Connect with us

Editorial

റോഹിംഗ്യാ മുസ്‌ലിംകളെ തിരിച്ചയക്കുമ്പോള്‍

Published

|

Last Updated

രാജ്യത്തിന്റെ അടിസ്ഥാനപരമായ മൂല്യങ്ങളെ അട്ടിമറിക്കുകയും അവയുടെ നേര്‍ വിപരീതത്തില്‍ നില്‍ക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുകയും ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണ്. പ്രാതിനിധ്യ ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഏത് ഉത്തരവാദിത്വം നിര്‍വഹിക്കാനാണ് ജനങ്ങള്‍ തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന ബോധ്യം ഭരിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കുകയെന്നതാണ്. രാജ്യം ഭരിക്കുന്ന ബി ജെ പി സര്‍ക്കാറിന് ഭരിക്കാനുള്ള ഭൂരിപക്ഷം ജനങ്ങള്‍ നല്‍കി എന്നതിനര്‍ഥം ഒരു ദേശ രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന ദേശീയ മൂല്യങ്ങളെ അരിഞ്ഞുവീഴ്ത്താനുള്ള അധികാരം അവര്‍ക്ക് നല്‍കിയിരിക്കുന്നുവെന്നല്ല. അധിനിവേശ വിരുദ്ധതയാണ് ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാന സ്വഭാവം. ലോകത്ത് എവിടെയൊക്കെ മനുഷ്യര്‍ അടിച്ചമര്‍ത്തലും അധിനിവേശവും അനുഭവിക്കുന്നുണ്ടോ അവരോടൊക്കെ ഐക്യപ്പെടുകയെന്നതാണ് ഇന്ത്യയുടെ പാരമ്പര്യം. ഫലസ്തീന്റെ സ്വാതന്ത്ര്യ പോരാട്ടത്തെ ഇന്ത്യ എക്കാലവും പിന്തുണച്ച് പോന്നത് അത്‌കൊണ്ടാണ്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്ന ശേഷം ഈ പാരമ്പര്യത്തില്‍ നിന്ന് രാജ്യം തിരിഞ്ഞുനടക്കുകയാണ്. ഏറ്റവും വിശ്വസ്ഥനായ സുഹൃത്തായി ഇസ്‌റാഈല്‍ മാറിയിരിക്കുന്നു. അഭയം തേടി വരുന്നവരെ അവരെവിടെ നിന്നു വരുന്നുവെന്നോ അവരുടെ മതമേതെന്നോ നോക്കാതെ സ്വീകരിക്കുകയെന്നതും ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളിലൊന്നാണ്. എന്നാല്‍ ആ മഹിതപാരമ്പര്യവും ഈ സര്‍ക്കാര്‍ നിഷേധിക്കുന്നു. അഭയാര്‍ഥികളായി എത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന റോഹിംഗ്യാ മുസ്‌ലിംകളെ തിരിച്ചയക്കാനുള്ള തീരുമാനം മറ്റൊരു പാരമ്പര്യ നിരാസമാകുകയാണ്.

ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മ്യാന്‍മര്‍ പ്രവിശ്യയായ രാഖിനയില്‍ പരമ്പരാഗതമായി വസിക്കുന്ന മുസ്‌ലിം വിഭാഗമാണ് റോഹിംഗ്യകള്‍. ഇവര്‍ക്ക് മ്യാന്‍മര്‍ ഭരണകൂടം പൗരത്വം വകവെച്ച് കൊടുക്കുന്നില്ല. സമാധാന നൊബേല്‍ സമ്മാനം സിദ്ധിച്ച സാക്ഷാല്‍ ആംഗ് സാന്‍ സൂക്കിയാണ് ഇപ്പോള്‍ മ്യാന്‍മറിന്റെ ഭരണ സാരഥ്യം കൈയാളുന്നത്. എന്നിട്ടെന്ത് കാര്യം? റോഹിംഗ്യന്‍ മുസ്‌ലിംകളെ അക്ഷരാര്‍ഥത്തില്‍ രാഷ്ട്രരഹിതരാക്കിയ 1982ലെ പൗരത്വ നിയമം അതേപടി നില്‍ക്കുകയാണ്. ഈ നിയമം മാറ്റിയെഴുതാന്‍ യു എന്നും അന്താരാഷ്ട്ര സമൂഹം ഒന്നാകെയും സമ്മര്‍ദം ചെലുത്തിയിട്ടും ബുദ്ധഭൂരിപക്ഷത്തിന്റെ നേതാവായി അധഃപതിച്ച സൂക്കി തയ്യാറായിട്ടില്ല. ക്രൂരമായ ആക്രമണങ്ങളാണ് ബുദ്ധ തീവ്രവാദികള്‍ മുസ്‌ലിംകള്‍ക്ക് മേല്‍ നടത്തുന്നത്. വംശഹത്യ തന്നെ. അക്രമവും ഒറ്റപ്പെടുത്തലും ദാരിദ്ര്യവും അസഹ്യമാകുമ്പോള്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു. ജനിച്ച മണ്ണ് ഉപേക്ഷിച്ച് കടലിലേക്ക് ഇറങ്ങുന്ന ഈ മനുഷ്യര്‍ ലോകത്തെ ഏറ്റവും അപകടകരമായ പലായനത്തിലേക്കാണ് എടുത്തു ചാടുന്നത്. യന്ത്രരഹിത ബോട്ടില്‍ തുടങ്ങുന്ന ദുരിത യാത്ര പലപ്പോഴും കടലില്‍ ഒടുങ്ങുകയാണ് പതിവ്. ഭൂമുഖത്ത് ഏറ്റവും ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ സമൂഹം എന്നാണ് ഐക്യരാഷ്ട്ര സഭ ഇവരെ വിശേഷിപ്പിച്ചത്. 20 ലക്ഷത്തോളം വരുന്ന ആ ജനതയില്‍ പകുതിയിലേറെപ്പേരും ഇതിനകം അഭയാര്‍ഥികളായി കഴിഞ്ഞു. സഊദി അറേബ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മലേഷ്യ, തായ്‌ലാന്‍ഡ്, ഇന്ത്യ എന്നിവിടങ്ങളിലായി ഇവര്‍ കഴിയുന്നു. റോഹിംഗ്യകളെ സ്വീകരിക്കുന്നതിന് യു എന്‍ അഭയാര്‍ഥി ഏജന്‍സി ഈ രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.
ഇന്ത്യയില്‍ 40,000ത്തോളം റോഹിംഗ്യന്‍ മുസ്‌ലിംകള്‍ ഉണ്ടെന്നാണ് കണക്ക്. ജമ്മു- കശ്മീര്‍, ഉത്തര്‍ പ്രദേശ്, ഹരിയാന, ഡല്‍ഹി, ആന്ധ്രാ പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലായി ഇവര്‍ കഴിയുന്നു. ഇതില്‍ 16,000 പേര്‍ക്ക് യു എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ രജിസ്‌ട്രേഷന്‍ ഉണ്ട്. ഇവരല്ലാത്തവരെ അറസ്റ്റ് ചെയ്ത് തിരിച്ചയക്കാനാണ് ആദ്യം കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്. അതിനായി അതത് സംസ്ഥാനങ്ങളില്‍ പ്രത്യേകം കര്‍മ സമിതി രൂപവത്കരിക്കണമെന്നും നിഷ്‌കര്‍ഷിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ഇത് തിരുത്തി. മുഴുവന്‍ പേരെയും ആട്ടിയോടിക്കുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനം. ഇവരെ സ്വീകരിക്കാന്‍ ഇന്ത്യക്ക് ഒരു ബാധ്യതയുമില്ലെന്നും ഇവരാകെ തീവ്രവാദികളാണെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു. യു എന്‍ അഭയാര്‍ഥി കണ്‍വെന്‍ഷനില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടില്ലെന്നാണ് ഇതിന് പറയുന്ന മറ്റൊരു കാരണം. അതെങ്ങനെ ഒരു ന്യായമാകും? ലോകത്തെ ഏറ്റവും മഹത്തായ ജനാധിപത്യ രാഷ്ട്രവും യു എന്‍ സ്ഥിരാംഗത്വത്തിനായി വിയര്‍ത്ത് ശ്രമിക്കുകയും ചെയ്യുന്ന രാജ്യം അഭയാര്‍ഥി കരാറില്‍ പങ്കാളിയല്ലെന്നത് അങ്ങേയറ്റത്തെ നാണക്കേടല്ലേ? അഭയാര്‍ഥി കണ്‍വെന്‍ഷനില്‍ ഒപ്പുവെക്കാത്ത രാജ്യങ്ങളും പാലിക്കേണ്ട ഒരു പ്രധാന വ്യവസ്ഥയുണ്ട്. അഭയാര്‍ഥികള്‍ തിരിച്ചയക്കപ്പെടുന്നത് അത്യന്തം അപകടകരമായ സാഹചര്യത്തിലേക്കാണെങ്കില്‍ തിരിച്ചയക്കുന്ന രാജ്യം കുറ്റക്കാരാകും എന്നാണ് ചട്ടം.
ഇതിനകത്ത് രാഷ്ട്രീയമുണ്ട്.

മുസ്‌ലിംകളെ ആട്ടിയോടിക്കാന്‍ മ്യാന്‍മറില്‍ നേതൃത്വം നല്‍കുന്ന ബുദ്ധ തീവ്രവാദി അഷിന്‍ വിരാതുവിന് ഇന്ത്യയിലെ സംഘ് നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. വിചിത്രമായ ഒരു കൂട്ടുകെട്ടാണ് ഇത്. ബുദ്ധമതത്തെ നിഷ്‌കാസനം ചെയ്യാന്‍ ചോരപ്പുഴ ഒഴുക്കിയ ബ്രാഹ്മണ്യ വൈദിക പ്രത്യയ ശാസ്ത്രവുമായാണ് കാഷായ വേഷധാരികളായ ഈ “ബുദ്ധഭിക്ഷു”ക്കള്‍ കൈകോര്‍ക്കുന്നത്. മുസ്‌ലിം വിരുദ്ധതയെന്ന പൊതു അജന്‍ഡയിലാണ് ഇത് സാധ്യമാകുന്നത്. ഉള്‍ക്കൊള്ളലിന്റെയും ആശ്രയമാകലിന്റെയും ബഹുസ്വരതയുടെയും ദേശീയ പാരമ്പര്യത്തോട് പേരിനെങ്കിലും ബഹുമാനമുണ്ടെങ്കില്‍ രണ്ട് സാധ്യതകള്‍ കേന്ദ്ര സര്‍ക്കാറിന് മുന്നിലുണ്ട്. ഈ മനുഷ്യര്‍ക്ക് സമാധാനപൂര്‍ണമായ ജീവിതത്തിനും പൗരത്വത്തിനും അവസരമൊരുക്കാന്‍ മ്യാന്‍മര്‍ സര്‍ക്കാറിന് മേല്‍ സമ്മര്‍ദം ചെലുത്തുക. ഇന്ത്യ കൈകൊള്ളേണ്ട നേതൃപരമായ നിലപാടാണ് അത്. അതിന് സാധിക്കില്ലെങ്കില്‍, പോകാനൊരിടമില്ലാത്ത ഈ മനുഷ്യര്‍ക്ക് അഭയമാകുക.

Latest