ബ്ലൂ വാട്ടറില്‍ കൂറ്റന്‍ ശീതീകരണ പദ്ധതി

Posted on: August 16, 2017 5:07 pm | Last updated: August 16, 2017 at 5:07 pm
SHARE

ദുബൈ: മിറാസ് ഹോള്‍ഡിങ് നിര്‍മിക്കുന്ന ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമായ ബ്ലൂ വാട്ടര്‍ ഐലന്‍ഡിന് കേന്ദ്രീകൃത ശീതീകരണ സംവിധാനം. 25000 ടണ്‍ ശീതീകരണ പദ്ധതി പൂര്‍ത്തിയായതായി എംപവര്‍ സി ഇ ഒ അഹ്മദ് ബിന്‍ ശഫാര്‍ അറിയിച്ചു. ബ്ലൂ വാട്ടറിലെ താമസ, വാണിജ്യ കേന്ദ്രങ്ങളെയും ഹോട്ടലുകളെയും തണുപ്പിക്കാന്‍ ഇത് പര്യാപ്തമാണ്. പദ്ധതിയുടെ നിര്‍വഹണം റിക്കാര്‍ഡ് വേഗത്തിലാണ് നടപ്പായത്. 2015 ഒക്ടോബറിലാണ് മിറാസ് ഹോള്‍ഡിങ്ങും എംപവറും കരാര്‍ ഒപ്പിട്ടത്. ഏറ്റവും ആധുനിക സേവന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

50 ശതമാനം ഊര്‍ജം ലാഭിക്കാന്‍ പര്യാപ്തമായ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ, ആശയമായ സുസ്ഥിര പദ്ധതിക്ക് അനുയോജ്യമാണിതെന്നും അഹ്മദ് ബിന്‍ ശഫാര്‍ പറഞ്ഞു.

കുടുംബങ്ങള്‍ക്കും മറ്റും താമസിക്കാനും ഉല്ലസിക്കാനും വിപുലമായ സൗകര്യമാണ് ബ്ലൂ വാട്ടര്‍ ഏര്‍പ്പെടുത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ വീല്‍ ഇവിടെ പൂര്‍ത്തിയായിവരുന്നു.