‍ഷം കൊണ്ട് നടത്തിയ എല്ലാ അധാര്‍മികതകളും അതിനേക്കാള്‍ ശക്തിയായി മൂന്നു വര്‍ഷം കൊണ്ട് ബി ജെപി ചെയ്തു. ഇനിയും യാതൊരുവിധ പശ്ചാത്താപങ്ങളുമില്ലാതെ തുടരുകയും ചെയ്യുന്നു.
കോണ്‍ഗ്രസിന്റെ ആദ്യകാലത്തൊന്നും ഇത്തരം വ്യതിചലനങ്ങള്‍ കാര്യമായി നടത്തിയിരുന്നില്ല. ജനാധിപത്യത്തിലും ഭരണഘടനയിലും അവര്‍ക്കു വിശ്വാസമുണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിലൂടെ രൂപപ്പെട്ടതായിരുന്നു കോണ്‍ഗ്രസും ഇന്ത്യയുടെ ഭരണഘടനയും എന്നതായിരുന്നു അതിനു കാരണം. പക്ഷേ, അടിസ്ഥാനപരമായി ഭരണഘടനയില്‍ വിശ്വാസമില്ലാത്ത ഒരു കക്ഷിയാണ് ബി ജെ പിയും അതിന്റെ അടിത്തറയായ ആര്‍ എസ് എസും. അവര്‍ക്കു സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ സംസ്‌കാരമൊന്നുമില്ല. സാമ്രാജ്യത്വത്തിന്റെ ദല്ലാളന്മാരായിരുന്നു അവര്‍. അന്നും ജനങ്ങളെ വര്‍ഗീയമായി വിഭജിപ്പിച്ചു കൊണ്ടുള്ള ഒരു ഹിംസാത്മക രാഷ്ട്രീയമായിരുന്നു അവരുടേത്. ഇതാണ് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തെ കൂടുതല്‍ അപകടകരമാക്കുന്നത്. ഇതിനെ നേരിടാന്‍ കേവലം ചില താത്കാലിക കൂട്ട് കെട്ടുകള്‍ കൊണ്ടാകില്ല. കാരണം ഒരു ഹിംസയെ മറ്റൊരു ഹിംസ കൊണ്ട് തോല്‍പ്പിക്കാന്‍ കഴിയില്ല. രാഷ്ട്രീയത്തിലെ ധാര്‍മികത തിരിച്ചുകൊണ്ട് വരാതെ സംഘ്പരിവാറിനെ തടയാന്‍ കഴിയില്ല എന്നര്‍ഥം. ഗുജറാത്ത് സംഭവങ്ങള്‍ നല്‍കുന്ന ഈ പാഠങ്ങള്‍ ആര് പഠിക്കും? ഒരു സ്വാതന്ത്ര്യദിനത്തില്‍ തൊട്ടടുത്ത് നിന്ന് കൊണ്ട് ചിന്തിക്കേണ്ട വിഷയം തന്നെ ആണിത്.

 

 

Latest