ഹാംബര്‍ഗിലെ എയര്‍ബസ് പ്ലാന്റ് ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു

Posted on: August 16, 2017 5:38 pm | Last updated: August 16, 2017 at 5:38 pm

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ജര്‍മനിയില്‍ ഹാംബര്‍ഗ് എയര്‍ ബസ് പ്ലാന്റ് സന്ദര്‍ശിച്ചു.

ചെറുതും ഇടത്തരവുമായ വലിപ്പമുള്ള എ320 വിമാനങ്ങളുടെ നിര്‍മാണ സ്ഥലമാണ് ശൈഖ് മുഹമ്മദ് ആദ്യമായി സന്ദര്‍ശിച്ചത്. ഡബിള്‍ ഡെക്ക്, വൈഡ് ബോഡി, ഫോര്‍ എന്‍ജിന്‍ ജെറ്റ് എയര്‍ലൈനര്‍ എ380യും ഇവിടെയാണ് നിര്‍മിക്കുന്നത്.
ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, ദുബൈ പ്രോട്ടോകോള്‍ ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ എന്നിവരും ശൈഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു.

ഇവിടെ നിര്‍മിക്കുന്ന എ380 വിമാനങ്ങളുടെ 40 ശതമാനവും സ്വന്തമാക്കുന്നത് എമിറേറ്റ്‌സാണ്. 96 എ380 വിമാനങ്ങളാണ് നിലവില്‍ എമിറേറ്റ്‌സിന്റെ സേവന നിരയിലുള്ളത്. അടുത്ത നവംബറില്‍ വിമാനങ്ങളുടെ എണ്ണം നൂറാകും. എമിറേറ്റ്‌സ് ഗ്രൂപ്പും എയര്‍ ബസും തമ്മിലുള്ള ധാരണ പ്രകാരം 2025ല്‍ എ 380 വിമാനങ്ങളുടെ എണ്ണം 142 ആക്കി വര്‍ധിപ്പിക്കും. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ ജംബോ വിമാനങ്ങളുള്ള കമ്പനിയായി എമിറേറ്റ്‌സ് മാറും.

പ്ലാന്റില്‍ നിര്‍മിക്കുന്ന വിമാനങ്ങളുടെ അകവശവും ശൈഖ് മുഹമ്മദ് നോക്കിക്കണ്ടു. എയര്‍ ബസ് പ്ലാന്റ് മേധാവി ആന്‍ഡ്രിയാസ് ഫെഹ്‌റിംഗ്, എയര്‍ബസ് ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ്രിയാസ് ഫോയിസ്റ്റര്‍ എന്നിവരും ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.
ധാരണ പ്രകാരം ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി എമിറേറ്റ്‌സിനു വേണ്ടിയുള്ള എ380 വിമാനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ശൈഖ് മുഹമ്മദ് പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ചു.