പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഭരണഘടനാ വിരുദ്ധ പരാമര്‍ശമെന്ന് പരാതി

Posted on: August 16, 2017 6:13 pm | Last updated: August 16, 2017 at 6:13 pm
SHARE

മുംബൈ: സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ഭരണഘടനാ വിരുദ്ധ പരാമര്‍ശമുണ്ടായിരുന്നെന്ന ആരോപണവുമായി അഭിഭാഷക. മഹാരാഷ്ട്രാ സ്വദേശിനിയായ രമ വിത്തലറാവി കാലെയാണ് ആരോപണവുമായി രംഗത്തെത്തിയത്.

മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ള പരാതി എം ഐ ഡി സി പോലീസ് സ്‌റ്റേഷനിലാണ് നല്‍കിയിട്ടുള്ളത്. പ്രസംഗത്തില്‍ രാജ്യത്തെ സൂചിപ്പിക്കാന്‍ ഹിന്ദുസ്ഥാന്‍ എന്ന പദം ഉപയോഗിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നാണ് രമ ചൂണ്ടിക്കാണിക്കുന്നത്.

ഭരണഘടനയിലെ ഒന്നാം അനുച്ഛേദം പ്രകാരം ഇന്ത്യ അല്ലെങ്കില്‍ ഭാരത് എന്നാണ് രാജ്യത്തിന്റെ പേരായി പറഞ്ഞിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ എന്ന് ഭരണഘടനയില്‍ ഒരിടത്തും പറഞ്ഞിട്ടില്ല വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസിനോട് രമ പറഞ്ഞു.

ഇന്ത്യയെ ഹിന്ദുസ്ഥാന്‍ എന്ന് വിശേഷിപ്പിച്ച് 125 കോടി ഇന്ത്യക്കാര്‍ക്കും ലോകമെമ്പാടുമുള്ളവര്‍ക്കും മുന്നില്‍ നടത്തിയ പ്രസംഗം ദേശസ്‌നേഹികളെ വേദനിപ്പിക്കുന്നതാണെന്നും രമ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഹിന്ദുസ്ഥാനെന്നു വിശേഷിപ്പിച്ചതിലൂടെ പ്രധാനമന്ത്രി ഭരണഘടനയെ അപമാനിക്കുകയും അനുച്ഛേദം ഒന്ന് ലംഘിക്കുകയുമാണ് ചെയ്തിരിക്കുന്നതെന്നും രമ ചൂണ്ടിക്കാട്ടി