Connect with us

Kerala

നിയമവിരുദ്ധമായി ദേശീയപതാക ഉയര്‍ത്തിയ സംഭവം: മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന് സിപിഐഎം

Published

|

Last Updated

പാലക്കാട്: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് മൂത്താന്‍തറയിലെ സ്‌കൂളില്‍ നിയമവിരുദ്ധമായി ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ കേസെടുക്കണമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി. ഇതിന് ഒത്താശ ചെയ്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കര്‍ശന നിയമനടപടി കൈക്കൊള്ളണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. ഇപ്രകാരം ദേശീയപതാക ഉയര്‍ത്തിയത് നിയമലംഘനവും ദേശീയപതാകയെ അവഹേളിക്കലുമാണ്. മന:പൂര്‍വം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. കേരളത്തില്‍ മന:പൂര്‍വം പലവിധ പ്രകോപനങ്ങള്‍ സൃഷ്ടിച്ചു കലാപങ്ങള്‍ ഉണ്ടാക്കുക എന്ന ആര്‍എസ്എസ്ബിജെപി ദേശീയ നേതൃത്വത്തിന്റെ പദ്ധതിയാണ് ഈ നിയമലംഘനത്തിനു പിന്നിലെന്നും സിപിഐഎം ആരോപിച്ചു.

ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് ആര്‍എസ്എസ് മേധാവി സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ പ്രധാന അധ്യാപകനെതിരെ കേസെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു. പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളിലാണ് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയത്.

എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ പ്രധാന അധ്യാപനോ, ജനപ്രതിനിധികള്‍ക്കോ മാത്രമാണ് അധികാരമെന്ന് ജില്ലാ കലക്ടര്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിനു കലക്ടര്‍ രേഖാമൂലം വിലക്ക് കൈമാറിയിരുന്നു. എന്നാല്‍, കലക്ടറുടെ ഉത്തരവിന് യാതൊരു വിലയുംകല്‍പ്പിക്കാതെയാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്.

Latest