Connect with us

Kerala

ചികിത്സ കിട്ടാതെ മരിച്ച മുരുകന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നല്‍കും

Published

|

Last Updated

തിരുവനന്തപുരം: ചികിത്സനല്‍കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ആംബുലന്‍സില്‍ കിടന്ന് മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

മുരുകന്റെ കുടുംബം രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് തീരുമാനം. മുഴുവന്‍ പണവും ഒരുമിച്ചു നല്‍കുന്നതിനു പകരം പത്തു ലക്ഷം രൂപ മുരുകന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. ഇതിന്റെ പലിശ കുടുംബത്തിനു ലഭ്യമാക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. നിരാലംബരായ മുരുകന്റെ കുടുംബത്തിന് ഇത്ര വലിയ തുക നല്‍കുന്നത് സുരക്ഷിതമാവില്ലെന്ന് കണ്ടാണ് നിശ്ചിതകാലത്തേക്ക്‌ ബാങ്കില്‍ നിക്ഷേപിക്കാനും അതിന്റെ പലിശ പ്രതിമാസം ലഭിക്കുമെന്ന് ഉറപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്.

നേരത്തെ, മുരകുന്റെ ഭാര്യ മുരുകമ്മാളും മക്കളും ബന്ധുക്കളും നിയമസഭാ മന്ദിരത്തിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. അതിനിടെ, നിയമസഭയ്ക്ക് മുന്നില്‍ വച്ച് മുരുകമ്മാളിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. മുരുകന്റെ കുടുംബാംഗങ്ങള്‍ തന്നെ കാണാനെത്തിയ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു. ഇവരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിഡിയോയും മുഖ്യമന്ത്രി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.

Latest