Connect with us

Gulf

അല്‍ സലാമ പദ്ധതി; രണ്ടാംഘട്ടം പ്രവര്‍ത്തന പഥത്തില്‍

Published

|

Last Updated

അല്‍സലാമ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനോദ്ഘാടനം അല്‍സഫ പ്രൈമറി മെഡിക്കല്‍ സെന്ററില്‍ ഡി എച്ച് എ
ഡയറക്ടര്‍ ജനറല്‍ നിര്‍വഹിക്കുന്നു

ദുബൈ: ദുബൈ ഹെല്‍ത് അതോറിറ്റി അല്‍ സലാമ പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവര്‍ത്തന സജ്ജമായെന്ന് അധികൃതര്‍. ഡി എച് എയുടെ കീഴിലുള്ള വിവിധ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് തങ്ങളുടെ കടലാസ് റെക്കോര്‍ഡുകള്‍ക്ക് പകരം ഇലക്ട്രോണിക്‌സ് റെക്കോര്‍ഡ് സംവിധാനം ഉപയോഗപ്രദമാകും. പുതിയ സംവിധാനത്തിലൂടെ 14 ലക്ഷം റെക്കോര്‍ഡുകളാണ് അധികൃതര്‍ ഇലക്ട്രോണിക്‌സ് വല്‍കരിച്ചത്. 11.2 കോടി ഇടപാടുകള്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ചിരുന്നു. 115,181 പുതിയ ഇലക്ട്രോണിക് റെക്കോര്‍ഡുകളാണ് രണ്ടാം ഘട്ടത്തിന്റെ പൂര്‍ത്തീകരണം വരെ ഉണ്ടായിക്കിയത്. മൂന്ന് കോടി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനും രണ്ടാംഘട്ടത്തിന്റെ പൂര്‍ത്തീകരണത്തിലൂടെ സാധിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

രോഗികള്‍ക്ക് ഡോക്ടറെ സന്ദര്‍ശിക്കാനുള്ള അപ്പോയ്ന്റ്‌മെന്റുകള്‍, റേഡിയോളജി വിഭാഗം, ഫാര്‍മസികള്‍, ലാബ് വിവരങ്ങള്‍, ദന്ത രോഗ വിഭാഗം, രോഗികളുടെ പരിശോധനാ വിവരങ്ങള്‍ കൈമാറുന്ന ഉന്നത സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ നിന്നുള്ള വിശദാംശങ്ങള്‍ തുടങ്ങിയവ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട്.
നാദ് അല്‍ ശിബ, മന്‍ഖൂല്‍, അല്‍ ബദഅ, അല്‍ ലുസൈലി, അല്‍ സഫ, സഅബീല്‍ പ്രൈമറി ഹെല്‍ത് ക്ലീനിക്ക് എന്നിവിടങ്ങളില്‍ രണ്ടാം ഘട്ടത്തില്‍ പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്.
ഈ മാസം 18 ഓട് കൂടി ദുബൈ ഹോസ്പിറ്റല്‍, നാദ് അല്‍ ഹമര്‍, കുടുംബ പരിചരണ ക്ലിനിക്കുകള്‍, ദുബൈ ഡയബറ്റിക്‌സ് സെന്ററുകള്‍ എന്നിവിടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. പദ്ധതിയുടെ മൂന്നാം ഘട്ടം ഈ വര്‍ഷം നവംബറോടെ പൂര്‍ത്തീകരിക്കും.

ദുബൈ നഗരത്തെ ആഗോള തലത്തില്‍ കൂടുതല്‍ സ്മാര്‍ടാകുക എന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ ശാക്തീകരിക്കുന്ന വിധത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. തങ്ങളുടെ ചികിത്സാ വിവരങ്ങള്‍ ഡി എച് എയുടെ എല്ലാ സ്ഥാപനങ്ങളിലും ലഭിക്കുന്നതോടൊപ്പം ആരോഗ്യ പരിചരണത്തിന് കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതവുമായ വഴികളൊരുങ്ങുമെന്ന് ഡി എച് എ ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖാതമി പറഞ്ഞു. ദുബൈ കോര്‍പറേറ്റ് ആംബുലന്‍സ് സര്‍വീസ്, എമിറേറ്റ്‌സ് ഐഡി, ബയോസെന്‍ഷ്യ ലാബ്, നാഷണല്‍ റിസര്‍ച് ലാബ്, ഡി എച് എ സി ആര്‍ എം, ദന്ത രോഗ ചികിത്സാ വിഭാഗം, ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ തുടങ്ങിയവയുമായി ബന്ധിപ്പിച്ചതാണ് അല്‍ സലാമ പദ്ധതിയുടെ പ്രവര്‍ത്തന രീതി. ഈ വര്‍ഷം അവസാനത്തോടെ പദ്ധതിയുടെ മുഴുവന്‍ ഘട്ടങ്ങളും പ്രവര്‍ത്തന സജ്ജമാകും.

 

 

Latest