Connect with us

Gulf

അടിയന്തര ഘട്ടങ്ങളില്‍ ജലകൈമാറ്റത്തിന് ദുബൈയും അബുദാബിയും ധാരണ

Published

|

Last Updated

സഈദ് മുഹമ്മദ് അല്‍ തായറും ഡോ. സൈഫ് സാലിഹ് അല്‍ സിയാരിയും ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നു

ദുബൈ: അടിയന്തര സാഹചര്യങ്ങളിലും മറ്റു ആവശ്യങ്ങള്‍ക്കും പരസ്പരം ജലം കൈമാറാന്‍ അബുദാബിയും ദുബൈയും ധാരണയായി. ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ)യും അബുദാബി വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി അതോറിറ്റി (അഡ്‌വിയ)യുമാണ് ഇതുസംബന്ധിച്ച് കരാറൊപ്പിട്ടത്.

ജല സംരക്ഷണവും സുസ്ഥിരതയും ഉറപ്പുവരുത്താനും പുതിയ ജലസ്രോതസുകള്‍ ആരംഭിക്കാനുമുള്ള ഇരുകൂട്ടരുടെയും കാഴ്ചപ്പാടിന്റെ ഭാഗമായാണ് കരാര്‍. യു എ ഇ ഫെഡറല്‍ ഗവണ്‍മെന്റിന്റെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതുകൂടിയാണ് ധാരണ.
ദിവക്ക് വേണ്ടി സി ഇ ഒയും എം ഡിയുമായ സഈദ് മുഹമ്മദ് അല്‍ തായറും അഡ്‌വിയക്ക് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഡോ. സൈഫ് സാലിഹ് അല്‍ സിയാരിയുമാണ് കരാറൊപ്പുവെച്ചത്.

ജലസംരക്ഷണം ഉറപ്പുവരുത്താനുള്ള തങ്ങളുടെ സംയുക്ത ശ്രമങ്ങളെ പിന്തുണക്കുന്നതാണ് കരാറെന്ന് സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. രാജ്യത്തിന്റെ ജലസ്രോതസുകളെ സംരക്ഷിക്കുന്നതോടൊപ്പം സുസ്ഥിര പരിസ്ഥിതി ദൃഢമാക്കാനുള്ള യു എ ഇ വിഷന്‍ 2021ന്റെ പ്രവര്‍ത്തനങ്ങളുടെ നേട്ടംകൂടിയാണിത്. ദുബൈക്കും അബുദാബിക്കുമിടയിലുള്ള ജലവിതരണ സംവിധാനം മെച്ചപ്പെടുത്താനും ദിവയും അഡ്‌വിയയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും കരാര്‍മൂലം സാധിക്കുമെന്ന് അല്‍ തായര്‍ വ്യക്തമാക്കി. ഇരു എമിറേറ്റുകള്‍ക്കുമിടയില്‍ ജലവിതരണ ശൃംഖല വിപുലപ്പെടുത്താനുള്ള തീരുമാനത്തെകുറിച്ച് 2007 മുതല്‍ തന്നെ ആലോചിച്ചുവന്നിരുന്നതായി അല്‍ തായര്‍ വ്യക്തമാക്കി.

നിര്‍ണായക ഘട്ടങ്ങളിലെ സഹായത്തിനും ജലശോഷണം തടയാനും ഇതുമൂലമാകും. ധാരണപ്രകാരം ജല ശൃംഖലകളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഇരുകൂട്ടരും സാധ്യതാപഠനം നടത്തുമെന്നും അല്‍ തായര്‍ പറഞ്ഞു.

Latest